08 November, 2019 11:03:29 AM


പോലീസ് - അഭിഭാഷക സംഘര്‍ഷം; രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം


Tis Hazari Court

ന്യൂഡല്‍ഹി: തീസ് ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. സ്‌പെഷ്യല്‍കമ്മീഷണര്‍ സഞ്ജയ് സിങ്ങ്, അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദര്‍ കുമാര്‍ സിങ്ങ് എന്നീ ഉദ്യോഗസ്ഥരെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി വന്നിരിക്കുന്നത്.

കോടതി വളപ്പിലെ സംഘര്‍ഷത്തില്‍ സ്വമേധയാ കേസെടുത്ത കോടതി, ക്രമസമാധാനപാലനത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

സഞ്ജയ് കുമാറിനെ ഗതാഗത വകുപ്പില്‍ സ്‌പെഷ്യല്‍ കമ്മീഷണറായും ഹരേന്ദര്‍ കുമാര്‍ സിങ്ങിനെ റെയില്‍വേ ഡിസിപി ആയുമാണ് സ്ഥലംമാറ്റിയിരിക്കുന്നത്. റെയില്‍വേ ഡിസിപി ദിനേശ് കുമാര്‍ ഗുപ്തയെ ഉത്തരമേഖലാ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറായും നിയമിച്ചിട്ടുണ്ട്.

നവംബര്‍ രണ്ട് ശനിയാഴ്ചയാണ് ഡല്‍ഹി തീസ് ഹസാരി കോടതിവളപ്പില്‍ അഭിഭാഷകരും പോലീസും ഏറ്റുമുട്ടിയത്. ഒരു അഭിഭാഷകന്റെ വാഹനത്തില്‍ പോലീസ് വാഹനം തട്ടിയതും പിന്നീട് ഉണ്ടായ പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കവുമാണ് സംഘര്‍ഷത്തില്‍ എത്തിച്ചത്. പിന്നീട് അഭിഭാഷകര്‍ പോലീസ് വാഹനങ്ങളും ബൈക്കുകളും കത്തിക്കുകയും ചെയ്തു. പിന്നാലെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ അഭിഭാഷകന് വെടിയേല്‍ക്കുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K