• ഏറ്റുമാനൂർ : ഏറ്റുമാനൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പാൾ ഏറ്റുമാനൂർ പടിഞ്ഞാറേനട മഹാലക്ഷ്മിയിൽ പ്രൊഫ. കെ. ആർ അനന്തപത്മനാഭ അയ്യർ അന്തരിച്ചു. മാന്നാനം കെ ഇ കോളേജ് അധ്യാപകനും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഭാരവാഹിയുമായിരുന്നു. സമിതിയുടെ ശാഖ പ്രസിഡണ്ട്, ജില്ലാ ട്രഷർ, സംസ്ഥാന സമിതി അംഗം എന്നീ ചുമതലകൾ വഹിച്ചിരുന്നു. ശനിയാഴ്ച (19/07/25) രാവിലെ 9 മണിയോടെ മൃതദേഹം ഭവനത്തിൽ എത്തിക്കും. സംസ്ക്കാരം 3 മണിക്ക്. ഭാര്യ: വള്ളിയമ്മാൾ, മക്കൾ: സരിത അയ്യർ (അധ്യാപിക, ഏറ്റുമാനൂരപ്പൻ കോളേജ്), സതീഷ്.



  • അതിരമ്പുഴ : പണ്ടാരക്കളത്തിൽ പരേതനായ പി. വി. പോളിന്റെ മകൻ ഡോ. ജെയിംസ് പോൾ (റിട്ട. കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, UK) അന്തരിച്ചു. സംസ്ക്കാരം നാളെ (ഞായർ) ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിലെ പ്രാർത്ഥനകൾക്കു ശേഷം അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ. ഭാര്യ: മറിയമ്മ ജെയിംസ് (കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ കുടുംബാംഗം). മകൻ : പോൾ ജെയിംസ് ദുബായ്, മരുമകൾ: മീന പോൾ. 



  • മലപ്പുറം: കവിയും പ്രഭാഷകനും ആത്മീയാചാര്യനും റിട്ട. അധ്യാപകനുമായ വട്ടംകുളം ശങ്കുണ്ണി (എരുവപ്ര വടക്കത്ത് വളപ്പില്‍ ശങ്കുണ്ണി നായര്‍-87) അന്തരിച്ചു. ബുധനാഴ്ച 11 മണിയോടെ മലപ്പുറം എടപ്പാള്‍ ശുകപുരം ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പരേതയായ സുലോചന. മക്കള്‍: പ്രിയ (അധ്യാപിക, ജിജെബിഎസ് വട്ടംകുളം), രഞ്ജിത് (അധ്യാപകന്‍). മരുമക്കള്‍: ഹരിഗോവിന്ദന്‍, ദിവ്യ.

    രാമായണവും മഹാഭാരതവും സാധാരണക്കാരന്‍ വായിക്കുകയും പഠിക്കുകയും വേണമെന്നാഗ്രഹിച്ച ശങ്കുണ്ണി അവയെ ലളിതമാക്കി ചെറു പുസ്തകങ്ങളാക്കി ജനങ്ങള്‍ക്ക് നല്‍കി. കര്‍ക്കടകമാസം മുഴുവന്‍ വായിക്കാനായി ലളിതമായ പുസ്തകമുണ്ടാക്കിയതിനൊപ്പം നാടന്‍ഭാഷയില്‍ രാമായണത്തെ തര്‍ജമചെയ്ത് പുതുമ കണ്ടെത്താനും അദ്ദേഹം സമയം കണ്ടെത്തി. 

    മഹാകവി അക്കിത്തത്തോടൊപ്പം എടപ്പാളിലെ തപസ്യയുടെ പ്രവര്‍ത്തനങ്ങളിലും മറ്റു സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും എന്നും വട്ടംകുളം ശങ്കുണ്ണിയും സജീവമായിരുന്നു. ശുകപുരം കുളങ്കര ഭഗവതീക്ഷേത്രത്തില്‍ മൂന്നു പതിറ്റാണ്ടായി നടക്കുന്ന പത്തുദിവസം നീളുന്ന സംഗീതോത്സവത്തെ അറിയപ്പെടുന്ന സംഗീതവിരുന്നാക്കി മാറ്റിയതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

    തപസ്യ കലാസാഹിത്യവേദി ജില്ലാ പ്രസിഡന്റ്, തപസ്യ എടപ്പാള്‍ യൂണിറ്റ് പ്രസിഡന്റ്, പെന്‍ഷനേഴ്‌സ് യൂണിയന്‍ ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ചെണ്ട, കുറ്റിപ്പുറം പാലത്തിനു മുന്നില്‍, രാമായണയാത്ര, രാമായണ പൊരുള്‍, രാമായണമുത്തുകള്‍, ആറിന്‍വഴി, ഒരു പോക്കറ്റ് രാമായണം, നാടോടി രാമായണം, സാധാരണക്കാരന്റെ ഭഗവത്ഗീത, രാമായണകഥകള്‍ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. എം ടി വേണു തപസ്യ നവരാത്രി പുരസ്‌കാരം, കാന്‍ഫെഡ് പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി.

    രാമായണത്തെ അത്രയേറെ സ്നേഹിച്ച വട്ടംകുളം ശങ്കുണ്ണി അന്തരിച്ചത് രാമായണ മാസത്തലേന്നാണ്. ശുകപുരം കുളങ്കര ഭഗവതീക്ഷേത്രം, ഉദിയന്നൂര്‍ അയ്യപ്പക്ഷേത്രം തുടങ്ങി പ്രദേശത്തെ പല ക്ഷേത്രങ്ങളിലും അടുത്തകാലംവരെ രാമായണ പാരായണം സ്ഥിരമായി നടത്തിയിരുന്നത് ഇദ്ദേഹമായിരുന്നു.

