27 May, 2023 04:28:17 PM


1

രാമായണതത്വം

സ്വാമി പൂർണാമൃതാനന്ദ പുരി

രാമായണ തത്ത്വം മനസ്സിലാക്കിക്കഴിഞ്ഞാൽ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വിജയം വരിക്കാൻ സാധിക്കും. തത്ത്വങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക്, അതിന്‍റെ അത്യഗാധമായ അറിവിന്‍റെ അടിത്തട്ടിലേയ്ക്ക് കടന്നു ചെല്ലാൻ സാധിക്കും. അമൂല്യമായ മുത്തുമണികൾ കണ്ടെത്താൻ സാധിക്കും. ജീവിതത്തിൽ നമുക്കു കിട്ടുന്ന ദുഖാനുഭവങ്ങളെ മറികടക്കാനുള്ള കരുത്ത് ആർജ്ജിക്കാൻ സാധിക്കും.

രാമായണം ബാഹ്യമായി നടന്ന ഒരു ചരിത്രകഥ മാത്രമല്ല. ആന്തരികലോകത്തിൽ നടന്നു കൊണ്ടിരിക്കുന്ന കഥയുമാണ്. ബാഹ്യമായി ഈ പ്രപഞ്ചത്തിൽ നാം ദർശിക്കുന്നതൊക്കെ ആന്തരികമായി നമ്മുടെ ഉള്ളിലുള്ള സ്വഭാവങ്ങളുടെ പ്രതിഫലനമാണ്.

ബാഹ്യപ്രപഞ്ചം നമ്മുടെ ഉള്ളിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് നമ്മുടെ ഉള്ളിൽ ഇല്ലാത്തതൊന്നും ബാഹ്യലോകത്തിൽ നമുക്ക് കാണാൻ സാധിക്കില്ല.

ഇവിടെ വാൽമീകി മഹർഷി കണ്ട് രാമായണം തന്‍റെ ഉള്ളിൽ ഓരോ കഥാപാത്രങ്ങളേയും കണ്ട് എഴുതിയതാണ്.

     അത് ചരിത്ര സംഭവമാണ്.

      പക്ഷേ അത് നമ്മുടെ ഉള്ളിൽ നടന്നുകൊണ്ടേയിരിക്കുന്നു.

എപ്പോൾ രാമരാവണയുദ്ധത്തിൽ രാവണനെ ജയിക്കാന്‍  സാധിക്കുന്നുവോ അപ്പോഴാണ് ജീവിതത്തിന്‍റെ യഥാർത്ഥ മാധുര്യം നമുക്ക് അനുഭവിക്കാൻ സാധിക്കുക.

വാത്മീകി രണ്ടു രണ്ട് രാജ്യങ്ങളിൽ നടന്ന കഥയാണ് നമുക്ക് ഇവിടെ പറഞ്ഞു തരാൻ ശ്രമിക്കുന്നത്.

ഒന്ന് ഒരിക്കലും യുദ്ധമുണ്ടാകാത്ത അയോദ്ധ്യയിലും മറ്റേത് യുദ്ധഭൂമിയായ ലങ്കയിലും. ഇങ്ങനെ രണ്ടു ധ്രുവങ്ങളെ പരിചയപ്പെടുത്തിത്തരുന്നു. യുദ്ധമില്ലാത്ത അയോദ്ധ്യ.

അത് അസ്വസ്ഥതകളില്ലാത്ത സംഘർഷങ്ങളില്ലാത്ത മനുഷ്യഹൃദയം. പരിശുദ്ധമായ ഹൃദയം. ഈ ഹൃദയത്തിലാണ് രാമൻ ആവിർഭവിക്കുന്നത്. രാമൻ എന്നു പറഞ്ഞാൽ പരമാത്മാവ്.

പരമാത്മാവിന്‍റെ പ്രതീകമായ രാമൻ സൂര്യവംശത്തിൽ ജ്ഞാനസൂര്യനായി ഉള്ളിലുദിക്കുന്ന ദിവസമാണ് അന്ധകാരം സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ അവസാനിക്കുക.

