23 October, 2022 09:16:55 AM


അനിയത്തിക്ക് ശ്വാസം കിട്ടാതെയായി, കോളേജിൽ പഠിച്ച പാഠങ്ങൾ പ്രയോ​ഗിച്ച് 17 -കാരി, ജീവൻ തിരിച്ച് കിട്ടി





നമ്മുടെ കൂടെയുള്ള ഒരാൾക്ക് വയ്യാതെ ആയാൽ എന്ത് ചെയ്യണം എന്നതിൽ നമുക്കൊക്കെ ആദ്യം ഒരു ആശങ്കയുണ്ടാകും. ചിലപ്പോൾ, സ്കൂളിൽ നിന്നടക്കം പ്രാഥമിക ശുശ്രൂഷാ പാഠങ്ങൾ പഠിച്ചിട്ടുണ്ട് എങ്കിലും ആ സമയങ്ങളിൽ അതൊന്നും മനസിൽ വരണം എന്നില്ല. എന്നാൽ, ഇവിടെ ഒരു 17 -കാരി ആ പാഠങ്ങൾ പ്രായോ​ഗികമാക്കി രക്ഷിച്ചത് തന്റെ ആറുവയസുകാരിയായ അനുജത്തിയുടെ ജീവനാണ്. ഗ്വിനെഡിലാണ് സംഭവം. 

എമ്മ എന്ന പതിനേഴുകാരിയാണ് അനിയത്തി മാ​ഗിയുടെ ജീവൻ രക്ഷിച്ചത്. അവരുടെ കുടുംബം നടത്തുന്ന കഫേയിലായിരുന്നു സംഭവം നടക്കുമ്പോൾ ഇരുവരും. അവിടെ വച്ച് മാ​ഗിക്ക് പെട്ടെന്ന് ശ്വസിക്കാൻ കഴിയാതെ വരികയായിരുന്നു. 

എന്നാൽ, ഈ സംഭവം നടക്കുന്നതിന് 48 മണിക്കൂർ മുമ്പാണ് കോളേജ് വിദ്യാർത്ഥിനിയായ എമ്മ ഇത്തരം സാഹചര്യത്തിൽ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് പഠിച്ചത്. അപ്പോൾ തന്നെ അവൾ അത് ഉപയോ​ഗിച്ചു. ശ്വാസം വീണ ശേഷം മാ​ഗി സഹോദരിയോട് ആദ്യം പറഞ്ഞ വാക്കുകൾ 'ഐ ലവ് യൂ' എന്നായിരുന്നു. 

'ഞാൻ അടുക്കളയിൽ പാത്രം കഴുകുക ആയിരുന്നു. അപ്പോഴാണ് മാ​ഗി അടുത്ത് വന്ന് നിന്നത്. അവൾ സോസേജ് കഴിക്കുകയായിരുന്നു. പെട്ടെന്ന് അത് കുടുങ്ങി ശ്വാസം കിട്ടാതെ ആയി. അവൾക്ക് ശ്വാസം കഴിക്കാനായില്ല. അവളുടെ മുഖമെല്ലാം ചുവന്ന് വന്നു, സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല' എന്ന് എമ്മ പറയുന്നു. 


ഈ സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് കോളേജിൽ നടന്ന ഒരു ഫസ്റ്റ് എയ്‍ഡ് കോഴ്സിൽ എമ്മ പങ്കെടുത്തത്. ഭക്ഷണം കുടുങ്ങി ശ്വാസം കിട്ടാതെ ആയാൽ എന്ത് ചെയ്യണം എന്നും ആ കോഴ്സിൽ പഠിപ്പിച്ചിരുന്നു. അത് എമ്മ അങ്ങനെ തന്നെ അനിയത്തിയെ സഹായിക്കാൻ പ്രയോ​ഗിച്ചു. മാ​ഗിക്ക് ശ്വാസം വീണ്ടുകിട്ടി. താൻ ഹാപ്പി ആയി എന്ന് എമ്മയും പറയുന്നു. 

എമ്മയെ കുറിച്ചോർക്കുമ്പോൾ അഭിമാനം തോന്നുന്നു എന്നും ആ സമയം എമ്മ അവിടെ ഇല്ലായിരുന്നു എങ്കിൽ മാ​ഗിയുടെ ജീവൻ പോലും നഷ്ടപ്പെട്ടേനെ എന്നും ഇരുവരുടെയും അമ്മയും പറയുന്നു. ഏതായാലും ഇത്തരം കാര്യങ്ങളെല്ലാം പഠിച്ചു വയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ് അല്ലേ? എപ്പോഴാണ് നമ്മുടെ കൂടെയുള്ള മനുഷ്യർക്ക് അത് ആവശ്യം വരിക എന്ന് അറിയില്ലല്ലോ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K