    പരേതരായ കടാട്ട് ഗോവിന്ദന്‍നായരുടെയും കല്യാണിയമ്മയുടെയും മകനായി 1938-ല്‍ ജനനം. മലയാളം അധ്യാപകനായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. വിവിധ പ്രസിദ്ധീകരണങ്ങളില്‍ കവിതകളും ലേഖനങ്ങളുമെഴുതിയിരുന്നു. വിരമിച്ചശേഷം സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 

    മഹാകവി അക്കിത്തമടക്കമുള്ളരോടൊപ്പം പ്രദേശത്തെ മിക്ക സാഹിത്യസദസ്സുകളിലും കവിയരങ്ങുകളിലും സ്ഥിരസാന്നിധ്യമായിരുന്നു. ഭക്തികവിതകളും സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരേയുള്ള സാമൂഹികപ്രതിബദ്ധതയുള്ള കവിതകളുമെല്ലാം എഴുതി. ആത്മീയ രംഗത്തും ശ്രദ്ധേയനായി. ഒട്ടേറെ ഭക്തിപ്രഭാഷണങ്ങള്‍ നടത്തി. 


  • ബെം​ഗളൂരു: നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ബെംഗളൂരു മല്ലേശ്വരത്തെ വസതിയിൽ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ലധികം സിനിമകളിൽ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. "അഭിനയ സരസ്വതി", "കന്നഡത്തു പൈങ്കിളി" തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന അവർ ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ്.

    1955-ൽ പതിനേഴാം വയസ്സിൽ കന്നഡ ക്ലാസിക് ചിത്രമായ മഹാകവി കാളിദാസിലൂടെയാണ് സരോജാ ദേവി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. 1958-ൽ എം ജി രാമചന്ദ്രനൊപ്പം അഭിനയിച്ച നാടോടി മന്നൻ എന്ന ചിത്രത്തിലൂടെയാണ് അവർ താരപദവിയിലേക്ക് ഉയരുന്നത്. 1969-ൽ പത്മശ്രീയും 1992-ൽ പത്മഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു. കൂടാതെ കലൈമാമണി അവാർഡും ബാംഗ്ലൂർ സർവകലാശാലയിൽ നിന്ന് ഓണററി ഡോക്ടറേറ്റും സരോജ ദേവിക്ക് ലഭിച്ചിട്ടുണ്ട്.

    1960-കളിൽ സരോജ ദേവി ധരിച്ചിരുന്ന സാരികൾ, ആഭരണങ്ങൾ, ഹെയർസ്റ്റൈലുകൾ എന്നിവ ഐക്കണിക് ആയി മാറിയതോടെ അത് വലിയ ഫാഷൻ ട്രെൻഡുകൾക്കായിരുന്നു വഴിയൊരുക്കിയത്. എംജിആർ- സരോജാ ദേവി കോമ്പോ ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഓൺസ്‌ക്രീൻ ജോഡികളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇരുവരും ഒന്നിച്ച് തായ് സൊല്ലൈ തത്താതെ, തായായി കഥ തനയൻ, കുടുംബ തലൈവൻ, ധർമ്മം തലൈകക്കും, നീതി പിൻ പാസം എന്നിവയുൾപ്പെടെ തുടർച്ചയായി 26 ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ അഭിനയിച്ചു. സൂര്യ ചിത്രമായ ആദവനിൽ സരോജ ദേവി ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിരുന്നു.


  • ഹൈ​ദരാബാദ്: പ്രശസ്ത തെലുങ്ക് നടനും ബിജെപി മുൻ എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു(83) അന്തരിച്ചു.ഹൈദരാബാദിലെ ഫിലിംനഗറിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖബാധിതനായിരുന്നു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് മരണമെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു.

    നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ തെലുങ്ക്,തമിഴ്,കന്നഡഹിന്ദി ഭാഷകളിലായി 750 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1942 ജൂലൈ 10 ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കങ്കിപാടുവിൽ ജനിച്ച കോട്ട ശ്രീനിവാസ റാവു, 1978 ൽ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 

    ശക്തമായ സ്ക്രീൻ സാന്നിധ്യത്തിലൂടെ പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയർന്ന അദ്ദേഹം തെലുങ്ക് സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന മുഖങ്ങളിൽ ഒരാളായി. വില്ലനായും ഹാസ്യതാരമായും സഹതാരമായുമെല്ലാം നിരവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. സിനിമാ മേഖലയിലേക്ക് വരുന്നതിന് മുൻപ് റാവു നാടക നടനായിരുന്നു.



  • ഏറ്റുമാനൂർ : വെട്ടിമുകൾ കോട്ടവാതുക്കൽ (കുഴിയിൽ) കെ.എം. ചാക്കോ (94) അന്തരിച്ചു. സംസ്കാരം നാളെ (13/7/25) 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പുല്ലാട്ട് പള്ളിപ്പുറം കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: വത്സമ്മ, പരേതനായ ജോയി കോട്ടവാതുക്കൽ, ആനിയമ്മ, എത്സമ്മ, റോബി, ബോബി, തോമസ്, മരുമക്കൾ: എം.എസ്. പാർത്ഥിപൻ, സുനിമോൾ ആനപ്പാറ (പാലാ), ജോസ് പള്ളിക്കുന്നേൽ, രാജു കോണിക്കൽ (ഏറ്റുമാനൂർ), ബിന്ദു മണിയാങ്കേരിൽ, സീന പാറേക്കാട്ടിൽ ചെറ്റയിൽ, നിജ ചെരുപ്പേരിൽ.



  • പാലാ: രാമപുരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു.. രാമപുരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കടപ്ലാമറ്റം മാറിടം വലയം കണ്ടത്തിൽ പുരുഷോത്തമ ദാസിന്റെ മകൻ വി പി സുരേഷ് കുമാറാ(39)ണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.



