26 May, 2020 04:18:25 PM


തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനമില്ല; നഗരസഭക്ക് മുന്നില്‍ കുത്തിയിരുന്ന് മുന്‍ ചെയര്‍മാന്‍



ഏറ്റുമാനൂര്‍: അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം പണിയെടുക്കുന്ന വനിതാ തൊഴിലാളികള്‍ക്ക് വേതനം കിട്ടിയിട്ട് മാസങ്ങള്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പണിയില്ലാതാകുകയും വേതനകുടിശിഖ ലഭിക്കാതെ വരികയും ചെയ്തതോടെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഏറ്റുമാനൂര്‍ നഗരസഭ രണ്ടാം വാര്‍ഡിലെ തൊഴിലാളികള്‍ മുന്‍ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേലിന്റെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിനുമുന്നില്‍ സത്യാഗ്രഹമിരുന്നു.


ചൊവ്വാഴ്ച കൗണ്‍സില്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മുന്‍ ചെയര്‍മാനും നാല് വനിതാതൊഴിലാളികളും പ്ലക്കാര്‍ഡുകളുമേന്തി നഗരസഭാ കവാടത്തില്‍ കുത്തിയിരുന്നത്. 2019ല്‍ ഒരു തൊഴില്‍ദിനത്തിന് 275 രൂപാ പ്രകാരമാണ് കണക്കാക്കിയിരുന്നത്. ഒരു തൊഴിലാളിക്ക് 150 തൊഴില്‍ദിനങ്ങളാണ് ലഭിക്കുക. എന്നാല്‍ ഏറ്റുമാനൂര്‍ നഗരസഭയില്‍ ഈ പണം കുടിശിഖയായി. ചിലര്‍ക്ക് ലഭിച്ചതാകട്ടെ 75 രൂപ കുറച്ച് 200 രൂപാ പ്രകാരവും. തൊഴിലാളികള്‍ക്ക് വേതനം കൃത്യമായി കൊടുക്കുന്നില്ലെന്ന് മാത്രമല്ല, ഇവര്‍ക്ക് പണി ആയുധങ്ങല്‍ ലഭ്യമാക്കാനോ ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ പോലുള്ള പരിരക്ഷകള്‍ ഉറപ്പാക്കാനോ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ജോയി ഊന്നുകല്ലേല്‍ കുററപ്പെടുത്തി.


മുന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ നടത്തിയ കുത്തിയിരുപ്പ് സമരം ചൊവ്വാഴ്ച നടന്ന നഗരസഭാ കൗണ്‍ലിലും ബഹളത്തിന് കാരണമായി. നഗരസഭയുടെ സാമ്പത്തികസ്ഥിതിഗതികള്‍ കൃത്യമായി അറിയുന്ന ഒരാള്‍ ഈ സമരത്തിന് നേതൃത്വം നല്‍കിയത് ശരിയായില്ലെന്ന് ഒരു വിഭാഗം വാദിച്ചു.  കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് പ്രശ്‌നത്തിനു കാരണമെന്നും നിലവില്‍ തനതുഫണ്ടില്‍ നിന്ന് തുക വകമാറ്റി ചെലവഴിച്ചാണ് കുറച്ചെങ്കിലും പണം നല്‍കാനായതെന്നും ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ സൂസന്‍ തോമസ് പറഞ്ഞു. തൊഴിലാളികളുടെ ദിവസകൂലി 500 രൂപയായി ഉയര്‍ത്തണമെന്നും ആവശ്യമുയര്‍ന്നു.


തൊഴിലാളികളുടെ സമരം പരിഗണിക്കേണ്ടെന്ന അഭിപ്രായവുമായി സിപിഎം പ്രതിനിധിയും നഗരസഭ വികസനകാര്യസ്ഥിരിസമിതി അധ്യക്ഷനുമായ പി.എസ്.വിനോദ് കൗണ്‍സിലില്‍ സംസാരിച്ചതിനെതിരെ സിപിഎം അംഗമായ എന്‍.വി.ബിനീഷ് രംഗത്തെത്തിയതും ശ്രദ്ധേയമായി. നഗരസഭയ്‌ക്കെതിരെ മുന്‍ചെയര്‍മാന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന് വില കല്‍പ്പിക്കേണ്ടെന്ന രീതിയിലായിരുന്നു വിനോദ് സംസാരിച്ചത്. എന്നാല്‍ തൊഴിലാളികള്‍ക്കുവേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയുടെ പ്രതിനിധി തൊഴിലാളികള്‍ക്ക് നേരെ മുഖം തിരിക്കുന്നത് ഒട്ടും ശരിയല്ലെന്ന അഭിപ്രായമായിരുന്നു മറ്റൊരു സിപിഎം പ്രതിനിധിയായ ബിനീഷ് എന്‍വി എണീറ്റത്. സിപിഎം നേതൃത്വം നല്‍കുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ ജില്ലാ നേതാവുകൂടിയാണ് പി.എസ്.വിനോദ് എന്ന് ബിനീഷ് ചൂണ്ടികാട്ടി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K