അന്ധകാരത്തിൽ കഴിയുന്നിടത്തോളം കാലം നമുക്ക് ഈശ്വരന്‍റെ സ്വഭാവമായിരിക്കില്ല ഉണ്ടാവുക. അന്ധകാരത്തിൽ കഴിയുമ്പോൾ നിശാചരന്മാരാകുന്നു. രാത്രി സഞ്ചാരികളാകുന്നു.

അവ്യക്തതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

അവ്യക്തമായ കാഴ്ചകൾ കാണുന്നു.

അവശ്യമില്ലാതെ ഭയക്കുന്നു.

മായക്കാഴ്ചകൾ പലതും ഈ ദൃശ്യപ്രപഞ്ചത്തിൽ നാം കാണുന്നു. അതാണ് ജീവിതത്തിൽ സംഭവിക്കുന്ന വിഡ്ഢിത്തം.

ഇവിടെ കാണുന്ന പ്രപഞ്ചം നമ്മൾ കാണുന്നതു പോലെയല്ല എന്ന് ആചാര്യന്മാർ ആവർത്തിച്ചു പറഞ്ഞിട്ടും ഇല്ലാത്ത പ്രപഞ്ചത്തിൽ ഇല്ലാത്ത ദുഃഖങ്ങൾ അനുഭവിച്ച് ജീവിതത്തിന്‍റെ അമൂല്യമായ ഓരോ നിമിഷവും മനുഷ്യൻ പാഴാക്കി കളയുന്നു.

ഇവിടെ ജീവിതത്തിലെ ഓരോ നിമിഷവും

നമുക്ക് ആസ്വദിക്കണമെന്നുണ്ടെങ്കിൽ അന്ധകാരം മാറണം.

ഈ അജ്ഞതയുടെ അന്ധകാരം.

അതിൽ കഴിയുന്നിടത്തോളം കാലം ഇതൊരു യുദ്ധഭൂമിയാണ്. 

ഈ യുദ്ധഭൂമിയിൽ സ്വസ്ഥത കിട്ടാൻ എളുപ്പമല്ല. 

നമ്മുടെ ഹൃദയത്തിനുള്ളിൽ അഹങ്കാരത്തിന്‍റെ അന്ത്യം ഉണ്ടാകുമ്പോൾ അജ്ഞതയുടെ അന്ത്യം സംഭവിക്കുമ്പോള്‍ ജ്ഞാനസൂര്യോദയം താനേ ഉണ്ടാകുന്നു. അപ്പോൾ മാത്രമേ, നമുക്ക് ജീവിതം ആസ്വദിക്കാൻ സാധിക്കുകയുള്ളു. ഇപ്പോൾ നിശാചരന്മാരുടെ അവസ്ഥയിലാണ്. രാക്ഷസസ്വഭാവമാണ് നമ്മളിൽ ഉള്ളത്. ഈശ്വരന്‍റെ ഗുണങ്ങളൊന്നും വിളങ്ങുന്നില്ല.

അമ്മ പറയാറുണ്ട് എല്ലാവരും ഈശ്വരനാണെങ്കിലും നമുക്കുള്ളത് ഈച്ചയുടെ സ്വഭാവമാണെന്ന്. ഈച്ച മധുര പലഹാരങ്ങളിലും പോയി ഇരിക്കും. പിന്നെ പലയിടത്തും ഇരിക്കും. ഇതേപോലെയാണ് മനുഷ്യമനസ്സ്. മനുഷ്യമനസ്സിന് കുറേ നേരം ഈശ്വരന്‍റെ കാര്യങ്ങളൊക്കെ ഓർക്കാൻ ഇഷ്ടമായിരിക്കും. പക്ഷേ മറ്റു പല അവസരങ്ങളിലും മലിനമായ ചിന്തകളിലായിരിക്കും വ്യാപൃതമാകുന്നത്. അതുകൊണ്ട് ഈശ്വരന്‍റെ സ്വഭാവങ്ങളൊന്നും പ്രകടമാകാതെ പോകുന്നു. രാക്ഷസീയ സ്വഭാവങ്ങൾ പ്രകടമാകുന്നു. അപ്പോഴാണ് അഹങ്കാരത്തിന്‍റെ തലകൾ അറുക്കാൻ പ്രകൃതി ചില അടവുകൾ പ്രയോഗിക്കുന്നത്.

