03 October, 2019 10:09:05 PM


അടുത്ത വര്‍ഷത്തോടെ എല്ലാവര്‍ക്കും പത്താംതരം യോഗ്യത മിഷന്‍ 2020; ഊര്‍ജ്ജിത നടപടികളുമായി സാക്ഷരതാ സമിതി

 

അടുത്ത വര്‍ഷത്തോടെ ജില്ലയിലെ മുഴുവന്‍ ആളുകളെയും പത്താം തരം യോഗ്യതയുള്ളവരാക്കി മാറ്റുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ സാക്ഷരതാ സമിതി ഊര്‍ജ്ജിതമാക്കി. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളില്‍ പത്താം തരം യോഗ്യതയില്ലാത്ത മുഴുവന്‍ പേര്‍ക്കും തുല്യതാ പഠന പരിശീലനം നല്‍കാന്‍ ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി യോഗം തീരുമാനിച്ചു. 

കര്‍മ്മപരിപാടിയുടെ ഭാഗമായി കുടുംബശ്രീ എ.ഡി.എസുകളുടെ നേതൃത്വത്തില്‍ പ്രത്യേക സര്‍വ്വേ നടത്തും. മുഴുവന്‍ ജനങ്ങളെയും 10-ാം തരം യോഗ്യതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ മിഷന്‍ 2020 എന്ന പേരിലുള്ള കര്‍മ്മ പദ്ധതി 2006ലാണ് ജില്ലയില്‍ തുടങ്ങിയത്. ഇതുവരെ 11,889 പേര്‍ 10-ാം തരം തുല്യതാ പഠനത്തില്‍ പങ്കെടുത്തു. 

ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ക്ഷേമ കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിതാ രാജു, ജില്ലാ പഞ്ചായത്തംഗം ബെറ്റി റോയ് മണിയങ്ങാട്ട്, വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രൊഫ. പുഷ്ക്കലാ ദേവി, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി രതീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K