16 October, 2019 07:39:49 PM


ജോളിയുടെ കലാലയ ജീവിതത്തിലും ദുരൂഹത

ജോളിയുടെ കലാലയ ജീവിതത്തിലും ദുരൂഹത



കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെന്ന ജോളിയമ്മ ജോസഫിന്‍റെ കലാലയ ജീവിതത്തിലും ഏറെ ദുരൂഹതകള്‍. ഇവരുടെ ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം വ്യാജമാണെന്ന വിവരമാണ് പുറത്തുവരുന്നത്. നെടുങ്കണ്ടം എം.ഇ.എസ് കോളജില്‍ പ്രീഡിഗ്രി പഠനത്തിനുശേഷം ടി.സി കൈപ്പറ്റാത്തതും എം. കോമിന് കട്ടപ്പനയിലെ പാരലല്‍ കോളജില്‍ പഠനത്തിനെത്തിയിരുന്ന കാലത്തെ പ്രവൃത്തികളുമൊക്കെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന സംശയത്തിന് ബലം കൂട്ടുന്നു.


പ്രീഡിഗ്രി തേര്‍ഡ് ഗ്രൂപ്പില്‍ ആദ്യം ചേര്‍ന്ന ജോളി പിന്നീട് സെക്കന്റ് ഗ്രൂപ്പിലേക്ക് മാറി. ശരാശരിയില്‍ താഴെ പഠനക്കാരി മാത്രമായിരുന്നു ജോളിയെന്ന് സഹപാഠികള്‍ ഓര്‍മിക്കുന്നു. പഠനം പൂര്‍ത്തീകരിക്കുന്നതിനു മുന്‍പുതന്നെ ജോളി കോളജില്‍നിന്നു പുറത്തായതായാണ് 1988-90 അധ്യയന വര്‍ഷത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. പിന്നീട് 1991-94 കാലഘട്ടത്തില്‍ പാലായിലെ പാരലല്‍ കോളജില്‍ ബി. കോമിനു ചേര്‍ന്നുവെന്നാണ് വിവരം. യൂനിവേഴ്‌സിറ്റി രജിസ്‌ട്രേഷന് ടി. സി വേണമെന്നിരിക്കേ, ഇതുവരെ നെടുങ്കണ്ടം കോളജില്‍നിന്ന് ജോളി ടി. സി വാങ്ങിയിട്ടില്ല. ജോളി ടി.സി വാങ്ങിയതായി രേഖകളിലില്ലെന്ന് എം.ഇ.എസ് കോളജ് പ്രിന്‍സിപ്പലും മാധ്യമങ്ങളോട് പറയുന്നു. ഇതോടെ ബി. കോം രജിസ്‌ട്രേഷന്‍ എങ്ങനെ നടത്തിയെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. പ്രീഡിഗ്രി പഠനത്തിനും ഡിഗ്രി പഠനത്തിനുമിടയില്‍ ഒരു വര്‍ഷം ജോളി എന്തു ചെയ്തിരുന്നുവെന്നത് വ്യക്തമല്ല. പ്രീഡിഗ്രിക്ക് ഏതെങ്കിലും വിഷയങ്ങള്‍ക്ക് തോറ്റിട്ടുണ്ടാകാമെന്നും അവ എഴുതിയെടുക്കാന്‍ ഒരു വര്‍ഷം കൂടി ചെലവഴിച്ചിട്ടുണ്ടാകാമെന്നുമാണ് സഹപാഠികളായിരുന്നവര്‍ കരുതുന്നത്.


ബി. കോം ബിരുദം നേടി എന്നു ജോളി പറയുമ്പോഴും അതുള്‍പ്പെടെയുള്ള വിദ്യാഭ്യാസ രേഖകള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. കോഴിക്കോട് എന്‍.ഐ.ടിയിലെ അധ്യാപികയെന്നു ജോളി പറഞ്ഞു നടക്കുമ്പോള്‍ എം.കോമിന്റെയും നെറ്റ് പാസായതിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി ഉണ്ടാക്കിയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ജോളിയുടെ വിവാഹം നടന്നത് 1997 ഫെബ്രുവരിയിലാണ്. തുടര്‍ന്നു കോഴിക്കോട് കൂടത്തായിലായിരുന്നു കഴിഞ്ഞിരുന്നത്. എം.കോമിന് പഠിച്ചതായി ജോളി ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രത്തില്‍നിന്നാണ് കട്ടപ്പനയിലെ പാരലല്‍ കോളജില്‍ പഠിച്ചതായ വിവരം പുറത്തായത്. ചിത്രത്തില്‍ മൂന്നു ആണ്‍കുട്ടികള്‍ക്കൊപ്പം ക്ലാസ് മുറിയിലിരിക്കുന്ന ജോളിയെ കാണാം. ഒപ്പമുള്ള ആണ്‍കുട്ടികളെ തിരിച്ചറിഞ്ഞതോടെയാണ് കട്ടപ്പനയിലെ പഠനകാലത്തെ ഫോട്ടോയാണെന്നു വ്യക്തമായത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K