14 May, 2024 01:09:03 PM


മില്‍മ പ്ലാന്‍റുകളിലെ തൊഴിലാളി സമരം: പാല്‍ വിപണി പ്രതിസന്ധിയിൽ



തിരുവനന്തപുരം : മില്‍മ പ്ലാന്റുകളിലെ തൊഴിലാളി സമരത്തില്‍ പ്രതിസന്ധിയിലായി സംസ്ഥാനത്തെ പാല്‍ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ സമരം നടക്കുന്നത്. സമരക്കാര്‍ക്കെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ചാണ് സമരം ശക്തമാക്കിയത്. തൊഴിലാളികളുടെ സ്ഥാനക്കയറ്റം തടഞ്ഞെന്ന് ആരോപിച്ച്‌ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍പേഴ്സണെ സമരക്കാര്‍ തടഞ്ഞുവെച്ചിരുന്നു. പ്ലാന്റിലെ തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ നടന്നുവരവെയാണ് സമരക്കാര്‍ക്കെതിരെ കേസെടുത്തത്.

ഐഎന്‍ടിയുസി, സിഐടിയു സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റത്തിനുള്ള അഭിമുഖം തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടക്കുന്നുണ്ട്. ഇതിനൊപ്പം തൊഴിലാളികളുടെ സ്ഥാനക്കയറ്റം കൂടി പരിഗണിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ ഇന്റര്‍വ്യു തടസ്സപ്പെട്ടു. തൊഴിലാളികളുടെ സ്ഥാനക്കയറ്റം വര്‍ഷങ്ങളായി നടക്കുന്നില്ലെന്നും അര്‍ഹമായ ആവശ്യം മാനേജ്മെന്റ് നിരസിക്കുകയാണെന്നും സമരക്കാര്‍ ആരോപിച്ചു. ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ മേഖലാ യൂണിയന് കത്ത് നല്‍കിയിരുന്നു. ഈ മാസം തൊഴിലാളികളുടെ സ്ഥാനക്കയറ്റം കൂടി ഉറപ്പാക്കുമെന്ന് എഴുതിത്തന്നാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലാണ് ഇപ്പോള്‍ യൂണിയനുകള്‍. കഴിഞ്ഞ വര്‍ഷം മേഖലാ യൂണിയനിലേക്ക് പുറംകരാര്‍ നല്‍കുന്നതിനെതിരേയും ജീവനക്കാര്‍ എതിര്‍ത്തിരുന്നു.

സമരം കടുത്തതോടെ പാല്‍ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. പാല്‍ കിട്ടാത്തത് മൂലം കടകളില്‍ നിന്ന് പലരും വിളിച്ചുതുടങ്ങിയെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. സമരം ഉടന്‍ തീര്‍ന്നില്ലെങ്കില്‍ സംസ്ഥാനത്തെ പാല്‍ സംഭരണത്തെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K