22 March, 2024 12:15:53 PM


1

വര്‍ണ്ണക്കുടകളില്‍ വസന്തം പൂത്തുലഞ്ഞ് പൂരം

- വിദ്യാധരന്‍ മാസ്റ്റര്‍

മഹാദേവനെ സാക്ഷിനിര്‍ത്തി മേടമാസത്തിലെ പൂരം നക്ഷത്രത്തില്‍ രണ്ട് ദേവിമാര്‍ പ്രധാനികളായി ആഘോഷിക്കുന്ന ഉത്സവം. അതാണ് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളില്‍ ഒന്നായ ബാലഭദ്രകാളിയും പാറമേക്കാവ് ഭഗവതിയും മറ്റ് എട്ട് ദേവതകളും പങ്കാളികളാകുന്ന പൂരം ലോകശ്രദ്ധയാകര്‍ഷിക്കപ്പെട്ട് ഒരു ദേശത്തിന്റെയാകെ അഭിമാനമായി മാറിയതിനു പിന്നില്‍ രണ്ട് നൂറ്റാണ്ട് മുമ്പ് നടന്ന ഒരു അപമാനത്തിന്റെ കഥയുണ്ട്. 

ദേവമേള എന്നറിയപ്പെടുന്ന ആറാട്ടുപുഴ പൂരമായിരുന്നു ഒരു കാലത്ത് കേരളത്തിലെ ഏറ്റവും വലിയ ഉത്സവം. ലോകത്തിലെ എല്ലാ ദേവതകളും പങ്കെടുക്കുന്നുവെന്ന് വിശ്വസിക്കുന്ന പൂരത്തില്‍ വിവിധ ദേശങ്ങളിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍ പങ്കെടുത്തിരുന്നു. ഈ ദിവസം കാശി വിശ്വനാഥക്ഷേത്രത്തിന്റെ നട അടച്ചിടും. കനത്ത പേമാരിയെതുടര്‍ന്ന് തൃശൂരില്‍നിന്നുള്ള ക്ഷേത്രങ്ങള്‍ക്ക് 1796ലെ പൂരത്തില്‍ പങ്കെടുക്കാനായില്ല. പിന്നാലെ ഇവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടു. ഇതില്‍ കോപിഷ്ടനായ കൊച്ചിരാജാവ് ശക്തന്‍ തമ്പുരാന്‍ വടക്കുംനാഥക്ഷേത്രത്തിനുചുറ്റുമുള്ള തേക്കിന്‍കാട് വെട്ടിതെളിച്ച് തൃശൂര്‍ പൂരം ആരംഭിക്കുകയായിരുന്നു. 

പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരെ കൂടാതെ കണിമംഗലം ശാസ്താവ്, പനമുക്കമ്പിള്ളി ശ്രീധര്‍മ്മശാസ്താവ്, ചെമ്പൂക്കാവ് കാര്‍ത്ത്യായനിദേവി, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂര്‍ കാര്‍ത്ത്യായനിദേവി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോള്‍ കാര്‍ത്ത്യായനിദേവി, കുറ്റൂര്‍ നെയ്തലക്കാവിലമ്മ എന്നിവരുടെ പൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശൂര്‍ പൂരം. 

പൂരത്തിന് ഒരാഴ്ച മുമ്പ് എല്ലാ ക്ഷേത്രങ്ങളിലും കൊടികയറും. നെയ്തലക്കാവ് ഭഗവതിയാണ് കുടമാറ്റം നടക്കുന്ന തെക്കെ ഗോപുരനട പൂരത്തിന്റെ തലേദിവസം ഗജവീരനോടൊപ്പം തള്ളിതുറക്കുന്നത്. വെടിക്കെട്ട്, കുടമാറ്റം, പ്രദക്ഷിണവഴിയിലെ പന്തല്‍ തുടങ്ങിയവ പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും മാത്രം അവകാശങ്ങളാണ്. 15 ആനകളെ എഴുന്നള്ളിക്കുന്നതും ഈ രണ്ടു ക്ഷേത്രങ്ങള്‍ മാത്രമാണ്. രണ്ടു ദിവസം മുമ്പ് പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടും ആനച്ചമയപ്രദര്‍ശനവും പൂരത്തിന്റെ തലേന്ന് ആനകളുടെ പ്രദര്‍ശനവും ഉണ്ടാകും.

