02 June, 2023 02:26:59 PM


S

പാഠം 

ഒരു ഗ്രാമത്തിന്‍റെ ആര്‍ജ്ജിതസ്ംസ്കാരത്തെ വിളംബരം ചെയ്യുന്നവയാണ് ഗ്രാമോത്ഭവങ്ങള്‍. അവ എത്രമാത്രം പുരാതനമാകുന്നുവോ അത്രമാത്രം അത് ചരിത്രരേഖകളായിക്കൂടി മാറുന്നു. വിവിധ സംസ്കാരങ്ങളുടെ വിളനിലമായിരുന്നു കേരള സംസ്കാരവും. ആദിമ ഗോത്ര സംസ്കാരം മുതല്‍ എത്രയോ സംസ്കാരങ്ങള്‍ ഇവിടെ പുഷ്പിക്കുകയും ചെയ്തിരുന്നു. വിലപിടിച്ച പല സംസ്കാരങ്ങളും അവയുടെ ഭാഗങ്ങളായിരുന്ന ആചാരങ്ങളും കാലക്രമത്തില്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, യാതൊരു അടയാളങ്ങളും ശേഷിപ്പിക്കാതെ അസ്തമിക്കുകയും ചെയ്തിട്ടുണ്ട്. 

ആദിമ കേരള സംസ്കാരത്തിന്‍റെ അടയാളങ്ങള്‍ പേറിനില്‍ക്കുന്ന ഒരു ഗ്രാമോത്സവമാണ് ഇന്നും നീലംപേരൂര്‍ പടയണി. രേഖപ്പെടുത്തപ്പെട്ട ചരിത്രം തന്നെ അതിന് - വര്‍ഷത്തെ പഴക്കം പറയുന്നു. ചേരരാജാവായിരുന്ന പളളി ബാണപ്പെരുമാളിന്‍റെ കാലത്തോളമെങ്കിലും പടയണിക്ക് പഴക്കമുണ്ടെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലുളളതാണ് ഈ നിഗമനം. എന്നാല്‍ ചേരമാന്‍പെരുമാളിന്‍റെ കാലത്തിനും മുമ്പുണ്ടായിരുന്ന ആദിമ കേരളസംസ്കാരത്തിന്‍റെ ചിഹ്നങ്ങള്‍ക്കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ പടയണിയുടെ പഴക്കം അതിലും കൂടുതലാണെന്ന് തോന്നാം. 

വിശ്വാസവും സംസ്കാരവും ഇഴചേര്‍ന്ന് നില്‍ക്കുന്ന ഈ പടയണിയുടെ ആഘോഷക്കാലം ചിങ്ങമാസത്തിലെ തിരുവോണത്തിന് ശേഷം വരുന്ന പൂരം നാള്‍ വരെയുളള ദിവസങ്ങളാണ്. ഗ്രാമദേവതയായ പളളി ഭഗവതിയുടെ തിരുനാള്‍  ആഘോഷവുമായാണ് പടയണിയ്ക് ബന്ധം. പ്രകൃതിയുമായി ഇഴചേര്‍ന്ന് നില്‍ക്കുന്ന ഈ അനുഷ്ഠാന കലയുടെ ആരാധനാ മൂര്‍ത്തിയായ പളളി ഭഗവതി പ്രകൃതിയുടെ ദേവതയാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഒരു കയ്യില്‍ കണ്ണാടിയേന്ടിയും മറുകൈകൊണ്ട് പൊട്ടുതൊട്ടും കമുകില്‍ ചാരിനില്‍ക്കുന്ന സുന്ദരിയാണ് ദേവി. 

പടയണിക്കാലത്തെ നാലു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്.തിരുവോണത്തിനു ശേഷം വരുന്ന നാലു ദിവസങ്ങള്‍ ചൂട്ടുപചയണിയുടെ ഘട്ടമാകുന്നു. രാത്രിയിലാണ് ചടങ്ങുകള്‍ നടക്കുക. ക്ഷേത്രത്തിനുളളില്‍ നിന്നും എഴുന്നുളളിക്കുന്ന കനലുകള്‍  നാട്ടുകാര്‍ എത്തിക്കുന്ന ചൂട്ടുകളിലേക്ക് പകരുന്നതോടെ ഒരുപടയണിക്കാലത്തിന് തുടക്കം കുറിക്കും. ക്ഷേത്രഭരണസമിതിയുടെ തലവന്‍ ക്ഷേത്രനടയില്‍ നിന്നും മൈതാനത്തിന് പടിഞ്ഞാറുഭാടത്തുളള ചേരമാന്‍ പെരുമാള്‍ സ്മാരകത്തില്‍ നിന്നും പടയണി തുടങ്ങുന്നതിനുളള അനുവാദം വാങ്ങിയാണ് ചടങ്ങുകള്‍ നടത്തുക. അനുവാദം വാങ്ങുന്ന ചടങ്ങുകള്‍ എല്ലാ ദിവസങ്ങളിലും ആവര്‍ത്തിക്കും. രണ്ടാം ഘട്ടത്തിലെ നാലു ദിവസങ്ങള്‍ കുടകളുടെ ഘട്ടമാണ്. പൂമരം, പാറാവളയം, തട്ടുകട, പൂങ്കുടകള്‍ എന്നിവയാണ് ഈ ഘട്ടത്തിലെ കോലങ്ങള്‍. രണ്ടാംഘട്ടം അവസാനിക്കുന്ന ദിവസം കുടനിര്‍ത്ത് ചടങ്ങ് ആഘോഷപരമായി നടത്തുന്നു. ഗ്രാമജനത മുഴുവന്‍ അന്ന് ക്ഷേത്രമൈതാനത്തെത്തും. ആഴിക്കൂട്ടി അതിനുചുറ്റും വൃത്താകൃതിയില്‍ നിരന്ന് നിന്നുളള കുടംപൂജകളി, തോര്‍ത്ത് വീശി മുന്നോട്ടും പിന്നോട്ടും കയറിയിങ്ങിയുളള തോത്താകളി വഞ്ചിപ്പാട്ടിന്‍റെ താളത്തില്‍ കുടകളുടെ എഴുന്നളളത്ത് എന്നിവയെല്ലാം കുടനിര്‍ത്ത് ആഘോഷത്തിന്‍റെ ഭാഗമായുണ്ടാകുന്നു.     

