20 November, 2019 06:10:04 PM


ഒരു ലൈസന്‍സും ഇല്ലാതെ വ്യവസായം തുടങ്ങാം



കേരളം എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണ നിക്ഷേപക സൗഹൃദ സംസ്ഥാനമായി മാറുകയാണ്. അതിന് ഏറ്റവും വലിയ തെളിവാണ് ഇന്നിവിടെ അംഗീകരിക്കപ്പെട്ട, 'കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ബില്‍'. കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവര്‍ണ അദ്ധ്യായമായി ഇതു മാറും. ഒരനുമതിയും മുന്‍കൂര്‍ വാങ്ങാതെ വ്യവസായം തുടങ്ങാം എന്ന സുപ്രധാനമായ നിയമം കൊണ്ടുവരുന്നതിനുള്ള ബില്ലാണ് സഭ ഇന്ന് അംഗീകരിച്ചത്. ഇതോടെ നമ്മുടെ നാട്ടില്‍ അനായാസമായും അതിവേഗത്തിലും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാനും മൂന്നു വര്‍ഷത്തേക്ക് തടസ്സമില്ലാതെ നടത്താനും സാഹചര്യം ഒരുങ്ങുകയാണ്. 10 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങളാണ് ഇത്തരത്തില്‍ തുടങ്ങാനാവുക.
കഴിഞ്ഞ വര്‍ഷം 'കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും' എന്ന നിയമം ഈ സഭ പാസ്സാക്കിയിരുന്നു. കേരളത്തിന്റെ വ്യവസായ ചരിത്രത്തില്‍ വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു അത്. വ്യവസായം തുടങ്ങുന്നതിനുള്ള അപേക്ഷകളില്‍ 30 ദിവസത്തിനകം തീരുമാനം എടുക്കണമെന്നും, ഇല്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കി സംരംഭകന് വ്യവസായം തുടങ്ങാമെന്നുമുള്ള വിപ്ലവകരമായ മാറ്റം ആ നിയമത്തിലൂടെ നടപ്പായിരുന്നു. വ്യവസായ അനുമതിക്കുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ കെ സ്വിഫ്റ്റ് എന്ന ഏകജാലക ഓണ്‍ലൈന്‍ സംവിധാനവും നിലവില്‍ വന്നു.
ഇത്തരം പരിഷ്‌ക്കാരങ്ങള്‍ കേരളത്തിന്റെ നിക്ഷേപരംഗത്ത് പുരോഗമനപരമായ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നിലയില്‍ ഉജ്ജ്വല മുന്നേറ്റം കൈവരിക്കാനും സാധിച്ചു. നിതി ആയോഗ് കഴിഞ്ഞ മാസം പുറത്തിറക്കിയ സൂചിക പ്രകാരം രാജ്യത്ത് മികച്ച ബിസിനസ് സാഹചര്യമുള്ള രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കൂടുതല്‍ മികവോടെ മുന്നോട്ടുപോകാന്‍ നമ്മുടെ നിക്ഷേപ അന്തരീക്ഷം കൂടുതല്‍ മികവുറ്റതാകണം. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അനുകൂലമായ സാഹചര്യം ഒരുക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഉദാരമായ വ്യവസ്ഥകളുള്ള ബില്‍ കൊണ്ടുവന്നത്.
ഈ ബില്‍ നിയമമാകുന്നതോടെ സംരംഭം തുടങ്ങാനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാവുകയാണ്. ലൈസന്‍സുകളും അനുമതികളും സമ്പാദിക്കാന്‍ ഇനി കാത്തിരിക്കേണ്ട. ഒരു ലൈസന്‍സും എടുക്കാതെ തന്നെ വ്യവസായം തുടങ്ങാനും മൂന്ന് വര്‍ഷത്തേയ്ക്ക് നടത്താനുമുള്ള സാഹചര്യമൊരുക്കുകയാണ് സംസ്ഥാന ഗവണ്‍മെന്റ്.
