05 April, 2019 06:55:08 AM
സംസ്ഥാനത്താകെ 303 പത്രികകൾ; രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രമുഖർക്കെതിരെ അപരൻമാരുടെ വിളയാട്ടം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 303 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അവസാന ദിവസമായ ഇന്ന് 149 പേർ പത്രിക നൽകി. 23 വീതം സ്ഥാനാർത്ഥികളുള്ള വയനാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ ജനവിധി തേടാൻ ഒരുങ്ങുന്നത്. ഇടുക്കിയിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. 9 പേരാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള മത്സരത്തിനായി പത്രിക സമർപ്പിച്ചത്. നാളെയാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. ഏപ്രിൽ എട്ടിനാണ് പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കുന്നത്.
ആകെയുള്ള 303 സ്ഥാനാർത്ഥികളിൽ നിരവധി അപരൻമാരും മത്സര രംഗത്തുണ്ട്. വയനാട്ടിൽ ജനവിധി തേടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രണ്ട്  അപരസ്ഥാനാർത്ഥികളാണ് മത്സരിക്കാനൊരുങ്ങുന്നത്. കോട്ടയം എരുമേലി സ്വദേശിയായ കെ ഇ രാഹുൽ ഗാന്ധിയും തമിഴ്നാട് സ്വദേശി കെ രാകുൽ ഗാന്ധിയുമാണ് കോൺഗ്രസ് ദേശീയ അധ്യക്ഷന്‍റെ അപരൻമാർ. ഇവരെക്കൂടാതെ തൃശൂർ സ്വദേശിയായ കെ എം ശിവപ്രസാദ് ഗാന്ധിയും വയനാട്ടിൽ മത്സരിക്കുന്നുണ്ട്. 
കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയായ എം കെ രാഘവനെതിരെ നാല് അപരൻമാരും എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രദീപ് കുമാറിനെതിരെ മൂന്നും അപരൻമാർ പത്രിക നൽകിയിട്ടുണ്ട്. പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഇ ടി മുഹമ്മദ് ബഷീറിന് മൂന്നും എൽഡിഎഫിന്‍റെ പിവി അൻവറിന് രണ്ടും അപരൻമാരുണ്ട്.
പത്തനംതിട്ടയിലെയും ആറ്റിങ്ങലിലെയും എൻഡിഎ സ്ഥാനാർത്ഥികളായ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പുതിയ സെറ്റ് പത്രിക നൽകി. കൂടുതൽ കേസുകൾ ഉള്ള സാഹചര്യത്തിലാണ് ഇരുവരും പുതിയ പത്രിക നൽകിയത്. 11 കേസുകളുണ്ടെന്ന് കാണിച്ചാണ് ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ആദ്യം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. എന്നാൽ ഇന്ന് നൽകിയ പുതിയ നാമനിർദ്ദേശ പത്രികയിൽ  ശോഭാ സുരേന്ദ്രന്‍റെ പേരിൽ 38 കേസുകളുണ്ടെന്ന് വ്യക്തമാക്കുന്നു. 
കെ സുരേന്ദ്രൻ ആദ്യം സമർപ്പിച്ച നാമനിദ്ദേശ പത്രികയിൽ  തന്‍റെ പേരിൽ 20കേസുകൾ ഉണ്ടെന്നാണ് കാണിച്ചിരുന്നത്. എന്നാൽ സുരേന്ദ്രനെതിരെ 242 കേസുകൾ  ഉണ്ടെന്നാണ് സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഇതോടെ പത്രിക തള്ളിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണ് സുരേന്ദ്രൻ പുതിയ സെറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തന്‍റെ പേരിൽ 240 കേസുകളുണ്ടെന്നാണ് നാമനിർദ്ദേശ പത്രികയോടൊപ്പമുള്ള പുതിയ സത്യവാങ്ങ്മൂലത്തിൽ സുരേന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്.
                    
                                
                                        



