28 September, 2019 07:01:13 PM


വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ: നാളെ മുതല്‍ പ്രചാരണം തുടങ്ങും; ഇതിനിടെ തര്‍ക്കവും




തിരുവനന്തപുരം : ഉപതെരഞ്ഞടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ത്ഥി. മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലാണ് മാധ്യമങ്ങളോട് ഇക്കാര്യം ​വ്യക്തമാക്കിയത്. നാളെ മുതല്‍ കുമ്മനം ശക്തമായ പ്രചാരണം തുടങ്ങുമെന്നും തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും രാജഗോപാല്‍ വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ കുമ്മനത്തിനോ ആര്‍.എസ്.എസ് നേതൃത്വത്തിനോ താത്പര്യം ഉണ്ടായിരുന്നില്ല.


ജില്ലാ സെക്രട്ടറി നേരിട്ട് കുമ്മനത്തോട് സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷം മാധ്യമങ്ങളെ കണ്ട കുമ്മനം താന്‍ നേതൃത്വത്തിന്റെ തീരുമാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ മേയര്‍ വികെ പ്രശാന്തിനെ എല്‍ഡിഎഫും മുന്‍എംഎല്‍എ വികെ മോഹന്‍ കുമാറിനെ യുഡിഎഫും രംഗത്ത് ഇറക്കാന്‍ തീരുമാനിച്ചപ്പോള്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്ത് ഇറക്കണമെന്ന് ബിജെപിയും ആര്‍എസ്എസും തീരുമാനിക്കുകയായിരുന്നു.


ഇതിനുപിന്നാലെ കുമ്മനം രാജശേഖരന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ ബിജെപിയില്‍ തര്‍ക്കമുണ്ടായത് ആശങ്കക്കിടയാക്കി. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കുമ്മനത്തിന് വേണ്ടിയുള്ള പ്രചാരണങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിജെപി ജില്ലാ ഘടകം നിര്‍ദേശിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ തിങ്കളാഴ്ച കുമ്മനം വട്ടിയൂര്‍ക്കാവിലെത്തി പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K