രാവണനെ പോലെ ഭയങ്കര മിടുക്കനായിരിക്കും,

ഭയങ്കര ബുദ്ധിമാനായിരിക്കും, അജയ്യനായിരിക്കും

എല്ലാ ശക്തികളും ഉള്ള ആളായിരിക്കും. പക്ഷേ ഇവിടെ പ്രകൃതിക്ക് ഓരോ തലകളും അറുക്കാൻ ആയുധങ്ങൾ അനവധി ഉള്ളതുകൊണ്ട് ഈ അഹങ്കാരമൊന്നും കണ്ട് പ്രകൃതി ഒതുങ്ങില്ല.

എത്ര വലിയ അഹങ്കാരിയുടേയും അഹങ്കാരത്തെ തകർക്കാൻ പറ്റുന്ന ആയുധശേഖരം പ്രകൃതിയുടെ പക്കലുണ്ട്. ഇന്നല്ലെങ്കിൽ നാളെ അത് നമ്മുടെ നേരെ പ്രയോഗിക്കപ്പെടും. അന്ന് നിസ്സഹായനായി വിലപിക്കുന്ന നിമിഷങ്ങൾ ഓരോരുത്തരുടേയും ജീവിതത്തിൽ ഉണ്ടാകും.

അവിടെയാണ് ഈ ജ്ഞാന സൂര്യോദയത്തിന്‍റെ ആവശ്യം നമുക്കു മനസ്സിലാവുക. പരമാത്മചൈതന്യം ഉദിക്കാൻ തയ്യാറായി നമ്മുടെ ഉള്ളിൽ ഉണ്ട് എങ്കിലും ആ സൂര്യോദയം കാണുവാനുള്ള ഭാഗ്യമില്ലാതെ അന്ധകാരത്തിൽ കഴിഞ്ഞ് അന്ധനായി മരിക്കുന്നു. മനുഷ്യൻ ഈ വിഡ്ഢിത്തം ആവർത്തിക്കാതിരിക്കാൻ ഈ ജ്ഞാനസൂര്യോദയം
ഉണ്ടാകുവാനുള്ള രഹസ്യങ്ങൾ രാമായണത്തിലൂടെ വാൽമീകി മഹർഷി പകർന്നു തരുന്നു. ഇവിടെ സൂര്യോദയം സംഭവിക്കണമെന്നുണ്ടെങ്കിൽ സംഘർഷങ്ങളില്ലാത്ത ഒരു മനസ്സു വേണം. അതിന് രത്നാകരന്‍റെ സമർപ്പണം വരണം. രാമനാമ ജപത്തിലൂടെ സത്കർമ്മങ്ങളിലൂടെ അത് സാധ്യമാകും. ജ്ഞാനസൂര്യോദയത്തിനായി ഈ രാമായണമാസത്തിൽ നമുക്ക് രാമായണ പാരായണം ചെയ്ത് വേണ്ട പരിശുദ്ധി ആർജിക്കാം.

നമുക്കു് അഞ്ച് കർമ്മേന്ദ്രിയങ്ങളും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും ഉണ്ട്. അതാണ് പത്ത് രഥങ്ങള്‍. പത്തു ഇന്ദ്രിയങ്ങളാകുന്ന രഥങ്ങളേയും വരുതിക്കു നിർത്തിയ ആളാണ് ദശരഥൻ. നമ്മുടെ പത്തു രഥങ്ങളും രഥങ്ങൾക്കിഷ്ടമുള്ള രീതിയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.  പാവം യാത്രക്കാരൻ കുഴയും. പത്ത്  ഇന്ദ്രിയങ്ങളേയും വശത്തിലാക്കിയ ദശരഥന്‍റെ ഹൃദയത്തിലാണ് ജ്ഞാനസൂര്യൻ ഉദിക്കുക.