  • ഏറ്റുമാനൂർ: തൊണ്ണംമാക്കിൽ എം കെ സരസമ്മ (88) അന്തരിച്ചു. ഏറ്റുമാനൂർ മാടവത്താഴത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ആർ ഗോപാലകൃഷ്ണൻ, മക്കൾ: സിനിമ, സീരിയൽ അഭിനേതാവും സ്വാമി ഡ്രൈവിംഗ് സ്കൂൾ സ്ഥാപകനുമായ ജി ജഗദീഷ് (സ്വാമി ആശാൻ), ജി മഹേഷ്, ജി ഉഷ. മരുമക്കൾ: ഗീത പഴവൂർമഠം, ഷൈല കുമ്മണ്ണൂർ, ഗോപാലകൃഷ്ണൻ പേരൂർ.
    സംസ്കാരം ഇന്ന് വൈകിട്ട് (24.06.25)3ന് വീട്ടുവളപ്പിൽ.


  • നിലമ്പൂര്‍: മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ആര്യാടന്‍ മമ്മു അന്തരിച്ചു. 71 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആര്യാടന്‍ മുഹമ്മദിന്‍റെ വലംകൈയ്യെന്ന പോലെ എപ്പോഴും ഒപ്പമുണ്ടായിരുന്നു സഹോദരനായ മമ്മു. ആര്യാടന്‍ മുഹമ്മദിന്‍റെ മകന്‍ ആര്യാടന്‍ ഷൌക്കത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ദിവസത്തിലായിരുന്നു മമ്മുവിന്‍റെ വിയോഗം.

    ഭാര്യ: സൈനബ, മക്കൾ രേഷ്മ, ജിഷ്മ, റിസ്വാൻ. മരുമക്കൾ: മുജീബ് അത്തിമണ്ണിൽ, സമീർ, മരുമകൾ ആയിഷ ലുബിന. ആര്യാടൻ മുഹമ്മദിന്‍റെ വസതിയില്‍ ഇന്ന് വൈകിട്ട് 5.30 മുതല്‍ മൃതദേഹം പൊതു ദർശനത്തിന് വെക്കും. ബാപ്പു എന്ന് കുടുംബാംഗങ്ങള്‍ വിളിക്കുന്ന മമ്മുവിന്റെ വിയോഗത്തെ കുറിച്ച് ആര്യാടന്‍ ഷൗക്കത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

    പ്രിയപ്പെട്ട ബാപ്പുവും പോയി,

    നിലമ്പൂരിനു ഇപ്പോഴുണ്ടായ ഈ മാറ്റത്തിന്,യുഡിഎഫിൻ്റെ വിജയത്തിന്,

    ഈ അംഗീകാരത്തിന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഞങ്ങളെ ബാപ്പു.


    കുഞ്ഞാക്കാൻ്റെ വേർപാടിന് ശേഷം അദ്ദേഹത്തിൻ്റെ അനുജനായിട്ടല്ല കുഞ്ഞാക്കയെപ്പോലെ ഞങ്ങളെ കുടുംബത്തിന് തണലായ ഞങ്ങളെ ബാപ്പു. ആ തണലും മാഞ്ഞു...



  • നട്ടാശ്ശേരി : കൃഷ്ണപ്രഭയിൽ റ്റി. കെ രാജേശ്വരി അമ്മ (79) അന്തരിച്ചു. സംസ്ക്കാരം നാളെ  (ജൂൺ 19 വ്യാഴാഴ്ച) 3  മണിക്ക് വീട്ടുവളപ്പിൽ. പരേത കോടുകുളഞ്ഞി നടുവിലെമലയിൽ (തച്ചനാട്ട്) കുടുംബാംഗമാണ്. ഭർത്താവ് : കൃഷ്ണൻ നായർ (റിട്ട. ടെസിൽ ഉദ്യോഗസ്ഥൻ)  മക്കൾ : മായ സുനിൽ കുമാർ, (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ലിയു.ഡി, കൊട്ടാരക്കര), മനോജ്‌ കെ. നായർ (ഖത്തർ), മഹേഷ്‌ കെ. നായർ (ഐഎൽസി ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്, കോട്ടയം) മരുമക്കൾ : ബി. സുനിൽകുമാർ, ഏറ്റുമാനൂർ (ചീഫ് എഡിറ്റർ, ദേവഭൂമി ന്യൂസ്‌) അനു മഹേഷ്‌ ഏറ്റുമാനൂർ.


  • അതിരമ്പുഴ: പണ്ടാരക്കളത്തിൽ ഡോ. ജോർജ് പോളിന്റെ (റിട്ട. പ്രിൻസിപ്പാൾ, കോട്ടയം മെഡിക്കൽ കോളേജ്) ഭാര്യ മേരി ജോർജ് (85) അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: റോയി ജോർജ് (ബിസിനസ്), ആനി അലക്സ് ഞാവള്ളി തെക്കേൽ, ലിനു മാത്യു വലിയ മരുത്തുങ്കൽ, ജോർജ് വർഗീസ് (യുഎസ്എ)



  • തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭൗതികദേഹം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും.
    ഗ്രൂപ്പുകള്‍ക്കതീതനായ കോണ്‍ഗ്രസുകാരനായി അറിയപ്പെടുന്ന തെന്നല ബാലകൃഷ്ണപിള്ള ഒരിക്കല്‍പോലും മത്സരത്തിലൂടെയല്ല പാര്‍ട്ടി സ്ഥാനങ്ങളിലെത്തിയത്. മൂന്നു തവണ രാജ്യസഭാ എംപി, രണ്ടു തവണ നിയമസഭാംഗം, രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. സൗമ്യനും മിതഭാഷിയും കളങ്കമേല്‍ക്കാത്ത രാഷ്ട്രീയ ജിവിതത്തിനുടമയുമായ അദ്ദേഹം മികച്ച സഹകാരിയുമായിരുന്നു.

