01 September, 2019 12:43:36 PM


'നിഷയും രണ്ടിലയും': ജോസഫും ജോസും അടി തുടരുന്നു; യുഡിഎഫ് യോഗം നിര്‍ണായകമാവുന്നു



കോട്ടയം: യുഡിഎഫിന് കീറാമുട്ടിയായി പാലായിലെ സ്ഥാനാർത്ഥി നിർണയം. നിഷാ ജോസ് കെ മാണിയ്ക്ക് വേണ്ടി സമ്മർദ്ദം കടുപ്പിക്കുകയാണ് ജോസ് കെ മാണി വിഭാഗം. ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്നും രണ്ടില ചിഹ്നത്തിൽത്തന്നെ യുഡിഎഫ് സ്ഥാനാർത്ഥി മത്സരിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കുന്നു. എന്നാല്‍ നിഷ മത്സരിക്കാൻ സാധ്യത കുറവെന്ന നിലപാടിലാണ് പി ജെ ജോസഫ്. സമവായമുണ്ടാക്കാൻ യുഡിഎഫ് വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്നും ജോസഫ് പറഞ്ഞു. 


ജോസഫും ജോസും നിലപാട് കടുപ്പിച്ചതോടെ വിഷമവൃത്തത്തിലായത് കോൺഗ്രസാണ്. വൈകിട്ട് കോട്ടയത്ത് യുഡിഎഫ് നേതാക്കളുടെ യോഗം വിളിച്ചിരിക്കുകയാണ്. പ്രശ്നം ഒത്തുതീർക്കാൻ യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ അധ്യക്ഷനായ ഉപസമിതിയ്ക്ക് ഒപ്പം ഉമ്മൻചാണ്ടിയും ഇടപെട്ടിട്ടുണ്ട്. യോഗത്തിൽ ചിഹ്നം സംബന്ധിച്ചാകും പ്രധാന തർക്കം നടക്കുക. വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയ്ക്ക് മാത്രമേ ചിഹ്നം നൽകൂ എന്നു പറയുന്ന ജോസഫ് മത്സരിക്കുന്നവർ ആരായാലും തന്‍റെ നേതൃത്വം അംഗീകരിക്കണമെന്നും ആവശ്യപ്പെടുന്നു.


ഇന്ന് സ്ഥാനാർത്ഥിയെക്കുറിച്ചുള്ള തീരുമാനം ഉണ്ടാകില്ലെന്നും ജോസഫ് പറയുന്നു. ആരെങ്കിലും ഏകപക്ഷീയമായി തീരുമാനമെടുത്താൽ അംഗീകരിക്കില്ലെന്നും ജോസഫ്. അതേസമയം, ഇന്ന് തന്നെ സ്ഥാനാർത്ഥിയെ തീരുമാനിച്ച് യുഡിഎഫിനെ അറിയിക്കുമെന്ന നിലപാടിലാണ് ജോസ് കെ മാണി. മത്സരിക്കാൻ വേറെ ചിഹ്നമില്ല. രണ്ടില തന്നെ. അതിലൊരു വിട്ടുവീഴ്ചയില്ലെന്നും ജോസ് കെ മാണി. 


പ്രശ്നത്തിലായ കോൺഗ്രസ് ഇപ്പോൾ ഒരു സമവായ നിർദേശം മുന്നോട്ടു വച്ചിരിക്കുകയാണ്. ജോസ് പക്ഷം സ്ഥാനാർത്ഥിയെ തീരുമാനിക്കട്ടെ, ജോസഫ് ചിഹ്നം നൽകി അത് അംഗീകരിക്കണം. സീറ്റിൻമേൽ തർക്കവുമായി ഒരു ചർച്ച വേണ്ട. ചർച്ചയ്ക്ക് മുമ്പ് ഇത്തരമൊരു സമവായം വരട്ടെ എന്നാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന സമവായഫോർമുല. എന്നാൽ ജോസ് പക്ഷം ഈ ഫോർമുലയോടും ഉടക്കി നിൽക്കുകയാണ്. ജോസഫ് ചിഹ്നം നൽകേണ്ട കാര്യമില്ല. കെ എം മാണിയുടെ പാർട്ടിയാണ് കേരളാ കോൺഗ്രസ് എം. അതിന്‍റെ രണ്ടില ചിഹ്നം ജോസഫ് നൽകേണ്ടതില്ല. അത് ജോസ് കെ മാണിയുടേത് തന്നെയാണ്. ചിഹ്നം ജോസ് കെ മാണി തന്നെയാകും നൽകുകയെന്ന് ജോസ് വിഭാഗം നേതാക്കൾ പറയുന്നു.


ജോസഫ് ചിഹ്നം നൽകുന്നു എന്ന് വന്നാൽ ജോസ് കെ മാണി ജോസഫിനെ പാർട്ടി ചെയർമാനായി അംഗീകരിക്കുന്നതിന് തുല്യമാകും. കോടതിയിൽ കേസ് നടക്കുന്ന സാഹചര്യത്തിൽ അത്തരമൊരു നീക്കം അനുവദിക്കില്ലെന്ന് ജോസ് കെ മാണി പക്ഷം പറയുന്നു. എന്നാൽ ജോസഫ് വഴങ്ങുന്ന മട്ടില്ല. തന്നെ നേതാവായി അംഗീകരിച്ചാൽ ചിഹ്നം തരാം. അതിനൊരു ബുദ്ധിമുട്ടുമില്ലെന്നാണ് ജോസഫ് പറയുന്നത്. ഉപതെരഞ്ഞെടുപ്പ് മുതലെടുത്ത് പാർട്ടി കൈപ്പിടിയിലൊതുക്കാനാണ് ജോസഫ് ശ്രമിക്കുന്നത്. സമ്മതിച്ച് തരില്ലെന്ന് ജോസ് കെ മാണി പക്ഷവും. ഈ സാഹചര്യത്തിൽ വൈകിട്ട് നടക്കുന്ന യുഡിഎഫ് യോഗം നിർണായകമാവുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K