12 December, 2021 07:24:58 PM


കർദ്ദിനാൾ ആലഞ്ചേരിയെ ബഹിഷ്കരിക്കും; അതിരൂപതയിലെ വിമതവിഭാഗം



കൊച്ചി: സീറോ മലബാർ സഭയിൽ കുർബാന ഏകീകരണത്തെച്ചൊല്ലിയുള്ള പോര് മുറുകുന്നു. ജനാഭിമുഖ കുർബ്ബാന അംഗീകരിക്കാത്ത കർദ്ദിനാൾ ആലഞ്ചേരിയെ എറണാകുളം - അങ്കമാലി അതിരൂപതയിലെ പരിപാടികളിൽ ബഹിഷ്കരിക്കുമെന്ന് വിമതവിഭാഗം അറിയിച്ചു.

ജനാഭിമുഖ കുർബ്ബാനയ്ക്ക് തടസം നിൽക്കുന്ന കർദ്ദിനാൾ വിഭാഗത്തിനെതിരെയുള്ള തുടർ സമരപരിപാടികൾ ആലോചിക്കാൻ ചേർന്ന വിമത വിഭാഗമായ അൽമായ മുന്നേറ്റത്തിന്റെ കൊച്ചി കലൂരിലെ യോഗത്തിലാണ് തീരുമാനം. വൈദികരും വിശ്വാസികളും പങ്കെടുത്ത യോഗത്തിലാണ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയിൽ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. മാർപ്പാപ്പയുടെ നിലപാടിനെ അംഗീകരിക്കുമെന്നും അവർ അറിയിച്ചു. 

വിമത വിഭാഗം കലൂരിൽ യോഗം ചേർന്ന അതേസമയത്ത് കർദ്ദിനാളിനെ അനുകൂലിക്കുന്ന സഭ സംരക്ഷണ സമിതി പ്രവർത്തകർ കൊച്ചിയിലെ എറണാകുളം-അങ്കമാലി സഭ ആസ്ഥാനത്ത് പ്രതിഷേധിച്ചു. തുടർന്ന് കുർബ്ബാന ഏകീകരണം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ആർച്ച് ബിഷപ്പ് ആന്‍റെണി കരിയിലിനെ കണ്ടു. വരും ദിവസങ്ങളിൽ കർദ്ദിനാളിനെതിരെ സമരം കടുപ്പിക്കാനാണ് വിമത വിഭാഗത്തിന്‍റെ തീരുമാനം. അതേ നാണയത്തിൽ ചെറുക്കുമെന്നാണ് സഭ സംരക്ഷണ സമിതിയുടെ നിലപാട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K