26 November, 2023 07:00:49 PM


1

യോഗ

*ആന്തരികമായ പരിശുദ്ധിയും ശാന്തിയും*

ബാലു തൃശൂര്‍

_മനുഷ്യന് വിവേകമുണ്ട്. അതിനാല്‍ വികാരങ്ങളെ പരിശുദ്ധ പ്രേമമാക്കി മാറ്റുവാന്‍ അവന് കഴിയും_

പ്രേമമാണ് ഈ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വികാരം. ലോകത്തെ സൃഷ്ടിച്ചിരിക്കുന്നത് തന്നെ പ്രേമമെന്ന വസ്തുവിനെ കൊണ്ടാണെന്നു പറയാം. ഓരോ വ്യക്തിയേയും സൃഷ്ടിച്ചതും പ്രേമമെന്ന വസ്തു ഉപയോഗിച്ചാണ്. എല്ലാം പ്രേമമാണ്. ഈശ്വരന്‍ പ്രേമമാണ്. എല്ലാം ഈശ്വരനാണ്. നമുക്ക് വേണ്ടത് മനുഷ്യരില്‍ സ്‌നേഹത്തിന്റെ പരിപൂര്‍ണതയാണ്. ഇവിടെ എല്ലാ ബന്ധങ്ങളും പരിപൂര്‍ണമാണോ? അല്ല. എന്തുകൊണ്ടെന്നാല്‍ പ്രേമത്തിന് ആറ് വികാരങ്ങളുണ്ട്. അഥവാ വൈകല്യങ്ങള്‍. എന്താണ് പ്രേമത്തിന്റെ വൈകല്യങ്ങള്‍? കാമം, ക്രോധം, ലോഭം, മോഹം (ആസക്തി), അഹങ്കാരം, അസൂയ.

മൃഗങ്ങളിലും ഈ ആറ് വികാരങ്ങള്‍ കാണാം. എന്നാല്‍ അവയ്ക്ക് ഇതിനെ അതിജീവിക്കാനുള്ള കഴിവില്ല. പ്രകൃതിയാണ് അവയെ നിയന്ത്രിക്കുന്നത്. ആത്മാവ് പരിശുദ്ധ പ്രേമമാണ്. ദ്രവ്യം വികാരമാണ്. മനുഷ്യന് വിവേകമുണ്ട്. അതിനാല്‍ വികാരങ്ങളെ പരിശുദ്ധ പ്രേമമാക്കി മാറ്റുവാന്‍ അവന് കഴിയും. സാധനകളുടെയും അനുഷ്ഠാനത്തിന്റെയും ധ്യാനത്തിന്റെയും ഉദ്ദേശമതാണ്. അതിലൂടെ നമുക്ക് സ്വകേന്ദ്രത്തിലേക്ക് ആത്മാവിലേക്ക് മടങ്ങി പോകാന്‍ കഴിയും. അവിടെ യഥാര്‍ഥ പൂര്‍ണത അനുഭവിക്കാന്‍ കഴിയും. പൂര്‍ണത തന്നെ മൂന്ന് തരത്തിലാണ്. കര്‍മത്തിലെ പൂര്‍ണത, വാക്കുകളിലെ പൂര്‍ണത, ഭാവങ്ങളിലെ പൂര്‍ണത.

എന്തൊക്കെയാണ് നമ്മിലെ 'ഭാവങ്ങള്‍' എന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മിലെ എല്ലാ പൂര്‍ണതയും സമ്മേളിക്കുന്നത് ഭാവങ്ങളിലാണ്. ചിലരുടെ പ്രവൃത്തി നന്നായിരിക്കും. എന്നാല്‍ മനസിനുള്ളില്‍ അമര്‍ഷവും പരാതിയുമായിരിക്കും. അതിനാല്‍ പുറമേ ചെയ്യുന്ന പ്രവൃത്തികള്‍ ബഹുകേമമാണെങ്കിലും കര്‍മത്തില്‍ പൂര്‍ണതയുണ്ടാവണമെന്നില്ല. ചിലര്‍ നുണ പറയുന്നവരായിരിക്കും. അതിനാല്‍ സംഭാഷണത്തില്‍ പൂര്‍ണതയുണ്ടാവില്ല. പക്ഷേ ഉദ്ദേശശുദ്ധി ഉണ്ടായിരിക്കും. ഉദാഹരണമായി ചെറിയ കുഞ്ഞുങ്ങളോട് നാം സംസാരിക്കുമ്പോള്‍ അവര്‍ക്ക് മനസിലാകുന്ന പോലെയാണ് പറയുക. അവ സത്യമായിക്കൊള്ളണമെന്നില്ല. ഒരാള്‍ മനഃപൂര്‍വം നുണ പറയുന്നുണ്ടെങ്കില്‍ അയാളുടെ മനസും വാക്കും പരിശുദ്ധമല്ല. അത് അയാളുടെ പ്രവൃത്തിയില്‍ നിഴലിക്കുകയും ചെയ്യും. ഒരാള്‍ ഒരു തെറ്റ് ചെയ്യുമ്പോള്‍ നമുക്ക് കോപം വരുന്നു. അപ്പോള്‍ നമ്മളും തെറ്റ് ചെയ്ത ആളെക്കാള്‍ മെച്ചമല്ല. എന്തുകൊണ്ടെന്നാല്‍ അയാളുടെ പ്രവൃത്തി അപൂര്‍ണമായിരുന്നു. നമ്മുടെ ഭാവവും അപൂര്‍ണമായിരിക്കുന്നു. ഇപ്പോള്‍ രണ്ട് പേരും ഒരു പോലെയാണ്.