    1931 മാര്‍ച്ച് 11ന് കൊല്ലം ജില്ലയിലെ ശൂരനാട് തെന്നല വീട്ടില്‍ എന്‍ ഗോവിന്ദപ്പിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി ജനിച്ചു. തിരുവനന്തപുരം എംജി കോളജില്‍നിന്ന് ബിഎസ്‌സി നേടി. ശൂരനാട് വാര്‍ഡ് കമ്മറ്റിയംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. ബ്ലോക്ക് കമ്മറ്റി അധ്യക്ഷനും കൊല്ലം ഡിസിസി ട്രഷററുമായിരുന്ന തെന്നല 1972 മുതല്‍ അഞ്ചുവര്‍ഷത്തോളം കൊല്ലം ഡിസിസി അധ്യക്ഷനുമായി. ദീര്‍ഘകാലം കെപിസിസി സെക്രട്ടറിയായിരുന്ന അദ്ദേഹം 1998 ലും 2004ലും കെപിസിസി അധ്യക്ഷനുമായി.


  • ഏറ്റുമാനൂര്‍: പേരൂർ താഴത്തേടത്ത് കുടുംബാംഗം പുഴക്കര പരേതനായ കുര്യാക്കോസിന്റെ (തങ്കച്ചൻ) ഭാര്യ കുഞ്ഞമ്മ കുര്യാക്കോസ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം പേരൂർ   മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയിൽ . പരേത പേരൂർ ഇടയാടി (വടോമറ്റം) കുടംബാഗമാണ്. മക്കൾ : ജയ്മോൻ, സോജി മോൻ. മരുമക്കൾ: വെള്ളൂർ പര്യാത്തു കുന്നേൽ ബീന ,പേരൂർ കാക്കൂർ രമ്യ.


  • മലപ്പുറം: ജീവകാരുണ്യ പ്രവർത്തകനും മലപ്പുറം പാലേമാട് ശ്രീ വിവേകാനന്ദ പഠന കേന്ദ്രം സ്ഥാപകനുമായ കെ ആർ ഭാസ്കരൻ പിള്ള(86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച്‌ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഭവനരഹിതരായ എൺപതോളം ആളുകൾക്ക് സ്വന്തമായി വീട് നിർമ്മിച്ച് നൽകിയിട്ടുണ്ട്.

    1964-ല്‍ പാലേമാട് പ്രൈമറി സ്‌കൂള്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ഭാസ്കരൻ പിള്ള 1967-ല്‍ പ്രധാനാധ്യാപകനായി. 1969-ല്‍ സ്‌കൂള്‍ വിലയ്ക്കുവാങ്ങി. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ബാച്ചുകളുള്ള ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇവിടെയാണ് പ്രേവര്‍ത്തിക്കുന്നത്. ബിരുദ കോളേജ്, ബിഎഡ്, എംഎഡ്., ടിടിസി സെന്ററുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സമുച്ചയത്തിന്റ ഉടമയാണ്. 

    എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, മഞ്ചേരി താലൂക്ക് യൂണിയന്‍ പ്രസിഡന്റ്, എന്‍ഡിപി കിടങ്ങൂര്‍ വിഭാഗം ചെയര്‍മാന്‍, എന്‍എസ്എസ് സംരക്ഷണ സമിതി ട്രഷറര്‍, സമസ്ത നായര്‍ സമാജം പ്രസിഡന്റ്, മലബാര്‍ നായര്‍ സമാജം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗ്ലോബല്‍ എന്‍എസ്എസ് രക്ഷാധികാരിയും എക്‌സിക്യൂട്ടീവ് അംഗവുമാണ്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സുമതിക്കുട്ടി അമ്മയാണ് ഭാര്യ. അനില്‍ ബി കുമാര്‍, പരേതനായ അഡ്വ. സനില്‍ ബി കുമാര്‍ എന്നിവർ മക്കളാണ്. സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് പാലേമാട്ടെ വീട്ടുവളപ്പിൽ നടക്കും.



  • ഏറ്റുമാനൂർ: ഏറ്റുമാനൂർ ജയ ഭവനത്തിൽ പരേതനായ  മുരളീധരൻ നായരുടെ ഭാര്യ വി.കെ രാജമ്മ( 93) അന്തരിച്ചു. സംസ്കാരം ഇന്ന് ബുധനാഴ്ച രാത്രി എട്ടിന് വീട്ടുവളപ്പിൽ.  ഏറ്റുമാനൂർ ചേമ്പർ  ഓഫ് കൊമേഴ്സ് എക്സിക്യൂട്ടീവ് അംഗം സജീവ് കണ്മണി  മകനാണ്.



  • അഹമ്മദാബാദ്: രാജസ്ഥാനിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗിരിജാ വ്യാസ് (79) അന്തരിച്ചു. വീട്ടില്‍വച്ച്‌ പൊള്ളലേറ്റ ഗിരിജാ വ്യാസ് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

    25-ാം വയസില്‍ രാജസ്ഥാൻ നിയമസഭാംഗമായ ഗിരിജാ വ്യാസ് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. ഉദയ്പുരിലെ വീട്ടില്‍ ആരതി നടത്തുന്നതിനിടെ ഗിരിജാ വ്യാസിന്‍റെ സാരിക്കു തീപിടിക്കുകയും പൊള്ളലേല്‍ക്കുകയുമായിരുന്നു.


  • കൊച്ചി: സിനിമാ - സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വില്ലൻ വേഷങ്ങളിലൂടെയാണ് വിഷ്ണു പ്രസാദ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാകുന്നത്.കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. സീരിയൽ രംഗത്ത് സജീവമായിരുന്നു. അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെൺ മക്കളാണുള്ളത്.

    വിഷ്ണു പ്രസാദിന്റെ കരൾ മാറ്റിവക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ തയാറായിരുന്നു. ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.