കണിമംഗലം ശാസ്താക്ഷേത്രത്തില്‍ ദേവഗുരുവായ ബൃഹസ്പതിയാണ് പ്രതിഷ്ഠ എന്നാണ് വിശ്വാസം. സൂര്യന്‍ ഉദിക്കും മുമ്പ് കണിമംഗലം ശാസ്താവ് സ്വരാജ് റൗണ്ടിലെ മണികണ്ഠനാലില്‍ എത്തി എഴുന്നള്ളത്ത് തുടങ്ങുന്നതോടെ തുടര്‍ച്ചയായി 36 മണിക്കൂര്‍ നീളുന്ന തൃശ്ശൂര്‍ പൂരത്തിനു തുടക്കം കുറിക്കും. രാവിലെ ഏഴുമണിയോടെ ചെറുപൂരങ്ങള്‍ ഓരോന്നായി പുറപ്പെട്ട് വടക്കുംനാഥക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് പ്രവേശിക്കും. 

തിരുവമ്പാടിയുടെ മഠത്തില്‍ വരവാണ് ആദ്യത്തെ പ്രധാന ചടങ്ങ്. ബ്രാഹ്മണരുടെ വേദപാഠശാലയായിരുന്ന തൃശ്ശൂര്‍ നടുവില്‍ മഠത്തിലെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ നെറ്റിപ്പട്ടങ്ങള്‍ക്കായി തിരുവമ്പാടിക്കാര്‍ മഠം രക്ഷാധികാരിയായ സ്വാമിയാരെ സമീപിച്ചു. ആനകളെ മഠത്തിലേക്ക് കൊണ്ടുവന്നാല്‍ നെറ്റിപ്പട്ടം അണിയിക്കാം എന്നായിരുന്നു മറുപടി. അങ്ങിനെ തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് മഠത്തിലേക്ക് വരാനും അവിടെവെച്ച് നെറ്റിപ്പട്ടം മാറ്റി അണിയാനും തുടങ്ങി. ഇന്നും ഈ ചടങ്ങ് തുടരുന്നു. മഠത്തില്‍ ദേവചൈതന്യം ഉള്ളതിനാല്‍ അവിടെ 'ഇറക്കി പൂജയും' നടക്കുന്നു. 

രാവിലെ എട്ടു മണിക്ക് തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്ന് മൂന്ന് ആനകളുമായി മഠത്തിലേയ്ക്കുള്ള വരവ് ആരംഭിക്കും. മഠത്തിലെ 'ഇറക്കി പൂജ' കഴിഞ്ഞ് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളത്ത് നായ്ക്കനാല്‍ എത്തുമ്പോള്‍ ആനകളുടെ എണ്ണം 15 ആകും. അവിടെ പഞ്ചവാദ്യം അവസാനിപ്പിച്ച് എഴുന്നള്ളത്ത് തേക്കിന്‍കാട് മൈതാനം കടന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നീങ്ങുന്നു.

പന്ത്രണ്ടുമണിയോടെ 15 ആനകളുടെ അകമ്പടിയില്‍ പാറമേക്കാവ് ഭഗവതിയും എഴുന്നള്ളുന്നു. പാറമേക്കാവ് ക്ഷേത്രത്തില്‍നിന്നു തുടങ്ങുന്ന ചെമ്പടമേളം അവസാനിച്ചശേഷം പാണ്ടിമേളം തുടങ്ങും. ഇതോടൊപ്പം ചെറിയ തോതില്‍ കുടമാറ്റവും നടക്കും. പാണ്ടിമേളം ഒരു കലാശം കഴിഞ്ഞ് കിഴക്കേ ഗോപുരത്തിലൂടെ വടക്കുംനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന എഴുന്നള്ളത്ത് ഇലഞ്ഞിത്തറയില്‍ എത്തുന്നു. ഇവിടെയാണ് പ്രശസ്തമായ ഇലഞ്ഞിത്തറമേളം. 