നമുക്കു വേണമെങ്കിൽ ദശരഥനോ ദശമുഖനോ ആകാം. ഇപ്പോൾ ദശരഥനാണോ ദശമുഖനാണോ എന്നു സ്വയം ചിന്തിച്ചാൽ മതി. പത്ത് ഇന്ദ്രിയങ്ങളേയും അധീനത്തിലാക്കിയവൻ ദശരഥൻ. അവന്‍റെ ഉള്ളിൽ ജ്ഞാനസൂര്യോദയം ഉണ്ടാകുന്നു.

അഹങ്കാരം അസ്തമിക്കുന്നു.

പത്ത് ഇന്ദ്രിയങ്ങളുടെ അധീനത്തിലായവൻ ദശമുഖൻ.

അവൻ അന്ധകാരത്തിൽ കഴിയേണ്ടി വരുന്നു. 
ജീവിതം ഒരു യുദ്ധമായി മാറുന്നു. ഇന്ദ്രിയങ്ങളുടെ അടിമയായി ഇന്ദ്രിയങ്ങളുടെ ഇഷ്ടത്തിനൊത്ത് ജീവിക്കുന്ന ആൾ ദശമുഖന്‍റെ അവസ്ഥയിൽ എത്തിച്ചേരും. വലിയ പ്രതാപത്തിലൊക്കെ എത്തിച്ചേർന്നു എന്നു വിചാരിക്കാം. സ്വർണ്ണമയമായ ലങ്കയിലാണ് വസിക്കുന്നത്.

സൗഭാഗ്യങ്ങളുടെ നടുവിലാണ് വസിക്കുന്നത്.

എങ്കിലും രാക്ഷസന്മാരുടെ നടുവിൽ രാക്ഷസീയ സ്വഭാവങ്ങളുടെ നടുവിലാണ് കഴിയുന്നത്. ഒരിക്കൽ ഇതിനെയൊക്കെ തകർക്കുവാൻ ഈശ്വരൻ എത്തിച്ചേർന്നു എന്നു വരും. അഹങ്കാരത്തിന്‍റെ തല അറുത്തു മാറ്റേണ്ടിവരും. ഈ അന്ധകാരം അധികകാലം അനുവദിച്ചു
കൊടുക്കുവാൻ സാധിക്കില്ല. അധർമ്മം അധികനാൾ അനുവദിക്കാൻ മാറ്റേണ്ടിവരും. പ്രകൃതിക്ക് സാധിക്കില്ല. അങ്ങനെയിരിക്കുമ്പോഴായിരിക്കും ചിലപ്പോൾ മാറാവ്യാധികളുടെ രൂപത്തിൽ തീരാദു:ഖങ്ങളുടെ രൂപത്തിൽ യാതനകളുടേയും വേദനകളുടേയും രൂപത്തിൽ പ്രകൃതി തല അറുക്കുവാൻ ശ്രമിക്കുന്നത്. അപ്പോൾ കിടന്നു പിടഞ്ഞിട്ടു കാര്യമില്ല. ഈശ്വരനെ നേരത്തെ തന്നെ നമ്മുടെ ഉള്ളിൽ ഉദയം ചെയ്യുവാൻ അനുവദിക്കുക. പരമാത്മാവിനെ ഉദയം ചെയ്യുവാൻ അനുവദിക്കുക. ഉള്ളിലുള്ള ഈശ്വരനിലേയ്ക്ക് ജീവാത്മായ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കണം. നമ്മുടെ ഉള്ളിൽ തന്നെ രാമനുണ്ട്. നമ്മുടെ ഉള്ളിൽ തന്നെ സീതാദേവിയുണ്ട്. നമ്മുടെ ഉള്ളിൽ തന്നെ രാമായണത്തിലെ സകല കഥാപാത്രങ്ങളുമുണ്ട്.

ഈശ്വരനോടൊപ്പമാണ് മനസ്സെങ്കിൽ ലോകത്തിന്‍റെ എതു കോണിൽ ജീവിച്ചാലും   അവിടെ സൗഭാഗ്യങ്ങൾ വിളയാടും. സീതാദേവി ശ്രീരാമനോടൊപ്പം അയോദ്ധ്യയിൽ ഉണ്ടായിരുന്നപ്പോഴുണ്ടായിരുന്ന അതേ സന്തോഷം കാട്ടിൽ കിട്ടിയത്രേ. കാരണം മനസ്സ് ഈശ്വരനിലായിരുന്നു. പരമാത്മ ചൈതന്യത്തോടു ചേർന്നായിരുന്നു ജീവാത്മാവു വസിച്ചത്. പൊന്മാന്‍റെ പിന്നാലെ പോയപ്പോഴാണ് സകല ദുഃഖങ്ങളും സംഭവിച്ചത്.

