21 November, 2023 04:37:08 PM


ആറ്റുകാൽ പൊങ്കാല

മാതൃത്വത്തിന്‍റെ മഹാനിവേദ്യം

യാ ദേവീ സർവ്വഭൂതേഷു
ബുദ്ധിരൂപേണ സംസ്ഥിതാ
നമസ്‌തസ്യൈ നമസ്‌തസ്യൈ
നമസ്‌തസൈ നമോനമഃ

എന്ന് ദേവീമഹാത്മ്യത്തിലെ അഞ്ചാം സ്‌കന്ധത്തിൽ സ്തുതിക്കപ്പെടുന്ന ആദിപരാശക്തിയുടെ വിശ്വവിമോഹനമായ പരമസ്ഥാനങ്ങളിലൊന്നാണ് ആറ്റുകാൽ ഭഗവതീക്ഷേത്രം. ബുദ്ധിരൂപേണ മാത്രമല്ല ദയാരൂപേണയും മാതൃരൂപേണയുമൊക്കെ സംസ്ഥിതയായ മഹാമായയുടെ സാന്നിധ്യം നിത്യാനുഭവമാണ്. ആശ്രയിക്കുന്നവർക്കെല്ലാമെന്നതാണ് ഈ മഹാദേവക്ഷേത്രത്തിന്‍റെ പ്രസിദ്ധിക്കു കാരണം. വര്‍ഷത്തിലൊരിക്കൽ കൊണ്ടാടുന്ന പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാനായി കേരളത്തിലങ്ങോളമിങ്ങോളവും സഹ്യന്‍റെ നെടുങ്കോട്ടയ്ക്കപ്പുറത്തു നിന്നുമൊക്കെ ലക്ഷക്കണക്കിനായി വന്നെത്തുന്ന വനിതകളുടെ മഹാനഗരമാണ് "സ്ത്രീകളുടെ ശബരിമല" എന്ന വിളിപ്പേര് ഈ ഷേത്രത്തിന് ഉണ്ടാകാനുള്ള കാരണം.

1997 ഫെബ്രുവരി 23 ന് പതിനഞ്ചു ലക്ഷത്തിൽ പരം സ്ത്രീകൾ പൊങ്കാലയിടാനെത്തിയ സന്ദർഭത്തിലാണ് ലോകത്ത് ഏറ്റവുമധികം സ്ത്രീകളെത്തിച്ചേരുന്ന ഉത്സവം എന്ന് ഗിന്നസ് വേൾഡ് റിക്കോർഡ് ആറ്റുകാൽ പൊങ്കാല മഹോത്സവത്തെ തിരിച്ചറിഞ്ഞത്. 2005 ആയപ്പോഴേക്കും ഇത് ഇരുപത്തിയഞ്ചു ലക്ഷമായി വർധിച്ചു. അനുഭവിച്ചും കണ്ടും കേട്ടുമറിഞ്ഞവർ അമ്മയുടെ തിരുസന്നിധിയിലേക്ക് ഒഴുകിയെത്തുന്ന കാഴ്ച വ്രതശുദ്ധിയുടെ നിർവ്യാജ ഭക്തിയുടെ ജീവിത ദുഃഖങ്ങൾക്ക് പരിഹാരം തേടിയുള്ള തീക്ഷണാന്വേഷത്തിന്‍റെ കാഴ്ച അവർക്ക് കുംഭത്തീവെയിൽ പൊള്ളലാകുന്നില്ല. തിക്കും തിരക്കും അസൗകര്യമുണ്ടാക്കുന്നില്ല. കുടിനീരിറക്കാതെ പൊങ്കാല നേദ്യം അമ്മ സ്വീകരിക്കുന്നത് വരെയുള്ള കാത്തിരിപ്പ് ക്ലേശകരമല്ല. എന്താണീയത്ഭുതത്തിനുള്ള വിശദീകരണം? ആശാന്‍റെ സീത പറയുന്നത് പോലെ ഭജമാനൈക വിഭാവ്യമിപ്പദം അനുഭവിച്ചു മാത്രമറിയാവുന്നത് എന്നേ പറയാനുള്ളു.

പൊങ്കാല ആത്മനിവേദ്യമാണ്. തന്നെത്താൻ ഈശ്വരനു മുൻപിൽ സമർപ്പിക്കുന്ന വഴിപാട്. മറ്റൊരർത്ഥത്തിൽ ഭക്തനും ഭഗവാനും ഹോമവും ഹോതാവും ഹവ്യവുമെല്ലാം ഒന്നായി തീരുന്ന അവസ്ഥ. ശബരിമലയ്ക്ക് പോകാൻ വ്രതമെടുക്കുന്നതു പോലെ വ്രത നിഷ്ഠയോടെയുള്ള തയ്യാറെടുപ്പാണ് പൊങ്കാലയിടുന്നതിലേക്കുള്ള ആദ്യ ചുവടുവെയ്പ്. വഴിപാടിനുള്ള സംഭാരങ്ങൾ ഒരുക്കുകയെന്നത് കെട്ടുനിറയ്ക്കുള്ള വിഭാഗങ്ങളൊരുക്കും പോലെയുള്ള രണ്ടാം ഘട്ടവും. പൊങ്കാലയുടെ തലേ ദിവസം തന്നെ തലസ്ഥാന നഗരി ജനമഹാസാഗരമായി മാറുന്നത് കൊണ്ട് ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ തലേ ദിവസം തന്നെ നഗര പരിസരങ്ങളിൽ എവിടെയെങ്കിലുമെത്തി ചേരുന്നു. കല്ലും മലയും നദിയും കാട്ടുമൃഗങ്ങളും വഴിയോര വാണിഭക്കാരും പോലീസുദ്യോസ്ഥരുമെല്ലാം ശബരിമല തീർത്ഥാടന വേളയിൽ സ്വാമിമാരായി പരിണമിക്കുന്നതുപോലെ നഗരവാസികളാകമാനം നല്ല ആതിഥേയരായി തീരുന്നു. പൊങ്കാലയുടെ ദിവസങ്ങളിൽ ദൂരെ നിന്നെത്തുന്നവർക്ക് സ്വന്തം വീടെന്ന പോലെ സ്വാതന്ത്ര്യത്തോടെ താമസിക്കാൻ ആതിഥേയരുടെ സന്മനസ്സ് വാതിലുകൾ തുറന്നിടുന്നു. പിറ്റേന്ന് കാലത്ത് കുളിച്ച് ഈറനോടെ നാമജപ ശുദ്ധമായ മനസും ശരീരവും പൊങ്കാലയെന്ന മഹാത്ഭുതത്തിലേക്ക് പ്രവേശിക്കുന്നു. ലക്ഷോപലക്ഷം ഹൃദയങ്ങൾ ആദിപരാ ശക്തിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥനാനിരതമാകുന്നു. കുംഭത്തീവെയിലിൽ പൂരം നക്ഷത്രത്തിൽ ആറ്റുകാൽ പൊങ്കാലയെന്ന ഭക്തി നിർഭരമായ പുണ്യത്തിലേക്ക് സ്ത്രീ ജനലക്ഷങ്ങൾ അലിഞ്ഞു ചേരുന്നു.

