08 November, 2019 10:42:11 AM


I'm

*അന്വേഷണം വഴിതിരിക്കാന്‍ വസീം നടത്തിയത് 'ദൃശ്യം' മോഡല്‍; മൃതദേഹം മഴവെള്ള സംഭരണിയോട് ചേര്‍ന്നുള്ള കുഴിയില്‍ മൂടി ; ജെസിബി ഓപ്പറേറ്ററോട് ചത്തപശുവിനെ കുഴിച്ചുമൂടിയെന്നും ബാക്കി മണ്ണിടാനും പറഞ്ഞു*

രാജകുമാരി: റിജേഷിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ വസീം തെളിവുകള്‍ നശിപ്പിക്കാനും പിടിക്കപ്പെടാതിരിക്കാനും നടത്തിയത് ദൃശ്യം സിനിമയിലേതുപോലുള്ള തന്ത്രങ്ങള്‍. മൃതദേഹം മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചാല്‍ അന്വേഷണം തന്നിലേയ്ക്ക് എത്തുമെന്നുറപ്പുള്ള വസീം നിര്‍മാണത്തിലിരിക്കുന്ന മഴവെള്ള സംഭരണിയോട് ചേര്‍ന്നുള്ള കുഴിയില്‍ മൃതദേഹം ഉപേക്ഷിച്ച് മണ്ണിട്ട് മൂടി.

തുടര്‍ന്ന് ജെ.സി.ബി ഓപ്പറേറ്ററെ വിളിച്ച് കുഴിയില്‍ ചത്ത പശുവിനെ ഇട്ടിട്ടുണ്ടെന്നും കുറച്ച് മണ്ണ് മാത്രമേ ഇട്ടിട്ടുള്ളു ബാക്കി മണ്ണിട്ട് മൂടാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് തൃശൂരിലുള്ള സഹോദരനെ വിളിച്ച് രജീഷിന്റെ ഭാര്യ ലിജിയുടെ ഫോണിലേയ്ക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു.

അടുത്ത ദിവസം കോഴിക്കോട്ടുള്ള സഹോദരന്റെ സുഹൃത്തിന്റെ ഫോണില്‍നിന്നും ലിജിയുടെ ഫോണിലേയ്ക്ക് കോളുകള്‍ ചെയ്യിപ്പിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് ചോദിച്ചപ്പോള്‍ തെളിവായി ഈ കോളുകള്‍ കാണിച്ച് റിജോഷ് തൃശൂരില്‍നിന്നും കോഴിക്കോട്ടുനിന്നും തന്നെ വിളിച്ചിരുന്നതായി ലിജി തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍ പോലീസ് ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ വസീമിന്റെ സഹോദരനും മറ്റൊരാള്‍ ഇയാളുടെ സുഹൃത്തുമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ സ്‌റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുകയാണ്.

ശാന്തന്‍പാറയില്‍ ഒരാഴ്ചമുമ്പു കാണാതായ കഴുതകുളംമേട് മഷ്‌റൂം ഹട്ട് റിസോര്‍ട്ടിലെ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷി(31)നെ കൊന്നു കത്തിച്ചശേഷം ഫാം ഹൗസില്‍ കുഴിച്ചിട്ടെന്ന് പ്രതി ഫേസ്ബുക്ക് വീഡിയോയിലുടെ പറഞ്ഞിരുന്നു. ഫാം ഹൗസ് മാനേജര്‍ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തില്‍ വസിം (31) സ്വന്തം സഹോദരന് അയച്ച വീഡിയോ സന്ദേശത്തിലാണ് കുറ്റം സമ്മതിച്ചത്.

വസീമിനെ തിങ്കളാഴ്ച മുതല്‍ കാണാനില്ല. റിജോഷിന്റെ ഭാര്യ ലിജി (29), രണ്ട് വയസുള്ള മകള്‍ ജൊവാന, ഫാം ഹൗസ് മാനേജര്‍ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തില്‍ വസിം (31) എന്നിവരേയും തിങ്കളാഴ്ച മുതല്‍ കാണാനില്ല. വസീമിന്റെയും ലിജിയുടേയും ഫോണ്‍ കുമളി ആനവിലാസത്തു വച്ച് ഓഫായതായി പോലീസ് കണ്ടെത്തി. തമിഴ്‌നാട്ടിലേയ്ക്കു കടന്നെന്നു സംശയിക്കുന്ന ഇവര്‍ക്കായി തെരച്ചില്‍ ശക്താക്കി.

