27 July, 2017 07:49:37 AM


ഭൂരേഖകളിലെ തെറ്റുതിരുത്താന്‍ ന്യൂനപക്ഷ കമ്മീഷന്‍റെ നിര്‍ദ്ദേശം



കോട്ടയം: വില്ലേജ് ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള തണ്ടപ്പേര് രജിസ്റ്ററില്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുളള ഭൂമി സംബന്ധിച്ച രേഖകള്‍ തിരുത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാനും യഥാര്‍ത്ഥ ഉടമയുടെ പേരു തന്നെ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ റവന്യൂ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചങ്ങനാശ്ശേരി താലൂക്ക്, കൈനിക്കര പുതുപ്പറമ്പില്‍ മുഹമ്മദ് ബഷീറാണ് കമ്മീഷന്‍ മുമ്പാകെ ഇത് സംബന്ധിച്ച പരാതി നല്‍കിയത്. കളക്‌ട്രേറ്റില്‍ ബുധനാഴ്ച നടന്ന കമ്മീഷന്‍ സിറ്റിംഗില്‍ റവന്യൂ വകുപ്പിനു വേണ്ടി കമ്മീഷന്‍ മുമ്പാകെ ഹാജരായ ചങ്ങനാശ്ശേരി തഹസീല്‍ദാര്‍ രേഖകളില്‍ തെറ്റു വന്നിട്ടുളളതായി സമ്മതിക്കുകയും ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിന് നടപടി എടുക്കുമെന്ന് കമ്മീഷന് ഉറപ്പു നല്‍കുകയും ചെയ്തു. 


വിദ്യാഭ്യാസ വായ്പയെടുത്ത് നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയെങ്കിലും സാമ്പത്തിക പരാധീനത മൂലം വായ്പ തിരിച്ചടക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ വായ്പതുക തിരിച്ചു പിടിക്കാനായി ബാങ്ക് അധികൃതര്‍ നടത്തി വരുന്ന റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് കാണിച്ച് ആനിക്കാട് വെസ്റ്റ് കല്ലോനിക്കല്‍ സ്വദേശിനി നല്‍കിയ പരാധിയില്‍ വിദ്യാഭ്യാസ വായ്പാ ഇളവിനായി സംസ്ഥാന സര്‍ക്കാര്‍ പുതുതായി അനുവദിച്ചിട്ടുളള പദ്ധതിക്ക് കീഴില്‍ പരാതിക്കാരിക്ക് സഹായം നല്‍കുവാന്‍ കഴിയമോ എന്ന കാര്യം പരിശോധിക്കാന്‍ കമ്മീഷന്‍ ഫെഡറല്‍ ബാങ്ക് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹൃദ്രോഗിയായ പിതാവിന്റെ ആരോഗ്യനിലയും കുടുംബത്തിന്റെ തുച്ഛമായ വരുമാനവും കണക്കിലെടുത്താണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. 


വിവിധ മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട യുവജനങ്ങളെ പരിശീലിപ്പിക്കുന്നതിന് കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ രേഖാമൂലം  അറിയിച്ചു. ഇതു സംബന്ധിച്ച് അവിടെ പഠിക്കുന്ന കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ നല്‍കിയ നോട്ടീസിനുളള മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കമ്മീഷന്‍ അംഗം ബിന്ദു എം തോമസിന്റെ നേതൃത്വത്തില്‍  നടത്തിയ സിറ്റിംഗില്‍ ആകെ 17 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 2 പരാതികള്‍ ഉത്തരവിനായി മാറ്റിയതായി അംഗം അറിയിച്ചു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K