05 May, 2019 06:07:02 PM


മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ്: പേരൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെ രണ്ടാം ഘട്ട ടാറിംഗ് ഇന്ന് തുടങ്ങും




ഏറ്റുമാനൂര്‍: മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡിന്റെ രണ്ടാം ഘട്ടം നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള അവസാന ഘട്ട ടാറിംഗ് ജോലികള്‍ തിങ്കളാഴ്ച രാവിലെ ആരംഭിക്കും. പൂവത്തുംമൂട് മുതല്‍ ഏറ്റുമാനൂര്‍ പാലാ റോഡില്‍ പാറകണ്ടം വരെയുള്ള മൂന്ന് കിലോമീറ്ററോളം വരുന്ന ഭാഗത്താണ് ടാറിംഗ് നടത്തുക. ബിഎംബിസി നിലവാരത്തിലാണ് നടക്കുന്ന ടാറിംഗിംന്റെ രണ്ടാംഘട്ടമായി ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പണികളാണ് ഇന്ന് ആരംഭിക്കുന്നത്. പതിനഞ്ച് മീറ്റര്‍ വീതിയിലുള്ള റോഡില്‍ ടാറിംഗ് നടക്കുന്നത് പത്ത് മീറ്റര്‍ വീതിയിലാണ്.

നിലവിലെ ഏറ്റുമാനൂര്‍ - പേരൂര്‍ റോഡാണ് മണര്‍കാട് ബൈപാസ് റോഡിന്റെ ഭാഗമായി രൂപാന്തരം പ്രാപിച്ചത്. പൂവത്തുംമൂട് ജംഗ്ഷന്‍ മുതല്‍ നിലവിലെ പേരൂര്‍ റോഡില്‍  ഒരു വളവ് നിവര്‍ത്തുന്ന ഭാഗത്തും പേരൂര്‍കാവ് ക്ഷേത്രത്തിന് പിന്നില്‍ കൂടി പോളച്ചിറകുളം കഴിഞ്ഞ് ചെറ്റക്കവലയ്ക്ക് മുമ്പ് വരെയും ചെറുവാണ്ടൂര്‍ ലൈബ്രറി ജംഗ്ഷന്‍ മുതല്‍ പാലാ റോഡില്‍ പാറകണ്ടം വരെയും റോഡ് പുതുതായി നിര്‍മ്മിച്ചു. ടാറിംഗിന്റെ ആദ്യഘട്ടത്തിന് ശേഷം പൂവത്തുംമൂട് മുതല്‍ ഏറ്റുമാനൂര്‍ വരെ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. എന്നാല്‍ വാഹനങ്ങളുടെ അശ്രദ്ധയോടെയുള്ള മരണപാച്ചില്‍ മൂലം മൂന്ന് പേരുടെ ജീവനെടുത്ത അപകടം വരെ ഇവിടെ ഉണ്ടായി. തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുതുതായി പണിത റോഡിലൂടെ ഗതാഗതം നിര്‍ത്തിവെച്ചിരുന്നു.

ഇന്ന് ആരംഭിക്കുന്ന രണ്ടാം ഘട്ടം ടാറിംഗ് മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഇതിനു ശേഷം സീബ്രാ വരകള്‍ ഉള്‍പ്പെടെ വാഹനഗതാഗതത്തിന് സഹാകമാകുന്ന രീതിയിലുള്ള വരകളുടെ മാര്‍ക്കിംഗും ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കലും പൂര്‍ണ്ണമായ ശേഷം മെയ് അവസാനത്തോടെ വാഹനങ്ങള്‍ കടത്തിവിടും. റോഡില്‍ ബമ്പുകള്‍ ഉണ്ടാവില്ല. പകരം ഇതര ശാഖാ റോഡുകളില്‍ ബൈപാസിലേക്ക് കയറുന്ന ഭാഗത്ത് ചെറിയ ബമ്പുകള്‍ സ്ഥാപിക്കും. 

മണര്‍കാട് മുതല്‍ ഏറ്റുമാനൂര്‍ പട്ടിത്താനം വരെയുള്ള ബൈപാസിന്റെ പണികള്‍ രണ്ടു ഘട്ടങ്ങളായാണ് നടത്താനിരുന്നത്. പൂവത്തുമൂട് വരെയുള്ള ആദ്യ ഘട്ടം വര്‍ഷങ്ങള്‍ക്കു മുന്‍പേ തീര്‍ന്നിരുന്നു. സ്വകാര്യവ്യക്തികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മുടങ്ങികിടന്ന രണ്ടാം ഘട്ടം പണികള്‍ ആരംഭിച്ചെങ്കിലും പാലാ റോഡില്‍ പാറകണ്ടത്തില്‍ അവസാനിപ്പിക്കുവാനായിരുന്നു തീരുമാനം. റോഡിന്റെ അവസാനഘട്ട  സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട് രണ്ട് സ്വകാര്യവ്യക്തികളുമായി നിലനിന്ന തര്‍ക്കം മൂലമായിരുന്നു പാലാ റോഡില്‍ അവസാനിപ്പിച്ചത്. ഇതിനിടെ പേരൂര്‍ ചാലയ്ക്കല്‍ ക്ഷേത്രത്തിന്റെ മുന്‍ഭാഗം നവീകരണം നടന്നില്ല. ഇവിടെ ഒരു സ്വകാര്യവ്യക്തിയില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നതില്‍ വന്ന കാലതാമസമായിരുന്നു കാരണം. സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറി കിട്ടിയാലേ ഇവിടെ പണികള്‍ പുനരാരംഭിക്കാനാവു. 

കേന്ദ്ര സര്‍ക്കാര്‍ പാസാക്കി  2016 ജനുവരിയില്‍ നടപ്പിലാക്കിയ പുതിയ ആക്ട് അനുസരിച്ച് സ്ഥലമേറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണത്രേ ഒരു അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനും കേസ് നല്‍കിയിരുന്നത്. പുതിയ ആക്റ്റ് അനുസരിച്ച് സ്ഥലം ഏറ്റെടുക്കുമ്പോള്‍ പഴയതിലും കൂടുതല്‍ വില ഉടമസ്ഥര്‍ക്ക് കിട്ടും. പേരൂര്‍ ചാലയ്ക്കല്‍ ക്ഷേത്രത്തിനു മുന്നിലെ സ്വകാര്യ വ്യക്തിയില്‍ നിന്നും ഏറ്റുമാനൂരില്‍ കേസ് നല്‍കിയ രമ്ട് വ്യക്തികളില്‍ നിന്നും പുതിയ ആക്ട് അനുസരിച്ച് സ്ഥലം ഏറ്റെടുക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായാലുടന്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും.  സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 10 കോടി രൂപ ബൈപാസിന്റെ അവസാന പണികള്‍ക്കായി വകയിരുത്തിയിരുന്നു. ഇനി മൂന്നാം ഘട്ടമായി 1.790 കിലോമീറ്റര്‍ ദൂരമാണ് നിര്‍മ്മാണം നടക്കേണ്ടത്. പാലാ റോഡില്‍ നിന്നും മാറാവേലി തോടിനരികിലൂടെ പട്ടിത്താനം റൗണ്ടാനയില്‍ അവസാനിക്കുന്ന രീതിയിലാണ് റോഡ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനിടെ പാലാറോഡിന് കുറുകെ ബൈപാസ് കടക്കുന്ന ഭാഗത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ അടുത്ത ഘട്ടത്തോടൊപ്പം മേല്‍പ്പാലം പണിയണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K