അഴുകിത്തുടങ്ങിയ ശരീരത്തില്‍ പൊള്ളലേറ്റ അടയാളങ്ങളുണ്ട്. റിജോഷിന് മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്നാണു നിഗമനം. ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവരെത്തി പരിശോധനകള്‍ നടത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. റിജോഷിനെ കഴിഞ്ഞ 31 മുതലാണ് കാണാതായത്. നവംബര്‍ ഒന്നിന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ശാന്തന്‍പാറ പോലീസ് മൊഴിയെടുത്തപ്പോള്‍ തൃശൂരില്‍നിന്നും കോഴിക്കോടുനിന്നും റിജോഷ് ഫോണില്‍ വിളിച്ചെന്നായിരുന്നു ഭാര്യ ലിജി പറഞ്ഞത്.

ഇതോടെ പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ല. എന്നാല്‍ വീട്ടില്‍നിന്ന് അധികദിവസം റിജോഷ് മാറിനിന്നിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വീട്ടുകാര്‍ വീണ്ടും രംഗത്തെത്തി. പിന്നാലെ വസിമിനെയും ലിജിയേയും കുട്ടിയെയും കാണാതാവുകയായിരുന്നു. അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് അഞ്ചിന് റിസോര്‍ട്ടിലെത്തി പരിശോധന നടത്തി.

അന്വേഷണത്തില്‍ ജെ.സി.ബി എത്തിച്ച് റിസോര്‍ട്ടിനുസമീപം കുഴികുത്തിയതായി വിവരം ലഭിച്ചു. ജെ.സി.ബി. ഓപ്പറേറ്ററെ ചോദ്യം ചെയ്തപ്പോള്‍ ഫാമിലെ പശു ചത്തെന്നും കുഴികുത്തി മൂടാന്‍ ജെ.സി.ബിയുമായി വരണമെന്നും കഴിഞ്ഞ ഒന്നിന് വസീം ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ട വിവരം അറിയിച്ചു. മഴവെള്ള സംഭരണി നിര്‍മിക്കുന്നതിനോടു ചേര്‍ന്നുള്ള കുഴി പാതി മൂടിയ നിലയിലായിരുന്നു.

വസീമിന്റെ നിര്‍ദേശപ്രകാരം ഇതു പൂര്‍ണമായി മൂടിയെന്നും ജെ.സി.ബി. ഓപ്പറേറ്റര്‍ പോലീസിന് മൊഴി നല്‍കി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവിടെനിന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു റിസോര്‍ട്ടിലെ ജീവനക്കാരിയേയും വസീമിന്റെ സഹോദരനെയും സുഹൃത്തിനേയും പോലീസ് ചോദ്യം ചെയ്തു. ഇതിനു പിന്നാലെ വീഡിയോ സന്ദേശത്തിലൂടെ കുറ്റസമ്മതവുമായി വസിം രംഗത്തെത്തി.

19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നതിങ്ങനെ: ' വസീമാണ്, ......ശാന്തന്‍പാറ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന റിജോഷ് എം.പി മര്‍ഡര്‍ കേസില്‍ പ്രതി ഞാനാണ്, എന്റെ അനിയനും കൂട്ടുകാരും, അതായത് എന്റെ അനിയന്റെ കൂട്ടുകാരെയും വെറുതെ വിടണം. അവര്‍ക്ക് ഇതില്‍ യാതൊരു ബന്ധവുമില്ല....' സഹോദരനും സുഹൃത്തും കേസില്‍ ഉള്‍പ്പെടുമെന്ന സാഹചര്യത്തിലാണ് വസീം കുറ്റ സമ്മതം നടത്തികൊണ്ടുള്ള വീഡിയോ സന്ദേശം സഹോദരന്റെ ഫോണിലേയ്ക്ക് അയച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K