മൂന്നാം ഘട്ടം പ്ലാവിലക്കോലങ്ങളുടേതാണ്. കൂട്ടിക്കുത്തിയ പ്ലാവിലകള്‍ വാര്‍ത്തെടുത്ത് താപസനും ആനയും ഹനുമാനൂം ഭീമസേനനും കോലങ്ങളായി എഴുന്നുളളും. പടയണിക്കളത്തില്‍ ആദ്യമായി രൂപങ്ങളെത്തുന്നത് ഈ ഘട്ടത്തിലാണ്. കമുകിന്‍ പാളയിലാണ് കോലത്തിന്‍റെ മുഖമെഴുതുന്നത്. ഈ ഘട്ടത്തിന്‍റെ സമാപന ദിവസം പ്ലാവിലനിര്‍ത്ത് ആഘോഷപരമായിത്തന്നെ നടത്തുന്നു. 

പടണിയുടെ ഘട്ടങ്ങളെ  ബന്ധിപ്പിച്ച് ഒരു ഇതിവൃത്തം പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഭീമസേനന്‍ പാഞ്ചാലിക്കായി കല്യാണ സൗഗന്ധികം തേടിപ്പോകുന്നതിന്‍റെ വിവിധ കാഴ്ചകള്‍ ആണത്രേ പടയണിയുടെ പ്രമേയം. ആദ്യഘട്ടത്തില്‍ ഇരുട്ടും ചൂട്ടു വെളിച്ചവും മാത്രം. രണ്ടാം ഘട്ടത്തില്‍ പൂമരങ്ങളെയും മരങ്ങള്‍ഒരുക്കിയ പൂങ്കുടകളെയും കാണുന്ന ഭീമന്‍ മാര്‍ക്കണ്ഡേയ മഹാമുനിയെയും ഐരാവതത്തെയും പിന്നീട് ജ്യേഷ്ഠസഹോദരനായ ഹനുമാനേയും കാണുന്നു. ഹനുമാന്‍റെ അനുഗ്രഹം വാങ്ങി ഗന്ധര്‍വ്വനഗരദ്വാരത്തിലെത്തി കൊടിക്കൂറയേയും കാവല്‍ പിശാചിനേയും വണങ്ങു്നനു. പിന്നൂട് കോട്ടയും പിന്നീട്ട് സരസ്സില്‍ നീന്തുന്ന സ്വര്‍ണവര്‍ണമാണ് അരയന്നങ്ങളെ കണ്ട് കല്യാണ സൗഗന്ധികം നേടുന്നു. 

പ്രധാന ആകര്‍ഷണമായ നാലാം ഘട്ടം പിണ്ടിയുടെയും കുരുത്തോലയുടെയും ഘട്ടമാകുന്നു. കൊടിക്കൂറയും കാവല്‍ പിശാചും അമ്പലക്കോട്ടയും നരസിംഹവും ഈ ഘട്ടത്തിലെ അടിയന്തിരക്കോലങ്ങലായെത്തും. കൂടാതെ വലിയ പടയണി ദിനമായ പൂരം പടയണി ദിവസം വലിയ അന്നങ്ങള്‍ എന്നിവ പടണിക്കളത്തിലെത്തും. നെല്ലിന്‍റെ നാളായ മകം പടയണി ദിവസം വേലകളി എന്ന ചടങ്ങും നടത്തും. വിദേശികളും സ്വദേശികളുമായ നിരവധി പടയണിപ്രേമികള്‍ ഗ്രാമത്തിലെത്തുന്ന ഈ ഘട്ടത്തില്‍ ഗ്രാമം മുഴുവന്‍ ഉത്സവത്തിമിര്‍പ്പിലായണ്ടിരിക്കും. പടയണിക്കാലത്ത് വൃതമനുഷ്ഠിക്കുന്നയാള്‍ അരിയും തിരിയും സമര്‍പ്പിക്കുന്നതോടെ പടയണിക്കാലം സമാപിക്കും.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936