08 April, 2019 01:45:59 PM


എല്ലാ മണ്ഡലങ്ങളിലും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണണം: സുപ്രീം കോടതി



ദില്ലി: പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലെയും അഞ്ച് വീതം വിവിപാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണണമെന്ന് സുപ്രീം കോടതി. നിലവില്‍ ഒരു വിവിപാറ്റ് മെഷീനിലെ രസീതുകളാണ് എണ്ണുന്നത്. അമ്പതു ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യമാണ് പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഇത്രയധികം വിവിപാറ്റുകള്‍ എണ്ണുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്നും ഫലപ്രഖ്യാപനം ദിവസങ്ങള്‍ നീളുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു.


എന്നാല്‍ ജനാധിപത്യത്തില്‍ എല്ലാവരേയും കേള്‍ക്കണമെന്ന് പറഞ്ഞ ചീഫ് ജസ്റ്റീസ് രജ്ഞന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച്, അഞ്ച് വിവിപാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണണമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു. യാദൃശ്ചികമായി തെരഞ്ഞെടുക്കുന്ന അഞ്ച് വിവിപാറ്റുകളാണ് എണ്ണുക. ഏതൊക്കെയാണ് എണ്ണേണ്ടാതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കണം. 2700 ഓളം വിവിപാറ്റുകളാണ് ഇത്തവണ എണ്ണേണ്ടി വരും. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൃത്യതയും സംതൃപ്തിയും ഉറപ്പാക്കാന്‍ ഈ നടപടി വേണം. രാഷ്ട്രീയ കക്ഷികള്‍ മാത്രമാല്ല പാവപ്പെട്ടവരും തൃപ്തരാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.


നിലവില്‍ ഒരു മണ്ഡലത്തിലെ ഒരു വിവിപാറ്റ് മെഷീനിനെ രസീതുകളാണ് എണ്ണുന്നത്. ഇത് അഞ്ചായി ഉയരുന്നതുകൊണ്ട് സമയനഷ്ടമുണ്ടാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് പരാതിയുണ്ടെങ്കില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്താം. അപ്പോള്‍ വേണ്ടിവന്നാല്‍ മുഴുവന്‍ വിവിപാറ്റ് രസീതുകള്‍ എണ്ണാനാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.


50% വിവിപാറ്റ് മെഷീനുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ കക്ഷികളണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ചില മണ്ഡലങ്ങളില്‍ 400 പോളിംഗ് സ്‌റ്റേഷനുകള്‍ വരെയുണ്ടെന്നും ഇത്രയധികം മെഷീനുകള്‍ എണ്ണിയാല്‍ ഫലപ്രഖ്യാപനം ഒമ്പത് ദിവസം വരെ നീളുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. ലോക്‌സഭയിലെ 545 സീറ്റുകളില്‍ 543 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് അംഗങ്ങളെ നോമിനേറ്റ് ചെയ്യുകയാണ്. കോടതിയുടെ ഉത്തരവോടെ രാജ്യത്തെ 543 മണ്ഡലങ്ങളിലെ 2715 വിവിപാറ്റ് മെഷീനകളിലെ രസീതുകള്‍ എണ്ണേണ്ടിവരുമെന്ന് ഉറപ്പായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K