എന്താണ് പൊങ്കാലയുടെ ആന്തരികാർത്ഥം? എങ്ങനെയാണ് അടുപ്പ് കൂട്ടി നിവേദ്യമുണ്ടക്കുന്നത്, ആത്മാർപ്പണമാകുന്നത്? 'അനാദ് ഭഗവതി ഭൂതാനി' എന്നത് പ്രപഞ്ച സത്യം. അന്നത്തിൽ നിന്നാണ് അന്നത്തെ ആശ്രയിച്ചാണ് സകല ജീവജാലങ്ങളും ഉദ്ഭവിക്കുന്നതും നിലനിൽക്കുന്നതും. അന്നം തന്നെയാണ് നാമോരോരുത്തരുമെന്നർത്ഥം. അന്നമാണ് നമ്മുടെ ശരീരത്തിന്‍റെയും മനസിന്‍റെന്‍റെയും ശരിയായ പ്രതീകവും. പക്ഷേ ഭക്ഷണ യോഗ്യമായ രൂപത്തിലായെങ്കിലെ അന്നം നേദിക്കാനാവു. അരി ഭക്ഷണയോഗ്യമല്ല. ചോറും പായസവുമൊക്കയായി തീരുമ്പോഴാണ് അത് ആഹാരമാകുന്നത്. അതിന് വ്രതനിഷ്ഠയുടെ, ഭക്തിയുടെ തീയിലും തിളച്ചുമറിയുന്ന വെള്ളത്തിലും അത് വെന്തേ മതിയാകു. ശരീരമാകുന്ന മൺപാത്രം ഭക്തിയുടെ തപസിന്‍റെ തീ കുണ്ഡത്തിൽ തപിക്കുമ്പോൾ നമ്മുടെ മനസ്സ് ഏകാഗ്രമാകുന്നു. അതിന്‍റെ കാഠിന്യമില്ലാതെയായി വെന്തു പാകമാകുന്നു. മധുരാന്നമായി മാറുന്നു. ഈശ്വരന് സമർപ്പണയോഗ്യമായ നിവേദ്യമായി തീരുന്നു. അടുപ്പ് കൂട്ടുന്നതും വിറക് ശേഖരിക്കുന്നതും തീ കൂട്ടുന്നതും മൺകലത്തിൽ വെള്ളം നിറയ്ക്കുന്നതുമൊക്കെ തപശ്ചര്യയായി തീരുന്നതങ്ങനെയാണ്. അവനവനെതന്നെ പ്രതീകാത്മകതയുടെ ചാരുതയോടെ ആദി പരാശക്തിയ്ക്കു സമർപ്പിക്കുന്നു. തപശ്ചര്യ പരിപാകമായ നിവേദ്യത്തിൽ തീർത്ഥജലം തളിക്കപ്പെടുന്നതോടെ ആത്മാർപ്പണം പൂർണമാകുന്നത് കാരുണ്യത്തിന്‍റെ അനുഗ്രഹത്തിന്‍റെ തെളിനീർക്കണങ്ങളാണല്ലോ, അത് കുംഭച്ചൂടിലുരുകുന്ന പഞ്ചാഗ്നി മധ്യത്തിലെരിയുന്ന ആത്മനിവേദ്യം ആ കുളിർ കണികകളാൽ സാന്ത്വനിപ്പിക്കപ്പെടുന്നു. സംതൃപ്തിയോടെ സമാധാനത്തോടെ തപസ്വിനികൾ തിരിച്ചു പോകുന്നു. വീണ്ടും അടുത്ത വർഷവും പൊങ്കാലയർപ്പിക്കാൻ അവസരമുണ്ടാകണമേയെന്ന പ്രാർത്ഥനയോടെ

യാ ദേവീ സർവ്വഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്‌തസ്യൈ നമസ്‌തസ്യൈ
നമസ്‌തസ്യൈ നമോനമഃ

എന്ന മന്ത്രം സാർത്ഥമാവുന്നു. ആറ്റുകാലിൽ കുടികൊള്ളുന്ന ജഗന്മാതാവിന്‍റെ അനുഗ്രഹ വർഷമേറ്റ് ധന്യമായ അമ്മമാരുടെ ഹൃദയമന്ത്രാർച്ചനയും സാർത്ഥമായി തീരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308