തുടര്‍ന്ന് തെക്കേഗോപുരം വഴി പുറത്തേക്കിറങ്ങുന്ന പാറമേക്കാവ് സംഘം കോര്‍പ്പറേഷന്‍ ആഫീസിന്റെ മുമ്പിലുള്ള രാജാവിന്റെ പ്രതിമയെ ചുറ്റിയശേഷം നിരന്നു നില്‍ക്കും. തിരുവമ്പാടി ദേവി പടിഞ്ഞാറെ ഗോപുരത്തിലൂടെ അകത്തുകയറി വടക്കുംനാഥനെ പ്രദക്ഷിണം വെച്ച് തെക്കേ ഗോപുരത്തിലൂടെ പുറത്തിറങ്ങുന്ന ചടങ്ങാണ് തെക്കോട്ടിറക്കം. ഇങ്ങനെ പുറത്തേക്കിറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നില്‍ക്കുന്നതോടെ കുടമാറ്റം ആരംഭിക്കും.

ഇരുദേവിമാരുടെയും കൂടിക്കാഴ്ച കൂടിയാണ് കുടമാറ്റം. പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തിക്കാട്ടി ഇരുവിഭാഗങ്ങളും മത്സരിക്കുന്നു. ഓരോ കുടയ്ക്കുശേഷവും മേളത്തിനനുസരിച്ച് വെഞ്ചാമരവും ആലവട്ടവും ഉയര്‍ത്തും. അതിനു ശേഷമേ അടുത്ത കുട ഉയരൂ. തിടമ്പേറ്റിയ ആനയുടെ കുട മറ്റു 14 ആനകള്‍ക്കുള്ളതിനേക്കാള്‍ വ്യത്യസ്തമായിരിക്കും. എല്ലാ വര്‍ഷവും വൈവിധ്യമാര്‍ന്ന കുടകള്‍ അവതരിപ്പിക്കാന്‍ ഇരുവിഭാഗവും മത്സരിക്കുന്നു. 

ഇരുകൂട്ടരും മത്സരിച്ച് നടത്തുന്ന വെടിക്കെട്ടാണ് പൂരത്തിന്റെ മറ്റൊരു ആകര്‍ഷണം. വെളുപ്പിന് മൂന്നു മണിയോടെയാണ് ഈ ആകാശവിസ്മയം. ശബ്ദത്തേക്കാള്‍ ദൃശ്യത്തിനാണ് ഇപ്പോള്‍ പ്രാധാന്യം.

നാട്ടുകാരുടെ പൂരമാണ് പിറ്റേന്ന്. പാറമേക്കാവ് ഭഗവതി മണികണ്ഠനാലില്‍ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലില്‍ നിന്നും രാവിലെ എട്ടു മണിയോടെ എഴുന്നള്ളുന്നു. ഇരുവിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെ അവസാനിക്കും. മേളത്തിന് ശേഷം വെടിക്കെട്ട്. തുടര്‍ന്ന് ദേവിമാര്‍ ശ്രീമൂലസ്ഥാനത്തു നിന്നും അടുത്ത പൂരത്തിനു കാണാമെന്ന് പരസ്പരം ഉപചാരം ചൊല്ലി വിടവാങ്ങുന്നു. തുടര്‍ന്ന് ആറാട്ടിന് ശേഷം അമ്പലങ്ങളിലെ കൊടിമരം മാറ്റി ചടങ്ങുകള്‍ പൂര്‍ത്തിയാക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298