നടപടിക്രമങ്ങള്‍
$ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തി നിശ്ചിത ഫോറത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തി ഒരു അപേക്ഷ സമര്‍പ്പിക്കണം.
$ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് ആക്ട് പ്രകാരം കേരളത്തില്‍ നിലവിലുള്ള ജില്ലാ ബോര്‍ഡാണ് നോഡല്‍ ഏജന്‍സി. ഈ ബോര്‍ഡ് മുമ്പാകെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതിന്റെ അദ്ധ്യക്ഷന്‍ ജില്ലാ കളക്ടറും കണ്‍വീനര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുമാണ്.
$ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കാറ്റഗറി അനുസരിച്ച് ചുവപ്പ് പട്ടികയില്‍ വരാത്ത സംരംഭങ്ങള്‍ മാത്രമേ പരിഗണിക്കൂ. വൈറ്റ്, ഗ്രീന്‍, ഓറഞ്ച്, റെഡ് എന്നിങ്ങനെ മലിനീകരണ തോത് അനുസരിച്ച് സംരംഭങ്ങളെ തരംതിരിച്ചുണ്ട്.
$ ഇത്തരത്തില്‍ പൂര്‍ണ്ണമായ ഒരു അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ ജില്ലാ ബോര്‍ഡ് ഒരു കൈപ്പറ്റ് രസീത് നിശ്ചിത ഫോറത്തില്‍ നല്‍കും.
$ ഈ രസീത് ലഭിച്ച് കഴിഞ്ഞാല്‍ അടുത്ത ദിവസം തന്നെ സംരംഭം തുടങ്ങാം. ഇതിന്റെ കാലാവധി 3 വര്‍ഷമാണ്.
$ കാലാവധി അവസാനിച്ചാല്‍ 6 മാസത്തിനുള്ളില്‍ നിയമപരമായി എടുക്കേണ്ട എല്ലാ ലൈസന്‍സുകളും ക്ലിയറന്‍സുകളും എടുത്തിരിക്കണം.
$ സാക്ഷ്യപത്രത്തിലെ നിബന്ധനകള്‍ ലംഘിച്ചാല്‍ 5 ലക്ഷം രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും.
$ 10 കോടി രൂപയില്‍ താഴെ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക. അതുകൊണ്ട് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് മാത്രമേ ഈ നിയമം ബാധകമാകുന്നുള്ളൂ.
$ നോഡല്‍ ഏജന്‍സിയുടെ തീരുമാനംമൂലം സങ്കടം അനുഭവിക്കേണ്ടി വരുന്ന ഏതൊരാള്‍ക്കും സംസ്ഥാന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് മുമ്പാകെ അപ്പീല്‍ നല്‍കാവുന്നതാണ്. ഇത് 30 ദിവസത്തിനുള്ളില്‍ നല്‍കണം. 30 ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കുകയും വേണം.
6 നിയമങ്ങളില്‍ ഭേദഗതി വരുത്തി
മേല്‍ വ്യവസ്ഥകള്‍ക്ക് അനുസൃതമായി 6 നിയമങ്ങള്‍ ഭേദഗതി ചെയ്തിട്ടുള്ളതായി കണക്കാക്കുന്നതാണ്.
1. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട്.  2. 1994 ലെ കേരള മുന്‍സിപ്പാലിറ്റി ആക്ട്. 3. 1960 ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും ആക്ട്. 4. 2013 ലെ കേരള ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ആക്ട്. 5. 1955 ലെ ട്രാവന്‍കൂര്‍ - കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ട്. 6. 1939 ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ട്.
ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല.
ലൈസന്‍സ് എടുക്കാതെ വ്യവസായ സ്ഥാപനം തുടങ്ങാമെന്ന് കേള്‍ക്കുമ്പോള്‍ നിരവധി ആശങ്കകള്‍ പൊതുസമൂഹത്തിനുണ്ടാകുന്നു. അത്തരം ആശങ്കകള്‍ക്കുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞും അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ അവലംബിച്ചുമാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്.