    നടൻ കിഷോർ സത്യയാണ് വിഷ്ണുപ്രസാദിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.' ഒരു സങ്കട വാർത്ത... വിഷ്ണു പ്രസാദ് അന്തരിച്ചു. കുറച്ച് നാളുകളായി രോബാധിതനായി ചികിത്സയിൽ ആയിരുന്നു. ആദരാജ്ഞലികൾ... അദ്ദേഹത്തിന്റെ അകാല വിയോഗം നേരിടാൻ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു'- കിഷോർ സത്യ കുറിച്ചു.


  • കോട്ടയം: പ്രശസ്ത ഷൂട്ടിം​ഗ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ സണ്ണി തോമസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ്. ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു. ബിന്ദ്രയടക്കം നിരവധി അന്താരാഷ്ട്ര ഷൂട്ടർമാരെ അദ്ദേഹം രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്.

    റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള ദേശീയ ഷൂട്ടിംഗ് ചാംപ്യൻ കൂടിയായിരുന്നു. 1993 മുതൽ 2012 വരെ നീണ്ട 19 വർഷം അദ്ദേഹം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു. കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സണ്ണി തോമസ് വിരമിച്ച ശേഷം മുഴുവൻ സമയ ഷൂട്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു.


  • ഏറ്റുമാനൂർ: വെട്ടിമുകൾ മംഗ്ലാവിൽ പുത്തൻവീട്ടിൽ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥന്‍ സുരേഷ് പി കെ (56) അന്തരിച്ചു. പരേതൻ സരോവരം ആയൂർവേദ ആശുപത്രി ഡയറക്ടർ, ഏറ്റുമാനൂർ ശ്രീമാരിയമ്മൻ കോവിൽ ട്രസ്റ്റ് , തമിഴ് വിശ്വബ്രഹ്മ സമാജം സെക്രട്ടറി, വിശ്വബ്രാഹ്മണ ഏകോപന സമിതി സംസ്ഥാന ജോ:സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.


    പിതാവ്: കോഴഞ്ചേരി, പരിയാരം, പുത്തൻ പറമ്പിൽ പരേതനായ കെ എ കുത്താലം ആചാരി. മാതാവ്: പത്തനംതിട്ട പടിഞ്ഞാറേ വീട്ടിൽ  തുളസി അമ്മാൾ. സഹോദരങ്ങൾ: പി കെ സുനിൽകുമാർ, ജ്യോതി ബാബു (അങ്കമാലി). സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് ഏറ്റുമാനൂർ തമിഴ് വിശ്വബ്രഹ്മ സമാജം ശ്മശാനത്തിൽ.



  • കോട്ടയം: ഡി സി ബുക്സിന്റെ സ്ഥാപകനും എഴുത്തുകാരനുമായ ഡി സി കിഴക്കെമുറിയുടെ പത്നിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ പൊന്നമ്മ ഡി സി (90) അന്തരിച്ചു. ഡി സി ബുക്‌സിന്റെ ആദ്യകാല ചുമതലക്കാരില്‍ പ്രമുഖയായിരുന്നു. രണ്ടു പതിറ്റാണ്ടോളം ഡിസി ബുക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച വ്യക്തികൂടിയാണ് പൊന്നമ്മ.

    ചെങ്ങന്നൂര്‍ കടക്കേത്തു പറമ്പില്‍ പി പി ഐസക്കിന്റെയും റേച്ചലിന്റെയും ഇളയപുത്രിയായി 1934 ഡിസംബര്‍ മൂന്നിന് ജനിച്ച പൊന്നമ്മ തിരുവല്ല ബാലികാമഠം സ്‌കൂളിലെ അധ്യാപികയായിരുന്നു. 1963 ഓഗസ്റ്റ് 26നാണ് ഡി സി. കിഴക്കേമുറിയെ വിവാഹം കഴിക്കുന്നത്. 1974ല്‍ ഡി സി കിഴക്കേമുറി ഡി സി ബുക്‌സ് ആരംഭിച്ച കാലത്ത് സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ സജീവമായിരുന്നു പൊന്നമ്മ ഡി സി.

    തകഴി, ബഷീര്‍, സി ജെ തോമസ് തുടങ്ങിയ വിഖ്യാത എഴുത്തുകാരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു പൊന്നമ്മ. ഡി സി കിഴക്കേമുറിക്കു ലഭിച്ച മരണാനന്തര പത്മഭൂഷന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനില്‍ നിന്ന് ഏറ്റുവാങ്ങിയത് പൊന്നമ്മ ഡിസിയായിരുന്നു.

    മക്കള്‍: താര, മീര, രവി ഡിസി (ഡിസി ബുക്‌സ്). മരുമക്കള്‍: ജോസഫ് സത്യദാസ് (സിംഗപ്പൂര്‍ സ്‌ട്രെയ്റ്റ് ടൈംസ് സീനിയര്‍ എഡിറ്റര്‍), അനില്‍ വര്‍ഗീസ് (ബിസിനസ്), രതീമ (എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഡിസി ബുക്‌സ്). സംസ്‌കാരം കോട്ടയം ലൂര്‍ദ് ഫൊറോണ പള്ളിയില്‍ ഇരുപത്തിയേഴാം തിയതി ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്ക് നടക്കും.


  • വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു. 88-ാം വയസ്സിലാണ് അന്ത്യം. വത്തിക്കാനാണ് ഇതുസംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാർപാപ്പ വിശ്രമത്തിലായിരുന്നു. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നായിരുന്നു ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടത്. 