മനസ്സ് ഭൗതികമായ ആകർഷണ വസ്തുക്കളിലേയ്ക്കു തിരിഞ്ഞു. അത് ഈശ്വരനിൽ നിന്ന് അകറ്റി. വിമാനവേഗതയിൽ അധഃപതനത്തിന്‍റെ പടുകുഴിയിലേയ്ക്ക് തള്ളിയിട്ടു. രാക്ഷസിമാരുടെ നടുവിൽ എത്തിച്ചേർന്നു. അവിടെ നിന്നു രക്ഷപെടുവാൻ അത്ര എളുപ്പമല്ല. വളരെ വൈകിയായിരിക്കും വിവേകം ഉദിക്കുക. പിന്നെ രക്ഷപെടുവാൻ വളരെ താമസിക്കേണ്ടി വരുന്നു.

തപസ്സിൽ ഏർപ്പെടേണ്ടി വരുന്നു. സീതാദേവി അശോക വനത്തിൽ കഴിഞ്ഞതൊക്കെ ഓർത്തു ദു:ഖിച്ചു കഴിയുകയായിരുന്നില്ല.

ഈശ്വരസ്മരണയിൽ കഴിയുകയായിരുന്നു.

അങ്ങനെ ശ്രീരാമചന്ദ്രൻ ലങ്കയിൽ എത്തുന്നു.

എങ്ങനെയാണ് എത്തിയത്? വാനരസേനയും കൊണ്ടാണ് വന്നത്. ഈ വാനരസേന നമ്മുടെ ഉള്ളിൽ തന്നെയുണ്ട്.

ഈശ്വരനിൽ നിന്നും അകന്നു കഴിയുന്ന മനസ്സിനെ ഈശ്വരനിലേയ്ക്കു കൊണ്ടുവന്ന് ഒരുമിപ്പിക്കുവാൻ വാനരസേന തന്നെ വേണ്ടി വരുന്നു. നമ്മുടെ മനസ്സിന്‍റെ സ്വഭാവം വാനരന്‍റെ സ്വഭാവമാണ്. മനസ്സിന് അടങ്ങി ഇരിക്കാൻ സാധിക്കില്ല. എപ്പോഴും എന്തെങ്കിലും ചിന്തിച്ചു കൊണ്ടിരിക്കണം. ഒന്നും ചിന്തിക്കാനില്ലെങ്കിൽ എന്തെങ്കിലും ചിന്തിച്ചു വിഷമിച്ചു കൊണ്ടിരിക്കണം. കുരങ്ങിന്‍റെ സ്വഭാവമുള്ള മനസ്സ്. ഒരു മനസ്സല്ല ഉള്ളത് ഓരോ സമയത്തും ഓരോ മനസ്സാണ്. രാവിലെയുള്ള മനസ്സല്ല ഉച്ചയ്ക്കുള്ളത്. ഇങ്ങനെ മനസ്സ് ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നു. ചിന്തകളുടെ എണ്ണം അനവധി ആയതുകൊണ്ട് ഈ വാനരസേനയുടെ ബലം സങ്കല്പിക്കാൻ സാധിക്കുന്നതിലും അപ്പുറമാണ്. ഈ വാനരസേനയെ നിയന്ത്രിക്കുവാൻ അറിയുമെങ്കിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കും. മനസ്സിലെ ചിന്താ പ്രവാഹത്തിനു കടിഞ്ഞാണിടാൻ സാധിക്കുമെങ്കിൽ അജയ്യനായിത്തീരാൻ സാധിക്കും എന്ന് രാമായണം പഠിപ്പിക്കുന്നു.

അതിനുള്ള അനുഗ്രഹത്തിനായി നമുക്ക് പ്രാർത്ഥിക്കാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946