31 October, 2019 04:14:03 PM


കൊട്ടാരമറ്റം ബസ്സ് സ്റ്റാന്‍റിനു ശാപമോക്ഷം: 28 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് ഡി.പി.സി.യുടെ അംഗീകാരം

സുനിൽ പാലാ


പാലാ: കൊട്ടാരമറ്റം ബസ്സ് സ്റ്റാന്‍റിലെ യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബസ്  ഉടമകള്‍ക്കും ആശ്വാസമായി കൊട്ടാരമറ്റം ബസ്സ്റ്റാന്‍റ് ആധുനിക നിലവാരത്തില്‍ മെച്ചപ്പെടുത്തുന്നു. ഇതിനുള്ള 28 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി പാലാ മുനിസിപ്പൽ   ചെയർപേഴ്സൺ ബിജി ജോജോ കുടക്കച്ചിറ അറിയിച്ചു.


ബസ്സ് സ്റ്റാന്‍റ് മണ്ണിട്ട് ഉയര്‍ത്തിയ സ്ഥലമായിരുന്നതിനാല്‍ നഗരസഭ വര്‍ഷം തോറും ടാറിംഗ് നടത്തിയിരുന്നുവെങ്കിലും മഴക്കാലമായാല്‍ മുഴുവന്‍ തകര്‍ന്ന് കുഴികളായി മാറുക പതിവായിരുന്നു. ഇത് നഗരസഭാ ഭരണാധികാരികള്‍ക്ക് എന്നും തലവേദനയാവുകയും ഏറെ വിമര്‍ശനത്തിന് കാരണമാവുകയും ചെയ്തിരുന്നു. 
കഴിഞ്ഞ പ്രളയത്തില്‍  ബസ്സ് സ്റ്റാന്‍റ് മുഴുവന്‍ വെള്ളം കയറി വലിയ  ഗര്‍ത്തങ്ങൾ രൂപപ്പെട്ടിരുന്നു.  ഇതിനുള്ള  ശാശ്വത പരിഹാരത്തിനായി നഗരസഭാധികൃതർ  വിദഗ്ദ്ധ സമിതിയെ കൊണ്ട്  സ്ഥല പരിശോധന നടത്തുകയും  അവരുടെ നിര്‍ദ്ദേശ പ്രകാരം സ്റ്റാന്‍റ് മുഴുവന്‍ പേവിംഗ് ടൈല്‍ പാകുന്നതിന്  28 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിക്കുകയുമായിരുന്നു. ഇതിനാണിപ്പോൾ  ഡി.പി.സി. അംഗീകാരം ലഭിച്ചിട്ടുള്ളത്.  ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും  ചെയര്‍പേഴ്സണ്‍ ബിജി ജോജോ കുടക്കച്ചിറ  പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K