27 September, 2019 12:47:16 AM


നവവധുവിന്റെ മരണം; ഭര്‍ത്താവിനും അമ്മക്കുമെതിരെ പൊലീസ് കേസെടുത്തു.


കുന്നംകുളം:ചൊവ്വന്നൂരില്‍ നവവധുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനും അമ്മക്കുമെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. ചൊവ്വന്നൂര്‍ പുതുക്കുളങ്ങര വീട്ടില്‍ രവിനായര്‍ മകന്‍ വിബിന്‍, അമ്മ ഉഷ (54) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിനിയായ വിനിഷയെ ഒരാഴ്ച മുമ്പാണ് ഭര്‍ത്തൃവീട്ടിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളത്തില്‍ വീണാണ് മരണം സംഭവിച്ചത് എന്ന് പോസ്റ്റ്്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. വിറകെടുത്ത് വരുമ്പോള്‍ കാല്‍ വഴുതി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു എന്നായിരുന്നു വീട്ടുകാര്‍ ആദ്യം പറഞ്ഞത്. പിന്നീട് വിനീഷയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നംകുളം എ സി.പി . സിനോജിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചത്. 4 മാസം മുന്‍പ് വിവാഹിതരായ ഇവരുടെ വീട്ടില്‍ വിനിഷയുമായി ഭര്‍തൃവീട്ടുകാര്‍ വഴക്ക് പതിവായിരുന്നുവെന്ന് പറയുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മരണമെന്നും സൂചനയുണ്ട്. വിബിന്റെ അമ്മ ഉഷ പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതിനും കൃത്യമായ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. പീഡനത്തെ തുടര്‍ന്ന് മനം നൊന്ത് കുട്ടി ആത്മഹത്യ ചെയ്തതാണോ എന്ന കാര്യമാണ് അന്വേഷിക്കുന്നത്. ആള്‍മറയില്ലാത്ത കിണറ്റിലേക്ക് വിനീഷയെ തള്ളിയിട്ടതാണെന്ന ആക്ഷേപവും നാട്ടുകാര്‍ക്കിടയിലുണ്ട്. ഉഷയും കുടുംബവും നാട്ടുകാരുമായി അധികം അടുപ്പമുള്ളവരായിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി പരിസരവാസികളായ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K