22 March, 2020 03:19:55 PM


ജനതാ കര്‍ഫ്യു: പരിസരശുചീകരണത്തില്‍ മാതൃകയായി മോന്‍സി



ഏറ്റുമാനൂര്‍: പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഞായറാഴ്ച രാജ്യമെങ്ങും ജനതാ കര്‍ഫ്യു ആചരിക്കവെ കോവിഡ് 19നെ പ്രതിരോധിക്കാന്‍ ശുചീകരണപ്രവര്‍ത്തനവുമായി മോന്‍സി പെരുമാലില്‍. ഏറ്റുമാനൂരില്‍ ജനങ്ങള്‍ കൂടുതല്‍ എത്തിചേരാനിടയുള്ള സ്ഥലങ്ങള്‍ അണുവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ മോന്‍സി ജനതാ കര്‍ഫ്യു ദിനത്തില്‍ വീടിന് പുറത്തിറങ്ങിയത്. പാടത്ത് മരുന്ന് അടിക്കാനായി വാങ്ങിയ  വലിയ പമ്പും വീട്ടില്‍ കരുതിയിരുന്ന ബ്ലീച്ചിംഗ് പൗഡറുമായി രംഗത്തിറങ്ങിയ മോന്‍സിയെ നഗരസഭാ അധികൃതരും പോലീസും രണ്ടു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.


രാവിലെ ടിവിയില്‍ വാര്‍ത്ത കണ്ടുകൊണ്ടിരിക്കെയാണ് കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി പൊതുസ്ഥലങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അണുവിമുക്തമാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നത് മോന്‍സിയുടെ ശ്രദ്ധയില്‍പെട്ടത്. എങ്കില്‍ എന്തുകൊണ്ട് തന്‍റെ വീട്ടിലും പരിസരത്തും ഇത് ചെയ്തുകൂടാ എന്നായി മോന്‍സിയുടെ ചിന്ത. തുടര്‍ന്നാണ് പൊതുസ്ഥലങ്ങള്‍ കൂടി  ശുചീകരിക്കുന്നതിനെ പറ്റി മോന്‍സി ആലോചിക്കുന്നത്. തന്‍റെ രണ്ട് സുഹൃത്തുക്കളെ വിളിച്ച് അഭിപ്രായം ആരാഞ്ഞു. തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിനോടും ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസിനോടും ഈ സേവനം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന വിവരം ധരിപ്പിക്കുകയായിരുന്നു.



മുനിസിപ്പല്‍ ചെയര്‍മാന്‍ പച്ചകൊടി കാട്ടിയതോടെ തന്‍റെ കൃഷിയിടത്തിലെ സഹായിയായ ആസാം സ്വദേശി മൂസയെയും കൂട്ടി മോന്‍സി നഗരത്തിലെത്തി. അപ്പോഴേക്കും ചെയര്‍മാനും ആരോഗ്യ - വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍മാരും സ്ഥലത്തെത്തി. നഗരസഭാ പരിസരത്ത് ക്ലോറിനേഷന്‍ നടത്തിയ പിന്നാലെ സ്വകാര്യ ബസ് സ്റ്റാന്‍റും മത്സ്യ - പച്ചക്കറി മാര്‍ക്കറ്റുകളും അറവ്ശാലാ പരിസരവും കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍റും അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഇതിനിടെ ബ്ലീച്ചിംഗ് പൗഡര്‍ തികയാതെ വന്നത് നഗരസഭ നല്‍കി.



തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലും മോന്‍സി തന്‍റെ സേവനവുമായെത്തി. പോലീസ് ഇന്‍സ്പെക്ടര്‍ എ.ജെ.തോമസും പോലീസുകാരും മോന്‍സിക്ക് പിന്തുണയുമായി രംഗത്തെത്തി. സ്റ്റേഷനുള്ളിലെ മുറികളിലും പ്രതികള്‍ക്കായുള്ള സെല്ലിലും പരിസരങ്ങളിലും എന്നുമാത്രമല്ല പോലീസ് വാഹനങ്ങളില്‍ വരെ ക്ലോറിനേഷന്‍ നടത്തിയാണ് മോന്‍സി പിന്‍വാങ്ങിയത്.  പിന്നാലെ ഒരു കിലോമീറ്ററോളം പോലീസുകാരോടൊപ്പം സഞ്ചരിച്ച് എം.സി.റോഡും പടിഞ്ഞാറെനട, ശക്തിനഗര്‍ ബസ് സ്റ്റോപ്പുകളും അണുവിമുക്തമാക്കി. 


നഗരസഭയില്‍ ദുരന്തനിവാരണസേനയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെങ്കിലും കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ഇത്തരം പ്രവര്‍ത്തനങ്ങളിലേക്കിറങ്ങാന്‍ ആരും ഇതുവരെ തയ്യാറായിട്ടുമില്ല.  ഈ സാഹചര്യത്തിലാണ് ഒട്ടനവധി പേര്‍ കയറിയിറങ്ങുന്ന നഗരസഭാ പരിധിയിലെ പൊതുസ്ഥലങ്ങള്‍ പ്രതിഫലം കൂടാതെ ശുചീകരിക്കാന്‍ മോന്‍സി തയ്യാറായത്.  പ്രളയം ദുരന്തം വിതച്ച രണ്ട് വര്‍ഷവും നാട്ടുകാര്‍ക്ക് കൈതാങ്ങായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍  മുന്‍പന്തിയിലുണ്ടായിരുന്നു  മോന്‍സി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.4K