26 July, 2022 04:55:45 PM


വിദ്യാർത്ഥിനിയെ 'അച്ചടക്കം പഠിപ്പിച്ചു'; അധ്യാപികയെ വിവസ്ത്രയാക്കി തല്ലിച്ചതച്ചു



കൊൽക്കത്ത: വിദ്യാർത്ഥിനിയെ 'അച്ചടക്കം പഠിപ്പിച്ചതിന്റെ' പേരിൽ അധ്യാപികയെ വിവസ്ത്രയാക്കി ആൾക്കൂട്ടം ചേർന്ന് മർദിച്ചു. പശ്ചിമ ബംഗാളിലെ തെക്കൻ ദിനാജ്പൂർ ജില്ലയിലെ സ്‌കൂളിൽ അധ്യാപികയെ ജനക്കൂട്ടം ആക്രമിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു വിദ്യാർത്ഥിനിയുടെ മാതാപിതാക്കളാണ് ആൾക്കൂട്ടത്തിന് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ട്.

ത്രിമോഹിനി പ്രതാപ് ചന്ദ്ര ഹൈസ്കൂളിലെ വിദ്യാർത്ഥിയെ പഠിക്കാത്തതിന്റെ പേരിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച അദ്ധ്യാപിക  ശകാരിച്ചുവത്രേ. ഹെഡ്മാസ്റ്ററുടെ ഓഫീസിന് പുറത്താണ് ജനക്കൂട്ടം ആദ്യം ഒത്തുകൂടിയത്. തുടർന്ന് ഇവർ അധ്യാപകരുടെ കോമൺ റൂമിൽ കയറി ആക്രമണം നടത്തി. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിവരമറിഞ്ഞ് പോലീസ് സംഘം സ്‌കൂളിലെത്തി. പിന്നീട് സ്‌കൂൾ ടീച്ചേഴ്‌സ് ബ്ലോക്ക് അഡ്മിനിസ്‌ട്രേഷന്റെ നേതൃത്വത്തിൽ സുരക്ഷ ഉറപ്പ് വരുത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

സംഭവം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു കഴിഞ്ഞു. ഞായറാഴ്ച ബി.ജെ.പി. എംപിയും സംസ്ഥാന അധ്യക്ഷനുമായ സുകാന്ത മജുംദർ പ്രദേശം സന്ദർശിച്ച് പ്രതിഷേധക്കാരെ കണ്ടിരുന്നു. അധ്യാപകരെ മർദിച്ചവർക്കെതിരെ കർശനമായ പോലീസ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തതായി ദക്ഷിണ് ദിനാജ്പൂർ എസ്.പി. രാഹുൽ ദേ പറഞ്ഞു.

സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, സംഭവം നാട്ടുകാരിൽ വൻ പ്രതിഷേധത്തിനിടയാക്കി. അധ്യാപിക ചെവിയിൽ പിടിച്ചപ്പോൾ വിദ്യാർത്ഥിയുടെ ഹിജാബ് ഊരിപ്പോയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ബി.ജെ.പി. സംസ്ഥാന ഘടകം മേധാവിയെ ഉദ്ധരിച്ച് 'ഹിന്ദുസ്ഥാൻ' റിപ്പോർട്ടിൽ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K