കര്‍മത്തില്‍ പൂര്‍ണതയുണ്ടാകാന്‍ ബുദ്ധിമുട്ടാണ്. ഏത് പ്രവൃത്തിയിലും അവിടെയും ഇവിടെയും അപ്പോഴുമിപ്പോഴുമൊക്കെ തെറ്റുകള്‍ ഉണ്ടാകാം. പരിശുദ്ധമല്ലാത്ത വികാരങ്ങള്‍ കുറച്ചു സമയം കൂടി മനസില്‍ നിലനില്‍ക്കുന്നു. അപ്പോള്‍ ആന്തരികമായ ശുദ്ധിയാണ് നഷ്ടപെടുന്നത്. ഒരാള്‍ അന്യായം പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ എങ്ങനെയാണ് നാം പ്രതികരിക്കുക? ഉള്ളില്‍ രോഷാഗ്‌നി ജ്വലിക്കുന്നുവെങ്കില്‍ നാം അയാളെക്കാള്‍ മലിനമായിരിക്കുന്നു. എന്നാല്‍ നാം വാക്കിലുള്ള ശുദ്ധി കാത്തുസൂക്ഷിക്കുമ്പോള്‍ പുറമേയുള്ള അപൂര്‍ണതയോട് കൂടുതല്‍ പക്വതയോടെ പ്രതികരിക്കാന്‍ കഴിയും. 

ആന്തരികമായ പരിശുദ്ധിയും ശാന്തിയുമാണ് ഏറ്റവും പ്രധാനം. സാധാരണയായി നാം എന്താണ് ചെയ്യാറുള്ളത്? ഒരു അപൂര്‍ണതയില്‍ നിന്ന് മറ്റൊരു അപൂര്‍ണതയിലേക്ക് നാം സഞ്ചരിക്കുന്നു. ഒരാള്‍ ലോഭിയാണെങ്കില്‍ അതിനെ ചൊല്ലി നാം ക്രോധിക്കുന്നു. ഇപ്പോള്‍ ലോഭിയായ ഒരു വ്യക്തിയെക്കാള്‍ ഒട്ടും മെച്ചമല്ല നാമും നമ്മുടെ മനസും. അശുദ്ധമായി ഒരു അപൂര്‍ണതയെ മറ്റൊന്നായി മാറ്റിയത് കൊണ്ട് പൂര്‍ണതയുണ്ടാവില്ല. എന്നാല്‍ നാമെല്ലാം സാധാരണയായി ചെയ്യുന്നത് അതാണ്. കാമം ക്രോധമായി മാറുന്നു. ക്രോധം അസൂയയായി തീരുന്നു. അല്ലെങ്കില്‍ ലോഭം അല്ലെങ്കില്‍ മോഹം അല്ലെങ്കില്‍ അഹങ്കാരം. ഒരു പൂര്‍ണതയില്‍ നിന്ന് മറ്റൊന്നിലേക്ക്. പിന്നെ മറ്റൊന്നിലേക്ക്. 

നാം കൂടുതല്‍ ശ്രദ്ധിക്കുന്ന കാര്യങ്ങളാണ് നമ്മില്‍ കൂടുതലായി വളരുന്നത്. മറ്റുള്ളവരുടെ കാമം, ക്രോധം മുതലായവയ്ക്ക് നാം പ്രാധാന്യം നല്‍കുമ്പോള്‍ അവ മാത്രമായിരിക്കും നമ്മുടെ മനസില്‍ എല്ലായ്‌പ്പോഴും. മൃഗങ്ങളില്‍ കാമവികാരം വരികയും പോവുകയും ചെയ്യുന്നു. പിന്നെ അടുത്ത സീസണ്‍ വരുന്നതുവരെ അതിനെകുറിച്ച് അവ ചിന്തിക്കുന്നത് പോലുമില്ല. എന്നാല്‍ മനുഷ്യന്റെ സ്ഥിതി അതല്ല. മനസില്‍ കാമ വാസനകള്‍ സദാസമയവും താലോലിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോട് ഇങ്ങനെ പറഞ്ഞത്. 'നിന്റെ മനസിന് എന്ത് പറ്റി? നീ വികാരങ്ങളെ താലോലിച്ചുകൊണ്ടിരുന്നാല്‍ വികാരങ്ങള്‍ ഒന്ന് പോയി മറ്റൊന്നായി മനസിന്റെ മാലിന്യം വര്‍ധിച്ചു കൊണ്ടേയിരിക്കും. അതിനാല്‍ വിശ്രമിക്കു. ഈ ലോകത്തില്‍ എല്ലാത്തിന്റെയും കര്‍താവ് ഞാന്‍ മാത്രമാണ്. എല്ലാം എന്നിലൂടെ സംഭവിക്കുന്നു. ഈ കാണുന്നതെല്ലാം ഒരു നാടകമായി കരുതുക. ആത്മനിഷ്ഠനായി വര്‍ത്തിച്ചാലും'.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 300