30 September, 2019 03:56:27 PM


ഹൃദയം നിറയ്ക്കും ഈ പ്രണായാഭ്യര്‍ഥന; സൈബര്‍ലോകം കീഴടക്കി കവാനും സാറിസും



ഫ്ലോറി‍ഡ: ഫ്ലോറിഡയില്‍ സ്‍കൂള്‍ വിദ്യാര്‍ഥികളുടെ ഫുട്ബോള്‍ മത്സരത്തിനിടയില്‍ നടന്ന ഒരു പ്രണയാഭ്യര്‍ഥനയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് തരംഗമായിരിക്കുന്നത്. ഹൈസ്‍കൂള്‍ വിദ്യാര്‍ഥികളായ കവാനും സാറിസുമാണ് ഒരൊറ്റ വീഡിയോയിലൂടെ സമൂഹ മാധ്യമങ്ങളുടെ ഓമനകളായി മാറിയത്. സെമിയോണ്‍ ഹൈസ്‍കൂളിലെ വിദ്യാര്‍ഥിയായ ഡേവിഡ് കവാന്‍ ദീര്‍ഘകാലമായി തന്‍റെ സുഹൃത്തും ലേക്ക് ബ്രാന്‍ഡ്‍ലി ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയുമായ സാറിസ് മേരി ഗാര്‍സ്യയോട് പ്രണയം തുറന്നുപറയുന്ന രംഗമാണ് വീഡിയോയിലുള്ളത്. ഹൈസ്‍കൂള്‍ വിദ്യാര്‍ഥികള്‍ പ്രണയാഭ്യര്‍ഥന നടത്തിയതില്‍ ഇത്ര അദ്ഭുതപ്പെടാനെന്തെന്നായിരിക്കും. എന്നാല്‍ വീഡിയോ കാണുമ്പോള്‍ നിങ്ങളുടെ കണ്ണുകളും നിറയും. കാരണം ഈ രണ്ട് കുട്ടികളും ഏറെ പ്രത്യേകതകളുള്ളവരാണ്. ഡൗണ്‍ സിന്‍ഡ്രോം ഉള്ളവരാണ് ഇവര്‍. ഡൗണ്‍ സിന്‍ഡ്രോമിനുള്ള തെറാപ്പിക്കിടയിലാണ് ഇവര്‍ പരസ്‍പരം കണ്ടതും സുഹൃത്തുക്കളായതും. മൂന്നുവയസ്സിലാണ് ഇരുവരും ആദ്യം കണ്ടത്. ഇടയ്ക്കിടെയുള്ള തെറാപ്പി ഇവരെ അടുത്ത സുഹൃത്തുക്കളാക്കി. അവര്‍ വളരുമ്പോള്‍ ആ സൗഹൃദവും വളരുകയായിരുന്നു. സൗഹൃദം മറ്റൊരു തലത്തിലെത്തിയതാണ് ആ ഫുട്ബോള്‍ ഗ്രൗണ്ടില്‍ കണ്ടത്. തന്‍റെ സ്‍കൂള്‍ ടീമിന്‍റെ ചിയര്‍ ലീഡിങ് ടീമിലെത്തിയതായിരുന്നു സാറിസ്. ഈ സമയത്ത് പ്രണയാഭ്യര്‍ഥന നടത്താന്‍ തീരുമാനിക്കുകയായിരുന്നു കവാന്‍. കൈയില്‍ പ്ലക്കാര്‍ഡുമായി തനിക്കരികിലേക്ക് കവാന്‍ വരുന്നത് കണ്ട സാറിസ് അവന്‍റെ നേരെ നടന്നുവരികയും പ്ലക്കാര്‍ഡിലെ സന്ദേശം വായിക്കുകയും ചെയ്‍തു. തുടര്‍ന്ന് അവര്‍ പരസ്‍പരം പുണര്‍ന്നപ്പോള്‍ ഗാലറിയൊന്നാകെ അവര്‍ക്കായി ആര്‍പ്പുവിളിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം കവാന്‍ കാല്‍മുട്ടിലിരുന്ന് സാറിസിന്‍റെ കൈകള്‍ തന്‍റെ കൈകളിലെടുത്ത് ചുംബിച്ചു. ഈ രംഗത്തിനുശേഷം സാറിസിന്‍റെ സ്‍കൂളിലെ പ്രിന്‍സിപ്പല്‍ ഇരുവരെയും വേദിയിലേക്ക് ക്ഷണിക്കുകയും അവരെ കാണികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്‍തു.

സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയ വീഡിയോ ഇതുവരെ കണ്ടത് 33 ലക്ഷത്തിലധികം ആളുകളാണ്. ഏഴുപതിനായിരത്തോളം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്‍തു. രംഗം പകര്‍ത്താന്‍ കവാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് സാറിസിന്‍റെ അമ്മ വാന്‍ഡ ക്രൂസ് പറഞ്ഞു. ഈ വീഡിയോ പങ്കുവെക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇത്തരത്തിലുള്ള കുട്ടികളുള്ള എത്രയോ കുടുംബങ്ങളില്‍ ഈ രംഗത്തിന് സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു. അവര്‍ക്ക് പരസ്‍പരം പ്രചോദനമായി ജീവിത് അര്‍ഥപൂര്‍ണമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഈ അമ്മ പറയുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K