15 September, 2019 08:17:18 AM


ഷോളയാൽ ഡാമുകൾ നിറയുന്നു; ആശങ്കയിൽ പെരിങ്ങലും ചാലക്കുടിപ്പുഴയും



തൃശ്ശൂർ: പറമ്പിക്കുളം, അപ്പർഷോളയാർ, ലോവർഷോളയാർ ഡാമുകൾ ഒരേസമയം നിറഞ്ഞതോടെ പെരിങ്ങൽക്കുത്ത് ഡാമിലേക്കും ചാലക്കുടിപ്പുഴയിലേക്കും കൂടുതൽ വെള്ളമെത്തുമെന്ന് ആശങ്ക. കേരളത്തിന്റെ അധീനതയിലുള്ള ലോവർ ഷോളയാറിൽ രണ്ടാം ജാഗ്രതാ നിർദേശവും നൽകിക്കഴിഞ്ഞു.

ദിവസങ്ങൾക്കുള്ളിൽ ഡാം പൂർണസംഭരണശേഷിയിലെത്തിയേക്കുമെന്നതിനാൽ ചാലക്കുടിപ്പുഴയുടെ ഇരുകരകളിലും ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. ഷോളയാർ വിഭാഗം ഡാംസുരക്ഷാ അസിസ്റ്റന്റ് എൻജിനീയറാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

2,663 അടി സംഭരണശേഷിയുള്ള ലോവർ ഷോളയാർ ഡാമിൽ ജലനിരപ്പ് ശനിയാഴ്ചയോടെ 2,660.02 അടി കഴിഞ്ഞു. ജലനിരപ്പ് 2,658 അടിയിലെത്തിയപ്പോൾ നീല അലർട്ട് അഥവാ ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടാം മുന്നറിയിപ്പായ ഓറഞ്ച് അലർട്ടാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

ഇതിനു മുകളിലുള്ള അപ്പർ ഷോളയാർ ഡാം പൂർണസംഭരണശേഷിയുടെ തൊട്ടരികിലാണ് ഉള്ളത്. 3,295 അടി സംഭരണശേഷിയുള്ള ഇവിടെ ജലനിരപ്പ് കഴിഞ്ഞ ഒരാഴ്ചയായി 3,291 അടിയിലാണ്. ഇവിടെനിന്ന്‌ കനാൽ വഴി വെള്ളം പറമ്പിക്കുളത്തേക്ക് കൊണ്ടുപോകുന്നുണ്ട്. അപ്പർഷോളയാർ പവർഹൗസിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന വെള്ളം കേരളത്തിന്റെ ഷോളയാറിലേക്കാണ് വിടുന്നത്. ഈ രീതിയിൽ 500 ക്യുസെക്‌സ് വെള്ളം കേരള ഷോളയാറിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

ഇതിനു പുറമേയാണ് പറമ്പിക്കുളം ഡാം നിറയുന്നതിൻറെ ആശങ്കയും. 1825 അടി സംഭരണശേഷിയുള്ള ഇവിടെ ജലനിരപ്പ് ശനിയാഴ്ച 1821.55 അടിയിലെത്തി. തമിഴ്‌നാടിന്റെ സേതുപതി പവർഹൗസ് തകരാറിലായതിനെ തുടർന്ന് ഇവിടെനിന്ന്‌ തൂണക്കടവ് വഴി കഴിഞ്ഞ ദിവസം അർധരാത്രി വെള്ളം തുറന്നുവിട്ടിരുന്നു. പെരിങ്ങൽക്കുത്ത് അണക്കെട്ടിലേക്ക് 309 ക്യുസെക്‌സ് വെള്ളമാണ് ഒഴുകിയെത്തിയത്.

ഈ ഡാമുകളെല്ലാം തുറന്നാൽ പെരിങ്ങൽക്കുത്ത് ഡാമിലേക്കാണ് വെള്ളമെത്തുക. ഈ ഭീഷണി മുന്നിൽക്കണ്ട് പെരിങ്ങൽക്കുത്ത് ഡാമിൽനിന്ന്‌ വെള്ളം ഒഴുക്കിവിട്ട് ജലനിരപ്പ് കുറച്ചിട്ടുണ്ട്. പരമാവധി ജലനിരപ്പ് 424 മീറ്ററുള്ള ഇവിടെ ഇപ്പോഴത്തെ ജലനിരപ്പ് 419.90 മീറ്ററാണ്. ആവശ്യമെങ്കിൽ സ്ലൂയിസ് ഗേറ്റുകൾ തുറക്കാനുള്ള ആലോചനയുമുണ്ട്. ഒരാഴ്ച മുമ്പ് സ്ലൂയിസ് ഗേറ്റ് തുറന്ന് ജലനിരപ്പ് കുറച്ച് 413.8 അടിയിൽ എത്തിച്ചിരുന്നു. ഇനിയും കുറച്ചാൽ വൈദ്യുതോത്പാദനത്തെ ബാധിക്കുമെന്നതിനാൽ രണ്ടുദിവസം മുന്നേയാണ് സ്ലൂയിസ് ഗേറ്റ് അടച്ചത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K