15 October, 2019 05:11:45 PM


1

അപകടങ്ങള്‍ തുടര്‍കഥയാകുന്നു; മരണകെണിയൊരുക്കി അതിരമ്പുഴ കോട്ടമുറി കവല

'എരിതീയില്‍ എണ്ണയൊഴിച്ച്' കഞ്ചാവ് -ലഹരിമരുന്ന് മാഫിയാ സംഘവും

- സ്വന്തം ലേഖകന്‍ 

(പടം)

ഏറ്റുമാനൂര്‍: മരണക്കെണിയോരുക്കി അതിരമ്പുഴ കോട്ടമുറി ജംഗ്ഷന്‍. ഏറ്റുമാനൂര്‍ - നീണ്ടൂര്‍ റോഡിലെ ഈ നാല്‍കവലയില്‍ അപകടങ്ങള്‍ തുടര്‍കഥയാവുകയാണ്. ആധുനികരീതിയില്‍ റോഡ് നവീകരിച്ചതിനുശേഷമാണ് അപകടങ്ങളുടെ എണ്ണം പെരുകിയത്. അതിരമ്പുഴ - വേദഗിരി റോഡ് നീണ്ടൂര്‍ റോഡിന് കുറുകെ കടന്നുപോകുന്ന ഈ കവലയില്‍ അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഇനിയും ഒരുക്കിയിട്ടില്ല.

അപകടപരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇന്നലെ ഇവിടെ ഉണ്ടായത്. ഓട്ടോറിക്ഷയും പിക്ക് അപ് വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന കാഞ്ഞിരപ്പള്ളി ആനക്കൽ ഗോപുരത്തിങ്കൽ ഉണ്ണികൃഷ്ണൻ (22), സുമ (42), സുജാത (48), തൈപ്പറമ്പിൽ കുമാർ (19) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 10.30 മണിയോടെ ആയിരുന്നു അപകടം. ചേർത്തലയിൽ ക്ഷേത്ര ദർശനത്തിന് ക്ഷേത്രം കാഞ്ഞിരപ്പള്ളിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഓട്ടോ ഡ്രൈവർ ഉൾപ്പെടെ ബന്ധുക്കളായ നാല് പേരും. കോട്ടമുറി കവലയിൽ എത്തിയപ്പോൾ റോഡ് മുറിച്ചു കടന്നു വന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്‌സ് സംഘവും എത്തിയെങ്കിലും നാട്ടുകാർ ഇടപെട്ട് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിരുന്നു.

രണ്ടാഴ്ചയ്ക്കുള്ളില്‍ പതിനൊന്ന് അപകടങ്ങള്‍ ഇവിടെ ഉണ്ടായി. നേരത്തെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റിരുന്നു. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. ഓട്ടോ ലോറിയുമായി കൂട്ടിയിടിച്ച് ഓട്ടോ പൂര്‍ണ്ണമായി തകര്‍ന്നതും ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റതും മറ്റൊരു സംഭവം.

കോട്ടമുറി ജങ്ഷനിലെ തുടർച്ചയായുള്ള അപകടങ്ങളിൽ  പ്രതിഷേധിച്ച്  ഓട്ടോ തൊഴിലാളികളും നാട്ടുകാരും പ്രതിഷേധ യോഗം നടത്തിയിരുന്നു. റോഡിൽ സ്പീഡ് ബ്രേക്കറുകളും, സിഗ്നലും സ്ഥാപിക്കണമെന്നായിരുന്നു നാട്ടുകാരുടെ പ്രധാന ആവശ്യം. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ നടപടികൾ ആരംഭിക്കാനിരിക്കെ റോഡില്‍ പൊതുമരാമത്ത് വകുപ്പ് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചു. ഒപ്പം ഗതാഗതനിയന്ത്രണത്തിന് പോലീസിനെയും ഏര്‍പ്പെടുത്തി.

കുറെ നാളുകളായി ഗതാഗതനിയന്ത്രണത്തിന് സ്ഥിരമായി പോലീസ് എത്താത്തത് വാഹനങ്ങളുടെ മരണപാച്ചിലിന് കാരണമാകുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇതു കൂടാതെയാണ് 'എരിതീയില്‍ എണ്ണയൊഴിക്കും' പോലെ ബൈക്കില്‍ അമിതവേഗതയില്‍ പായുന്ന ലഹരിമരുന്നിന് അടിമകളായ യുവാക്കളുടെ ശല്യവും. അമിതവേഗതയില്‍ പാഞ്ഞതിനെ ചോദ്യം ചെയ്ത പ്രദേശവാസികളുടെ വീടുകളില്‍ ആഴ്ചകള്‍ക്കുമുമ്പ് രാത്രിയില്‍ അക്രമം അഴിച്ചുവിട്ട് യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതും ഇതിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K