27 October, 2016 11:01:42 AM


മരണമില്ലാത്ത കവിയോര്‍മ്മകള്‍ക്ക് നാലു പതിറ്റാണ്ട്...



മലയാളികളുടെ പ്രിയകവി - പ്രവചന സ്വഭാവത്തോടെ അദ്ദേഹം തന്നെ കുറിച്ച - എനിക്ക് മരണമില്ല എന്ന പ്രയോഗം അന്വര്‍ത്ഥമാക്കിയിട്ടു ഇന്നേയ്ക്ക് നാല് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. തന്റെ കാവ്യവുമായി അനുവാചക ഹൃദയത്തില്‍ അവിസ്മരണീയമായ നിലയ്ക്കാത്ത ഓര്‍മ്മകള്‍ നല്‍കാന്‍ നടത്തിയ തേരോട്ടമായിരുന്നു ആ ജീവിതം. കേരളത്തില്‍ മറ്റൊരു കവിക്കും കിട്ടാത്ത ജനപ്രിയത നേരിട്ട് കാണാന്‍ ഇന്ന് രാഘവപ്പറമ്പില്‍ ചെന്നു നോക്കിയാല്‍ മതി. ഉത്സവസമാനമായ അന്തരീക്ഷം നിങ്ങളെ വിസ്മയിപ്പിക്കും..


അക്കാദമിക നിരീക്ഷണങ്ങളോ പുരസ്ക്കാര പരീക്ഷണങ്ങളോ അല്ല, സാധാരണക്കാരാണ് ആ ദീപ്തമായ ഓര്‍മ്മകള്‍ തലമുറകളിലേക്ക് കൈമാറിക്കൊണ്ടിരിക്കുന്നത്. ഇന്നും വയലാറിന്റെ 'ചെലവിലാണ്' പല സാഹിത്യ പണ്ഡിതമ്മന്യര്‍ക്കും വേദികള്‍ കിട്ടുന്നത്.. 


അധികാരവും കക്ഷി രാഷ്ട്രീയവും വയലാറിന് മേലേ മറ്റു കവികളെ പ്രതിഷ്ഠിക്കാന്‍ ഉപയോഗിച്ച പലരും മനസ്സിലാക്കാത്ത ഒന്നുണ്ട്.. നാട്ടിലെമ്പാടുമുള്ള പുരസ്കാരങ്ങള്‍ക്കോ ജ്ഞാനപീഠങ്ങള്‍ക്കോ ഒരു വയല്‍പ്പൂവിന്റെ ആയുസ്സ് നല്‍കാനാകും. എന്നാല്‍ നാലു പതിറ്റാണ്ടിന്റെ ദീപ്തമായ ഓര്‍മ്മകള്‍ നല്‍കാനാവില്ല. 


വയലാര്‍ കാലഘട്ടത്തിന്റെ കവി ആയിരുന്നില്ല. കാലാതീതനായ കവിയായിരുന്നു. കാലം തന്നെയായിരുന്നു. പ്രകൃതിയും ഈശ്വരനും ഞാനും നിന്‍റെ പ്രതിരൂപങ്ങളല്ലേ എന്നു കാലത്തോട് ചോദിച്ചത് വെറുതെ ആയിരുന്നില്ല എന്ന് ചുരുക്കം. സാഹിത്യത്തിലെ തമ്പുരാക്കന്മാര്‍ വയലാറിനെ എത്രകണ്ട് ഒതുക്കാന്‍ നോക്കിയോ അത്രകണ്ട് ഇന്നാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തിന്‍റെ സ്മരണകള്‍ നെഞ്ചേറ്റി.

- ഹരിയേറ്റുമാനൂര്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K