19 February, 2024 07:32:50 PM


പൂരങ്ങളുടെ പൂരം- ലക്ഷ്മി വേണുഗോപാൽ


കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് ഏകദേശം 200 വര്‍ഷത്തെ ചരിത്രപാരമ്പര്യമുണ്ട്. ശക്തന്‍ തമ്പുരാന്‍റെ കാല്തത് ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്നൊക്കെ പല ദേശങ്ങളില്‍ നിന്നും ആറാട്ടുപുഴ പൂരത്തിന് ഘോഷയാത്രകള്‍ വരും. അന്ന് എല്ലാ ദേവീദേവന്മാരും ആറാട്ടുപുഴ ക്ഷേത്രത്തില്‍ എത്തുമെന്നാണ് വിശ്വാസം. 1796 ലെ പൂരത്തിന് ശക്തമായ കാറ്റും മഴയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക് അയ്യന്തോള്‍ ചൂരക്കാട്ടുകാവ് നെയ്തലക്കാവ് കണിമംഗലം തുടങ്ങി പല ക്ഷേത്ര സംഘങ്ങള്‍ക്കും ആറാട്ടുപുഴയില്‍ എത്താന്‍ കഴിഞ്ഞില്ല. അന്ന് ശക്തന്‍ തമ്പുരാന്‍ വടക്കുംനാഥനെ ആസ്ഥാനമാക്കി 1797- ല്‍ തൃശൂര്‍ പൂരം ആരംഭിച്ചു. (ആറാട്ടുപുഴ എത്താൻ കഴിയാത്തതിനാൽ ആ ക്ഷേത്രങ്ങൾക്ക് ഭ്രഷ്ട് കല്പിച്ചെന്നും ശക്തൻ തമ്പുരാൻ കോപിഷ്ടനായി തൃശൂർ അത് ഗംഭീരമായി കൊണ്ടാടാൻ തീരുമാനിച്ചെന്നും പറയുന്നുണ്ട്) പ്രധാന പങ്കാളികൾ പാറമേക്കാവ് ഭഗവതി ക്ഷേത്രവും തിരുവമ്പാടി ക്ഷേത്രവുമാണ്. മേടമാസത്തിൽ പൂരം നക്ഷത്രത്തിലാണ് തൃശൂർ പൂരം അരങ്ങേറുക.

പൂരത്തലേന്ന് സാധാരണയായി തുറക്കാത്ത തെക്കേഗോപുര വാതിൽ തുറക്കുന്നു എന്നൊരു പ്രത്യേകതയും കൂടിയുണ്ട്. വർഷം മുഴുവൻ അടഞ്ഞു കിടക്കുന്ന തെക്കേ ഗോപുര നട, പൂരത്തിന് തുറക്കാനുള്ള അവകാശം നെയ്തല കാവിലമ്മയ്ക്കാണ്.

കക്കിമംഗലം ധർമ്മശാസ്താവിന്‍റെ പൂരമെഴുന്നുള്ളിപ്പ് കണി കണ്ടാണ് വടക്കുംനാഥനുണരുക. കണിമംഗലം ക്ഷേത്രത്തിൽ ദേവ ഗുരുവാണ് പ്രതിഷ്ഠ എന്നു വിശ്വസിക്കുന്നു. ദേവഗുരുവായ ബൃഹസ്പതിയുടെ സാന്നിധ്യമുള്ളതിനാൽ വടക്കുംനാഥ സന്നിധിയിൽ പ്രദക്ഷിണം ചെയ്യുകയോ വടക്കുംനാഥനെ വനങ്ങുകയോ ചെയ്യാത്ത ഏക പൂരമാണിത്. പൂരത്തിന്‍റെ അവിഭാജ്യഘടകമായ ചെറുപൂരങ്ങൾ രാവിലെ തന്നെ ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിച്ചു തുടങ്ങും. കണിമംഗലം ശാസ്താക്ഷേത്രം, പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താക്ഷേത്രം, ചെമ്പൂക്കാവ് കാർത്ത്യായനീ ക്ഷേത്രം പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ലാലൂർ കാർത്ത്യായനീ ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതീ ക്ഷേത്രം, അയ്യന്തോൾ കാർത്ത്യായനീക്ഷേത്രം കുറ്റൂർ നെയ്തലകാവിലമ്മ എന്നീ ക്ഷേത്ര പൂരങ്ങളാണ് ഘടകപൂരങ്ങൾ.