    രണ്ട് മാസത്തെ വിശ്രമമായിരുന്നു ഡോക്ടർമാർ മാ‌ർപാപ്പയ്ക്ക് നിർദ്ദേശിച്ചിരുന്നത്. ആശുപത്രി വിടുന്നതിന് മുമ്പ് ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലെ മുറിയുടെ ജനാലയ്ക്കരികിൽ നിന്ന് അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്നു. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്ന് ഫെബ്രുവരി 14-നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്. കർദ്ദിനാൾ ബെർഗോളിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.

    ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936ൽ ഡിസംബർ17ന് ആണ് ബെർഗോളിയോ ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.

    ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു. കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.



  • ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ്‌ എസ്‌ സ്റ്റാൻലി (57) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ നടക്കും. നാല് സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. 2002ൽ പുറത്തിറങ്ങിയ 'ഏപ്രിൽ മാതത്തിൽ' ആണ് ആദ്യ ചിത്രം. ഇതിന് പുറമെ പെരിയാർ, ആണ്ടവൻ കട്ടലൈ, സർക്കാർ തുടങ്ങിയ സിനിമകളിൽ ആദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2024ൽ പുറത്തിറങ്ങിയ 'മഹാരാജ'യാണ് അവസാന ചിത്രം.





  • തൃശൂർ: മുതിർന്ന ചലച്ചിത്രനടൻ രവികുമാർ(71) അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് രവികുമാർ. 100-ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാർ.

    1970 കളിലും 80 കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്താണ് രവികുമാർ ശ്രദ്ധേയനാകുന്നത്. മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്റെ മികവ് തെളിയിച്ചു. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.


  • കോഴിക്കോട്: പ്രശസ്ത കഥാകൃത്തും മാധ്യമപ്രവർത്തകനുമായിരുന്ന ഇ വി ശ്രീധരൻ അന്തരിച്ചു. ബുധൻ പുലർച്ചെ കോഴിക്കോട് വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി ഇ വി ശ്രീധരൻ പ്രവർത്തിച്ചിരുന്നു. മദ്രാസിൽ പത്രപ്രവർത്തനം തുടങ്ങിയ ഇ വി ശ്രീധരൻ കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. കോൺഗ്രസ്സിൻ്റെ മുഖപത്രമായിരുന്ന വീക്ഷണത്തിലും രണ്ടുവർഷം പ്രവർത്തിച്ചു. എലികളും പത്രാധിപരും, ഈ നിലാവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓർമ്മയിലും ഒരു വിഷ്ണു, ലബോറട്ടറിയിലെ പൂക്കൾ തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങൾ. ദൈവക്കളി, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ എന്നിവ ശ്രീധരന്റെ നോവലുകളാണ്. സംസ്കാരം വള്ളിക്കാട് വടവത്തും താഴെപ്പാലം വീട്ടു വളപ്പിൽ നടക്കും.



  • തിരുവനന്തപുരം: കാഥികനും നാടക പ്രവര്‍ത്തകനും നടനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. 73 വയസായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. പൊതുദര്‍ശനവും സംസ്കാര ചടങ്ങും ചൊവ്വാഴ്ചയാണ് തീരുമാനിച്ചിട്ടുള്ളത്. കഥാപ്രസംഗ രംഗത്ത് അര നൂറ്റാണ്ട് നീണ്ട ചരിത്രമാണ് അയിലം ഉണ്ണികൃഷ്ണനുള്ളത്. നിരവധി പുരസ്കാരങ്ങൾക്കും അര്‍ഹനായി.  സന്താനവല്ലിയാണ് ഭാര്യ. മകൻ: രാകേഷ്.



  • ഏറ്റുമാനൂർ : മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കിക്കുന്ന എസ് ഗണേഷ് കുമാറാണ് മരിച്ചത്. 

    കണ്ണുരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഗണേഷ് കുമാറിന് ഉച്ചക്ക് തെള്ളകത്തെ ഓഫീസിൽ യാത്ര അയപ്പ് ചടങ്ങ് ക്രമീകരിച്ചിരുന്നു. എന്നാൽ ഇദ്ദേഹം എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം തുടർനടപടികൾക്കായി  മോർച്ചറിയിലേക്ക് മാറ്റി

    ആർ ടി ഒ  എൻഫോഴ്സ്മെൻ്റ്  എ എം വി ഐ ആയ ഗണേഷ് അടൂർ സ്വദേശിയാണ്. 
    ഏറ്റുമാനൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.


  • പാറോലിക്കൽ : അറക്കകാലയിൽ ചാക്കോ ജോസഫ് (അപ്പച്ചൻ )(69) അന്തരിച്ചു. സംസ്‍കാരം നാളെ 2.00 ന് വസതിയിൽ ശുശ്രുഷക് ശേഷം അതിരമ്പുഴ സെന്റ് മേരീസ്‌ ഫോറോനാ പള്ളിയിൽ. ഭാര്യ :പരേതയായ ആലിസ് ചാക്കോ, മക്കൾ :പരേതനായ ജിബിൻ, പരേതനായ ജിതിൻ.


  • ഏറ്റുമാനൂര്‍: അതിരമ്പുഴ കരിവേലിമലയിൽ പരേതനായ കെ എസ് ആന്‍റണിയുടെ ഭാര്യ അന്നമ്മ ആന്‍റണി (78) അന്തരിച്ചു. സംസ്കാരം നാളെ (14. 3.25) ഉച്ചകഴിഞ്ഞ് 3 മണിക്ക് അതിരമ്പുഴ സെൻമേരിസ് പള്ളിയിൽ.
    മക്കൾ: ബാബു കെ എ (ജോയൽ റസ്റ്റോറൻറ് അതിരമ്പുഴ), സാബു ആന്‍റണി (രംഗോലി പൗഡർ കോട്ടിംഗ്), സിബി ആന്‍റണി (കോപ്പറേറ്റീവ് സൊസൈറ്റി അതിരമ്പുഴ). 
    മരുമക്കൾ: മേഴ്സി ബാബു, സുമ കെ പി (സർവെ ഡിപ്പാർട്ട്മെൻറ് കോട്ടയം), ലൂബി സിബി (ജോസ്& അസോസിയേറ്റ്)


  • ഏറ്റുമാനൂര്‍: പുന്നത്തുറ ശങ്കരമംഗലം (പീഞ്ഞാണിയിൽ ) ഓമനക്കുട്ടിയമ്മ (90)അന്തരിച്ചു.  സംസ്ക്കാരം 12/3 /2025 ബുധനാഴ്ച 3 pm ന് വീട്ടുവളപ്പിൽ.