1. പരിസ്ഥിതി മലിനീകരണം രൂക്ഷമാകുമോയെന്ന് ഭയപ്പെടേണ്ടതില്ല. റെഡ് കാറ്റഗറി സംരംഭങ്ങളെ ഇതിന്റെ പരിധിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഓയില്‍ റിഫൈനറി, മൈനിംഗ് (പാറമടകള്‍ക്ക് ബാധകം), ഫാര്‍മസ്യൂട്ടിക്കല്‍സ്, ഡിസ്റ്റിലറി തുടങ്ങിയ സംരംഭങ്ങള്‍ പോലും റെഡ് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്.
2. നെല്‍വയലുകള്‍ നികത്തി കെട്ടിടം പണിയാന്‍ പാടില്ല. തണ്ണീര്‍ത്തട സംരക്ഷണ നിയമം മറികടക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നിയമങ്ങള്‍ക്കും വിധേയമായതിനാല്‍ തീരദേശം, പരിസ്ഥിതി ലോല പ്രദേശങ്ങള്‍ എന്നിവയെ നിയമം തൊടുന്നില്ല.
3. നിയമങ്ങള്‍ അനുസരിക്കാതെ സ്ഥാപനം തുടങ്ങാന്‍ ആരും തയ്യാറാകില്ല. കാരണം 3 വര്‍ഷത്തിനുശേഷം 6 മാസത്തിനുള്ളില്‍ നിയമപ്രകാരമുള്ള എല്ലാ ലൈസന്‍സുകളും സമ്പാദിച്ചിരിക്കണം.
4. വ്യവസായത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാകാന്‍ ഒരു തടസ്സവും ഉണ്ടാകില്ല. കെ എസ് ഇ ബിയുടെ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഇപ്പോള്‍ തദ്ദേശസ്ഥാപനങ്ങളുടെ ബില്‍ഡിങ്ങ് നമ്പര്‍ നിര്‍ബന്ധമല്ല. കൃത്യമായി അപേക്ഷ നല്‍കി പണം അടയ്ക്കുന്ന ആര്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കുന്നുണ്ട്.  
6. നികുതി വെട്ടിച്ച് വ്യവസായം നടത്തുവാന്‍ സാധിക്കില്ല.~ജി.എസ്.ടി, ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍, ഗുണമേന്മാ സര്‍ട്ടിഫിക്കറ്റുകളായ കടക, അഏങഅഞഗ, ഠഞഅഉഋ ങഅഞഗ, അളവ് തൂക്ക നിയമങ്ങള്‍ തുടങ്ങിയവ അനുസരിക്കാന്‍ സംരംഭകര്‍ ബാധ്യസ്ഥരായിരിക്കും. ഇത്തരം കാര്യങ്ങള്‍ക്ക് നിയമം ബാധകമാകില്ല.
കാര്‍ഷിക മേഖലയ്ക്ക് കരുത്ത് പകരും
$ 3 വര്‍ഷത്തേയ്ക്ക് ലൈസന്‍സ് എടുക്കാതെ സംരംഭം തുടങ്ങാം എന്ന നിയമം പ്രാബല്യത്തില്‍ വരുന്നത് കാര്‍ഷിക മേഖലയ്ക്ക് കരുത്തുപകരും.
$ കൂടുതല്‍ കാര്‍ഷിക വിളകള്‍ മൂല്യവര്‍ദ്ധിതമാക്കാന്‍ സാഹചര്യമുണ്ടാകുന്നതോടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വില ഉയരുകയും കൂടുതല്‍  കര്‍ഷകര്‍ ഈ രംഗത്തേക്ക് കടന്നുവരികയും ചെയ്യും.
$ ഗോഡൗണുകളും ഫ്രീസിംഗ് പോയിന്റുകളും ധാരാളമായി തുടങ്ങാന്‍ സൗകര്യം ലