17 July, 2019 07:21:02 PM


'കോടതിയും സര്‍ക്കാരും പറയും; പക്ഷെ ഫ്‌ളക്‌സ് ബോര്‍ഡ് വിട്ടു കളിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല!'

ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ മത്സരിച്ച് ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍മാര്‍



- എം.പി.തോമസ്


ഏറ്റുമാനൂര്‍: ഫ്‌ളക്‌സ് ബോര്‍ഡ് നിരോധനം പൂര്‍ണ്ണമായി നടപ്പാക്കാത്തതിന് സംസ്ഥാന സര്‍ക്കാരിനെതിരെ പലവട്ടം താക്കീതുമായി ഹൈക്കോടതി രംഗത്തു വന്നിട്ടും ഫ്‌ളക്‌സിനെ വിട്ട് കളിക്കാന്‍ തയ്യാറാവാതെ തദ്ദേശസ്ഥാപനങ്ങള്‍. ഈ കാര്യത്തില്‍ ഏറ്റവും മുന്നില്‍ തന്നെയാണ് ഏറ്റുമാനൂര്‍ നഗരസഭ. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് നഗരസഭ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടും അത് തങ്ങള്‍ക്ക് മാത്രം ബാധകമല്ലെന്ന മട്ടിലാണ് സാരഥികളായി എത്തുന്നവര്‍.


നഗരസഭയുടെ രണ്ടാമത് ചെയര്‍മാന്‍ ജോയി മന്നാമല ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ ശേഷമാണ് അധികാരം വിട്ടൊഴിഞ്ഞത്. എന്നാല്‍ പിന്നാലെ വന്ന രണ്ട് ചെയര്‍മാന്‍മാരും തങ്ങളുടെ പ്രചരണത്തിന്റെ ഭാഗമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മത്സരിച്ച് സ്ഥാപിച്ചു. മൂന്നാമത് ചെയര്‍മാന്‍ ജോയി ഊന്നുകല്ലേലിനുവേണ്ടി സ്ഥാപിച്ച ബോര്‍ഡുകള്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞതോടെ മാറ്റപ്പെട്ടുവെങ്കിലും നിലവിലെ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ ഇപ്പോഴും നഗരത്തിലെ വൈദ്യുതി പോസ്റ്റുകളിലും മറ്റും ഉയര്‍ന്നു നില്‍ക്കുന്നു. എന്നാല്‍ ഇതേപറ്റി ചോദിച്ചാല്‍ ഞങ്ങളല്ല ബോര്‍ഡ് വെച്ചതെന്നും പാര്‍ട്ടിക്കാരും സംഘടനകളുമാണ് എന്ന മറുപടിയാണ് ലഭിക്കുക. അങ്ങിനെയാണെങ്കിലും നേതാക്കള്‍ അറിയാതെ ബോര്‍ഡുകള്‍ വെക്കുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടതല്ലെ എന്നാണ് നാട്ടുകാരുടെ ചോദ്യം.


ആറ് മാസത്തേക്ക് മാത്രം കസേര പങ്കിട്ട മുന്‍ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേലിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ ദിവസം തന്നെ നാടുനീളെ വലുതും ചെറുതുമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത് വന്‍ വിവാദമായിരുന്നു. മാറ്റത്തിന്റെ കൊടുങ്കാറ്റ് എന്ന മുദ്രാവാക്യത്തോടെ ചെയര്‍മാന്റെ ചിത്രം സഹിതം എം.സി.റോഡിലും നഗരസഭയുടെ കീഴിലുള്ള എല്ലാ നിരത്തുകളിലും ജംഗ്ഷനുകളിലും ഈ ബോര്‍ഡ് ഉയര്‍ന്നു. പിന്നാലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കണമെന്നും നിരത്തുകളില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നുമുള്ള തീരുമാനം കര്‍ശനമാക്കിയതും ജോയി ഊന്നുകല്ലേല്‍ ചെയര്‍മാനായപ്പോള്‍ തന്നെ. അവസാനം ചെയര്‍മാന്റെ പ്രചരണത്തിനായി ബോര്‍ഡുകള്‍ മുഴുവനല്ലെങ്കില്‍ കൂടി നഗരസഭയുടെ ചെലവില്‍ നീക്കം ചെയ്യുന്ന കാഴ്ചയാണ് നാട്ടുകാര്‍ക്ക് കാണാനായത്. 


ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രമൈതാനിയിലൂടെ അമ്പലത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന ഏതൊരു ഭക്തനും കാണാനാവുക മൈതാനത്തിന് അകത്തും പുറത്തുമായി എണ്ണിയാലൊടുങ്ങാത്തത്ര ഫ്‌ലക്‌സ് ബോര്‍ഡുകള്‍. ഇതിനൊക്കെ പുറമെയാണ് വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെയും സംഘടനകളുടെയും മറ്റുമായി നഗരത്തില്‍ ഉയര്‍ന്നിരിക്കുന്ന ബോര്‍ഡുകള്‍. നഗരസഭയുടെ അനുവാദമില്ലാതെ  ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ പിഴയുള്‍പ്പെടെ നടപടികള്‍ എടുക്കുമെന്ന് പ്രഖ്യാപനമുണ്ടായിട്ടും ഒന്നും നടപ്പായില്ലെന്നു മാത്രം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K