  • ചെന്നൈ: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ (62) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.


    ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്‍റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗമാണ്‌. 2022 ജനുവരിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി റസലിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിപ്പിച്ചപ്പോള്‍ രണ്ടുതവണയും റസല്‍ ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്നു. പിന്നീട് വാസവന്‍ നിയമസഭാംഗമായതോടെയാണ് റസല്‍ ആദ്യമായി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.


    1981 മുതല്‍ സിപിഎം അംഗമാണ്. 28 വർഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റിലുമുണ്ട്. 13 വർഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു.



  • പാലാ : പാലായിൽ മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ചക്കാമ്പുഴ സ്വദേശി സെബിൻ ടോമിയാണ് മരിച്ചത്. 14 വയസായിരുന്നു. കോട്ടയത്ത് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് സെബിൻ ടോമി.
  •  

    വൈക്കം: ഏറ്റുമാനൂർ സ്റ്റേഷൻ ഗ്രേഡ് എസ്.ഐ സിനിൽ കുമാർ (49) കുഴഞ്ഞുവീണു മരിച്ചു. വൈക്കം കുലശേഖരമംഗലം സ്വദേശിയാണ്. നെഞ്ചുവേദനയെ തുടർന്ന് ആണ് രാവിലെ കുഴഞ്ഞു വീണത്. വൈക്കം താലൂക്കാശുപത്രിയിൽ എത്തി എങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ പൊതു ദർശനത്തിന് വെക്കും.


  • ഏറ്റുമാനൂർ: ശക്തിനഗർ വി കെ ബി റോഡിൽ പ്രണാമിൽ ടി.പുരുഷോത്തമൻ നായർ (ടി .പി. നായർ - 92) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ടി.ആർ. ലീലാമ്മ. മകൾ: ഷീലാ പി നായർ (അസിസ്റ്റൻ്റ് ഡയറക്ടർ, സോയിൽ സർവേ, എറണാകുളം),  മരുമകൻ: വി. സുഭാഷ് ബാബു (റിട്ട. ചീഫ് ജനറൽ മാനേജർ, കെൽട്രോൺ), കൊച്ചുമക്കൾ: ആതിര, അരവിന്ദ്, ആരതി



  • പാലാ: കൂനാനിക്കൽ ജോസിൻ്റെ ഭാര്യ മോളി ജോസ് (66)അന്തരിച്ചു. സംസ്കാര ശുശ്രൂഷാകർമ്മങ്ങൾ ഇന്ന്(ബുധൻ) മൂന്നുമണിക്ക് പാലാക്കാട് കുരിശു പള്ളിക്കു സമീപമുള്ള വീട്ടിൽ ആരംഭിക്കുന്നതും കിഴപറയാർ സെൻ്റ് ഗ്രിഗോറിയസ് പള്ളിയിലെ കുടുംബ കല്ലറയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്. മക്കൾ ജോം ജോസ് (എസ് എച്ച് ഗേൾസ് ഹൈസ്കൂൾ,രാമപുരം) അനു രൂപേഷ് (പോപ്പുലർ മോട്ടോഴ്സ് പാലാ) കരോൾ ജോസ് (സൗത്ത് ഇൻഡ്യൻ ബാങ്ക്, പ്രവിത്താനം). മരുമക്കൾ: അനു ജോം (സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ, കടപ്ലാമറ്റം) രൂപേഷ് ചിങ്ങം കുന്നത്ത്,വലവൂർ (റിലയൻസ് സൂപ്പർ മാർക്കറ്റ്, പാലാ) റീസാ കരോൾ (മണർകാട്ട്, ഇളന്തോട്ടം)



  • തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.

    ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി. 1966 ല്‍ ചെന്നൈയില്‍ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി. അതേ വര്‍ഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ചിദംബരനാഥില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.

    1986-ല്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രന്‍ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍ സംഗീതസാന്നിധ്യമായി. 1973 ല്‍ പുറത്തിറങ്ങിയ 'മണിപ്പയല്‍' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോല്‍' ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം.
    1982 ല്‍ തെലുങ്കിലും 2008 ല്‍ ഹിന്ദിയിലും വരവറിയിച്ചു. സിനിമാഗാനങ്ങള്‍ക്ക് പുറമേ ജയചന്ദ്രന്‍ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളില്‍ ഇടംപിടിച്ചവയാണ്.


  • കോട്ടയം: പ്രശസ്ത കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് (എം വി ജോർജ്) അന്തരിച്ചു. 94 വയസ്സായിരുന്നു. രാവിലെ 9.30നായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവല്ല കുമ്പനാട് മാര്‍ത്തോമ ഫെല്ലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

    കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗമാണ് ജോര്‍ജ് കുമ്പനാട്. പരേതയായ ജോയമ്മയാണ് ഭാര്യ. നാല് പെണ്‍മക്കള്‍: ഉഷ ചാണ്ടി, സുജ രാജു, ഷേര്‍ളി റോയ്, സ്മിത സുനില്‍. മരുമക്കള്‍: കെ ചാണ്ടി (അച്ചന്‍കുഞ്ഞ്), രാജു പി ജേക്കബ്, റോയ് എബ്രഹാം, സുനില്‍ എം മാത്യു. സംസ്‌കാരം പിന്നീട്.

    മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഉപ്പായി മാപ്ല എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൃഷ്ടിച്ചത് ജോർജ് കുമ്പനാടാണ്. കേരള ധ്വനിയിൽ ജോർജ് വരച്ച ഈ കാർട്ടൂൺ കാരക്ടറിനെ പിന്നീട് ടോംസ്, മന്ത്രി , കെ എസ് രാജൻ തുടങ്ങിയ കാർട്ടൂണിസ്റ്റുകൾ തങ്ങളുടെ, ബോബനും മോളിയും, പാച്ചുവും കോവാലനും, ലാലു ലീല തുടങ്ങിയ കാർട്ടൂൺ പംക്തികളിൽ ഉപയോഗിച്ചിരുന്നു.



  • മം​ഗലൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുൻ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു. 64 വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൊല്ലൂർ ക്ഷേത്രത്തിൽ 20 വര്‍ഷം തന്ത്രിയും മുഖ്യ അര്‍ച്ചകനുമായിരുന്നു. സംസ്‌കാരം ഇന്നലെ രാത്രിയോടെ സൗപര്‍ണിക നദീതീരത്തെ ശ്മശാനത്തില്‍ നടന്നു. ഇപ്പോഴത്തെ തന്ത്രിയും മുഖ്യ അര്‍ച്ചകനുമായ നിത്യാനന്ദ അഡിഗ മകനാണ്.





  • വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. 100 വയസായിരുന്നു. ജോര്‍ജിയയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത് പ്രസിഡന്റാണ്. ഡെമോക്രാറ്റുകാരനായ ജിമ്മി കാര്‍ട്ടര്‍ 1977 മുതല്‍ 1981 വരെയാണ് യുഎസ് പ്രസിഡന്റായിരുന്നത്.

    1978 ല്‍ ജിമ്മി കാര്‍ട്ടര്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 100 വയസ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ജിമ്മി കാര്‍ട്ടര്‍. കാന്‍സറിനെ അതിജീവിച്ച ജിമ്മി കാര്‍ട്ടര്‍ കഴിഞ്ഞ യുഎസ് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു. പ്രസിഡന്റ് പദവി ഒഴിഞ്ഞശേഷം മനുഷ്യാവകാശ പ്രവര്‍ത്തകനായും തെരഞ്ഞെടുപ്പ് നിരീക്ഷകനായും പ്രവര്‍ത്തിച്ചു.

    ജനാധിപത്യം വളര്‍ത്താനും മനുഷ്യാവകാശം ഉറപ്പുവരുത്താനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2002ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ജിമ്മി കാര്‍ട്ടര്‍ക്ക് സമ്മാനിച്ചിരുന്നു. എഞ്ചിനീയറിങ് ഉപരിപഠനത്തിന് ശേഷം ജോര്‍ജിയ ഗവര്‍ണറായിട്ടാണ് കാര്‍ട്ടര്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 77 വര്‍ഷം ജീവിതപങ്കാളിയായിരുന്ന റോസലിന്‍ കഴിഞ്ഞ നവംബറില്‍ 96ാം വയസ്സിലാണ് അന്തരിച്ചത്.



  • കോഴിക്കോട് : മലയാളത്തിൻ്റെ  സ്വകാര്യ അഹങ്കാരമായ എം.ടി വാസുദേവൻ നായർ വിട പറഞ്ഞു. 91 വയസ്സായിരുന്നു. മലയാള സാഹിത്യത്തിനും, ചലച്ചിത്ര ലോകത്തിനും നിർലോഭ സംഭവനകൾ നൽകിയ അപൂർവ പ്രതിഭാശാലി കൂടിയാണ് മായുന്നത്. ശ്വാസ തടസത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയോളമായി അദ്ദേഹം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

    നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത്  തെക്കേപ്പാട്ട് വാസുദേവൻ നായർ.
    തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലി. അദ്ധ്യാപകൻ, പത്രാധിപൻ എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം ,കേരള നിയമസഭ പുരസ്കാരം മുതലായ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

    ഒരു ഘട്ടത്തിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതി കാണിച്ചെങ്കിലും  രാത്രിയോടെ വീണ്ടും  വഷളവുകയായിരുന്നു.
    വിദഗ്ധ വൈദ്യസംഘം അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടെടുക്കുവാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ കുറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണ്.

    ഒരുമാസം മുന്‍പ് ശ്വാസതടസ്സവും ന്യൂമോണിയയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്നും ആരോഗ്യനില വഷളായിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയെ തുടര്‍ന്ന് ന്യൂമോണിയ മാറി ആശുപത്രി വിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന എംടി വീട്ടില്‍ വിശ്രമജീവിതം നയിച്ച്‌ വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസംതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


  • മലപ്പുറം: മദ്ദളവാദ്യ കുലപതിയും കലാമണ്ഡലം റിട്ട പ്രിൻസിപ്പലുമായ മാണിക്യപുരം പുഷ്പകത്ത് നാരായണൻ നമ്പീശൻ അന്തരിച്ചു. 83 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയോടെയാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു സമീപം താമസിച്ചു പോന്ന നാരായണൻ നമ്പീശന്റെ അന്ത്യം. മഞ്ചേരി കരിക്കാട് പൂഴിക്കുന്നത്ത് പുഷ്പകത്ത് ശാന്താ ദേവി ബ്രാഹ്മണിയാണ് ഭാര്യ.

    മക്കൾ രമണി (യുഡിസി തെക്കുംകര പഞ്ചായത്ത്), ഡോ ശ്രീദേവി (സംഗീതജ്ഞ), രമ (ഡെപ്യൂട്ടി തഹസിൽദാർ, തിരൂർ). കെഎസ്എസ്പിയു അങ്ങാടിപ്പുറം യൂണിറ്റ് അംഗമായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തിൽ നടക്കും.