02 June, 2019 12:58:39 AM


ട്രോളിംഗ് നിരോധനം ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ; ഇതരസംസ്ഥാന ബോട്ടുകള്‍ തീരം വിട്ട് പോകാന്‍ നിര്‍ദേശം



കൊച്ചി: കേരള തീരത്ത് 2019 ജൂണ്‍ ഒമ്പത് അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രി 12 വരെ 52 ദിവസത്തെ ട്രോളിംഗ് നിരോധനം. ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി എറണാകുളം ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂണ്‍ ഒമ്പതിന് മുന്‍പായി തീരം വിട്ട് പോകാന്‍ നിര്‍ദേശം നല്‍കി.  

ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകള്‍,  തീരപ്രദേശത്തെ മറ്റു ഡീസല്‍ ബങ്കുകള്‍ എന്നിവ ട്രോളിംഗ് നിരോധന കാലയളവില്‍ അടച്ചിടണം. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മത്സ്യഫെഡ് ബങ്കുകളും മറ്റ് തെരഞ്ഞെടുത്ത ബങ്കുകളും മുഖേന ഡീസല്‍ ലഭ്യമാക്കും.  യന്ത്രവത്കൃത ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുവാന്‍ പാടില്ല.  ചെറു മത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും ഇതു സംബന്ധിച്ച് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിരോധന കാലയളവില്‍ രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യങ്ങളുടെ വിപണനം നടത്തുന്നത് തടയുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.  

ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍, പീലിംഗ് ഷെഡ് തൊഴിലാളികള്‍ എന്നിവര്‍ക്ക് മുന്‍ കാലങ്ങളിലേതുപോലെ സൗജന്യ റേഷന്‍ അനുവദിക്കും.  അപേക്ഷകള്‍ക്കായി മത്സ്യത്തൊഴിലാളികള്‍ അതാത് മത്സ്യഭവന്‍ ആഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്. ഈ കാലയളവില്‍ കടലില്‍ പോകുന്ന യന്ത്രവത്കൃത ഇന്‍ബോര്‍ഡ് വളളങ്ങള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. അങ്ങനെ പോകുന്ന ഒരു ഇന്‍ബോര്‍ഡ് വളളത്തിനോടൊപ്പം ഒരു ക്യാരിയര്‍ വളളം മാത്രമേ അനുവദിക്കുകയുളളൂ. കൂടാതെ ക്യാരിയര്‍ വളളത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ അതാത് ഫിഷറീസ് ഓഫീസുകളില്‍ യാന ഉടമകള്‍ റിപ്പോര്‍ട്ട് ചെയ്യണം. 

ട്രോള്‍ബാന്‍ കാലയളവില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും ബയോമെട്രിക് ഐഡി കാര്‍ഡും, സുരക്ഷാ ഉപകരണങ്ങളും, കൈയില്‍ കരുതേണ്ടതും വേണ്ടത്ര ജാഗ്രത പാലിക്കേണ്ടതുമാണ്. കടലിലുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ 3 പട്രോളിംഗ് ബോട്ടുകളും വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ടെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  കൂടാതെ, കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പലും, ഹെലികോപ്റ്ററും, രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിംഗിനുമായി 24 മണിക്കൂറും സജീവമായിരിക്കുമെന്നും അറിയിച്ചു. 

മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ വേണ്ടത്ര സുരക്ഷ ഉപകരണങ്ങള്‍ യാനങ്ങളില്‍ കരുതേണ്ടതും, കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കേണ്ടതുമാണെന്നും യോഗം നിര്‍ദ്ദേശിച്ചു. കടല്‍ രക്ഷാപ്രവര്‍ത്തനം ആവശ്യമായി വരുന്ന അവസരങ്ങളില്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. ഫിഷറീസ് കണ്‍ട്രോള്‍ റൂം 0484-2502768, 9496007037,  9496007029, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് 9496007048, കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍, അഴീക്കോട് 0480-2815100, ഫോര്‍ട്ട് കൊച്ചി 0484-2215006, 1093, കോസ്റ്റ് ഗാര്‍ഡ് 0484-2218969, 1554 (ടോള്‍ഫ്രീ), നേവി 0484-2872354, 2872353.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K