03 August, 2022 07:40:08 PM


മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്ക് എല്ലാ സഹായവും നൽകും: മന്ത്രി വാസവൻ

- മൂന്നിലവ് കടപ്പുഴ പാലത്തിന് തുക അനുവദിക്കും



കോട്ടയം: മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്ക് എല്ലാ സഹായവും സർക്കാർ നൽകുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകൾ, ഈരാറ്റുപേട്ട നഗരസഭ എന്നിവിടങ്ങളിലെ മഴക്കെടുതിയും ഉരുൾപൊട്ടൽമൂലം നാശവും നേരിട്ട പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കുകയായിരുന്നു മന്ത്രി.

പ്രളയത്തിൽ തകർന്ന മൂന്നിലവ് കടപ്പുഴ പാലം പുനർനിർമിക്കാൻ പട്ടികജാതി-പട്ടികവർഗ വകുപ്പിൽനിന്ന് തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നിലവ് ടൗണിൽ വെള്ളം കയറാൻ കാരണമായ മീനച്ചിലാറിലെ ചെക്ക് ഡാം പൊളിച്ചു മാറ്റാൻ നടപടിയെടുക്കും. മേലുകാവ് വാകക്കാട് കളത്തുകടവ് റോഡിൽ തകർന്ന മണ്ണൂർ പാലവും എരുമാപ്രമറ്റം പള്ളി ഹോസ്റ്റലിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു.

മഴക്കെടുതിയിൽ വളർത്തു മൃഗങ്ങളും പന്നി ഫാമും വാഹനവും ഒലിച്ചുപോയ വാകക്കാട് വയമ്പള്ളിൽ ഔസേഫിന്റെ വീടും കൃഷിയിടവും ഫാമും മന്ത്രി സന്ദർശിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കാൻ എല്ലാ സഹായവും സർക്കാർ നൽകുമെന്ന് മന്ത്രി പറഞ്ഞു. മൂന്നിലവ് ടൗണിലെ വെള്ളം കയറിയ കടകളും മന്ത്രി സന്ദർശിച്ചു. ഈരാറ്റുപേട്ടയിൽ മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്ന് സംരക്ഷണ ഭിത്തി ഇടിഞ്ഞ തടവനാൽ ബൈപാസ് റോഡ് മന്ത്രി സന്ദർശിച്ചു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, പാലാ ആർ.ഡി.ഒ. പി.ജി. രാജേന്ദ്ര ബാബു എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K