കണിമംഗലം ശാസ്താവിന്‍റെ പ്രവേശനത്തോടെ 36 മണിക്കൂർ നീളുന്ന പൂരത്തിന് തുടക്കമായി. തിരുവമ്പാടി ഭഗവതിയുടെ മഠത്തിൽ വരവ് വളരെ പ്രാധാന്യമുള്ള ഒന്നാണ്. ബ്രാഹ്മണരുടെ വേദപാഠശാലയായ തൃശൂർ നടുവിൽമഠത്തിന്‍റെ കൈവശം സ്വർണം പൊതിഞ്ഞ മനോഹരമായ നെറ്റിപ്പട്ടങ്ങൾ ഉണ്ടായിരുന്നു. അത് വേണമെന്ന മോഹത്താൽ തിരുവമ്പാടി വിഭാഗം മഠത്തിൽ സ്വാമിയാരെ സമീപിച്ചപ്പോൾ ആനകളെ മഠത്തിലേക്ക് കൊണ്ടു വന്നാൽ നെറ്റിപ്പട്ടം അണിയിക്കാമെന്ന് പറയുകയുണ്ടായി. അങ്ങനെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നുള്ളത്ത് ഇന്നും മഠത്തിൽ വരുന്ന ചടങ്ങ് തുടരുന്നു. അവിടെ ഇറക്കി പൂജ കഴിഞ്ഞ് ഭഗവതി പുറപ്പെടുന്നു. മഠത്തിൽ വരവിന്‍റെ പഞ്ചവാദ്യം ലോകപ്രശസ്തമാത്രേ! പിന്നീട് പതിനഞ്ച് ആനകളുടെയും ചെണ്ടമേളത്തിന്‍റേയും അകമ്പടിയോടെ വടക്കുംനാഥക്ഷേത്രത്തിലേക്കെത്തുന്നു.

പന്ത്രണ്ട് മണിയോടെ പൂരത്തിൽ പങ്കെടുക്കാൻ പതിനഞ്ചാനകളുടെ അകമ്പടിയോടെ അലങ്കാര വിഭൂഷിതയായി പാറമേക്കാവിലമ്മ എഴുന്നുള്ളുന്നു. പാറമേക്കാവിൽ നിന്നും തുടങ്ങുന്ന ചെമ്പട മേളം അവസാനിച്ച് പാണ്ടി മേളത്തോടെ ചെറിയ രീതിയിൽ കുടമാറ്റവും നടത്തി വടക്കും നാഥന്‍റെ തിരു മുന്നിലെത്തുന്നു. പിന്നീട് സുപ്രസിദ്ധമായ ഇലഞ്ഞിത്തറമേള അരങ്ങേറുന്നു. വാദ്യകലയുടെ ആചാര്യന്മാർ കൈ മെയ് മറന്ന് കൊട്ടിക്കയറി ഈ മേളച്ചാർത്ത് ഒരു വിസ്മയാനുഭവമാക്കി മാറ്റുന്നു. താളം പിടിച്ചും, തലയാട്ടിയും ചുവടുവച്ചുമൊക്കെ ആസ്വാദന ലഹരിയിൽ ജനലക്ഷങ്ങൾ അക്ഷരാർത്ഥത്തിൽ ആവേശഭരിതരായി ആരവം മുഴക്കുന്നു. ഏതാണ്ട് ഇരുന്നൂറ്റി അമ്പതോളം വാദ്യമേളക്കാരുണ്ടാവും. പാണ്ടിമേളം ക്ഷേത്ര മതിൽക്കകത്ത് തൃശൂർ പൂരത്തിന് മാത്രമേയുള്ളൂ എന്നതും പ്രത്യേകതയാണ്.

ഇലഞ്ഞിത്തറമേളത്തിന് ശേഷം തെക്കോട്ടിറക്കമാണ്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ തെക്കേ ഗോപുരത്തിലൂടെ തേക്കിൻകാട് മൈതാനത്തിലിറങ്ങുന്നു. പാറമേക്കാവിന്‍റെ പതിനഞ്ച് ആനകൾ രാജപ്രതിമയെ വലം വെച്ച് നിരന്നു നിൽക്കുമ്പോൾ തിരുവമ്പാടി വിഭാഗം പാറമേക്കാവിന് മുഖാമുഖം അണിനിരക്കുന്നു. രണ്ടു ദേവിമാരുടെ കൂടികാഴ്ച്ച. എന്തൊരു മനോഹരം, പ്രൗഢഗംഭീരം. കൊട്ടികയറിയും പതിഞ്ഞിറങ്ങിയും മേളകൊഴുപ്പ് ആർപ്പുവിളിയും ആരവവുമായി കടൽ പോലെ പരന്ന് ഭക്തിയിൽ മുഴുകി ഇളകി മറിയുന്ന ജനാവലി.

ഒന്നിനൊന്നു മെച്ചമായ സുന്ദരമായ കാഴ്ചയൊരുക്കി കുടമാറ്റമാണ് പിന്നീട് അരങ്ങേറുന്നത്. ആരോഗ്യകരമായ മത്സരത്തിലൂടെ ജനഹൃദയങ്ങൾ ആവേശഭരിതമാകുന്ന കുടമാറ്റം. ചെറിയ വെടിക്കെട്ടോടെ പകൽപ്പൂരം അവസാനിക്കുന്നു.

പിറ്റേന്ന് പുലരും മുൻപേ നടക്കുന്ന വെടിക്കെട്ട് ശബ്‍ദഘോഷവും ദൃശ്യഭംഗിയും കൊണ്ട് വർണനാതീതമായ ഒരു മായികക്കാഴ്ച ജനാവലിയ്ക്ക് സമ്മാനിക്കുന്ന ഈ ആകാശമേളം.

പൂരപിറ്റേന്ന് രാവിലെ എഴുന്നുള്ളത്തും പാണ്ടി മേളവും ഉണ്ടാകും. പാറമേക്കാവ് ഭഗവതി മണികണ്ഠനാലിൽ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലിൽ നിന്നും രാവിലെ എഴുന്നള്ളുന്നു. പന്ത്രണ്ടുമണിയോടെ പാണ്ടി മേളമവസാനിച്ച് വീണ്ടും ഒരു വെടിക്കെട്ടോടെ ഭഗവതിമാർ പരസ്പരം ഉപചാരം ചൊല്ലി പിരിയുന്നു. മൂലസ്ഥാനത്തു നിന്നും വീണ്ടും കാണാമെന്നു ചൊല്ലി വിട വാങ്ങുന്നു. ഒരു വർഷത്തെ കാത്തിരിപ്പിന്റെ പുണ്യമായ ചടങ്ങുകൾ സമാപിക്കുന്നു.

പൂരപിറ്റേന്ന് പൂരത്തിന് സഹായിച്ച എല്ലാവർക്കുമായി രണ്ടു ദേവസ്വങ്ങളും പൂരകഞ്ഞി വിതരണം ചെയ്യുന്നു. ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് സമ്പന്നമായ നമ്മുടെ ഭാരതത്തിന്‍റെ ആർഷ സംസ്കാരത്തിന്‍റെ മുഖമുദ്രയായ ഈ അഭിമാന പൂരാഘോഷങ്ങൾ ജാതി മത ഭേദമന്യേ എല്ലാവരും പങ്കുകൊള്ളുന്ന ഒരു മഹോത്സവം തന്നെ! എല്ലാം നടത്തുന്ന വടക്കും നാഥന്‍റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 290