06 April, 2020 05:19:28 PM


ബീനയുടെ വീടിന്‍റെ വെഞ്ചരിപ്പില്‍ പങ്കെടുത്ത ഓര്‍മ്മകളുമായി മോന്‍സ് ജോസഫ് എം.എല്‍.എ.



കടുത്തുരുത്തി: ബീനയുടെയും ജോര്‍ജിന്റെയും പുതിയ വീടിന്‍റെ വെഞ്ചരിപ്പ് കര്‍മ്മത്തില്‍ പങ്കെടുത്ത ഓര്‍മ്മകളുമായി മോന്‍സ് ജോസഫ് എം.എല്‍.എ. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം അയര്‍ലന്‍ഡില്‍ മരണമടഞ്ഞ നഴ്‌സ് കുറുപ്പന്തറ ഇരവിമംഗലം, പഴഞ്ചിറയില്‍ ബീനാ സണ്ണിയുടെ കുടുംബവീട്ടില്‍ അനുശോചനം അറിയിക്കാനെത്തിയതായിരുന്നു അഡ്വ മോന്‍സ് ജോസഫ് എംഎല്‍എ. 15 വര്‍ഷമായി അയര്‍ലന്‍ഡില്‍ സ്ഥിരതാമസമാക്കിയ ബീനയും ഭര്‍ത്താവ് ജോര്‍ജ് പോള്‍ എന്ന് വിളിക്കുന്ന സണ്ണിയും, എം ബി ബി എസ് വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍മക്കളോടൊപ്പം ഏതാനും വര്‍ഷം മുമ്പ് നാട്ടിലെത്തിയിരുന്നു. അന്ന് കടുത്തുരുത്തി - കുറുപ്പന്തറ റോഡില്‍ പുതുതായി നിര്‍മ്മിച്ച വീടിന്‍റെ വെഞ്ചിരിപ്പ് കര്‍മ്മത്തില്‍ ഇവരോടൊപ്പം പങ്കെടുക്കാന്‍ അവസരം ലഭിച്ചത് ഏറെ ദുഖത്തോടെയാണ് മോന്‍സ് ജോസഫ് അനുസ്മരിച്ചത്. 


ഞായറാഴ്ച രാവിലെ പതിനൊന്നോടെ ജോര്‍ജാണ് ബീനയുടെ മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. ദ്രോഗ്ഡ ലൂര്‍ദ്ദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന ബീന അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ മാസം മുതല്‍ ബീന ജോലിയില്‍ നിന്നും അവധിയില്‍ പ്രവേശിച്ചിരുന്നു. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു. ജോര്‍ജും മകള്‍ ആന്‍മിയും നിലവില്‍ അയര്‍ലണ്ടില്‍ നിരീക്ഷണത്തിലാണ്. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുനു ജോര്‍ജ്, മാഞ്ഞൂര്‍ ബാങ്ക് പ്രസിഡന്റ് ലൂക്കോസ് മാക്കിയില്‍, ബ്ലോക്ക് മെംബര്‍ സി എം ജോര്‍ജ്, മുന്‍ ബ്ലോക്ക് മെംബര്‍ തോമസ് സി മാഞ്ഞൂരാന്‍, ഗ്രാമപഞ്ചായത്ത് മെംബര്‍ ടോമി കാറുകുളം എന്നിവരും ഇരവിമംഗലത്തെ വീട്ടിലെത്തി അനുശോചനമറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K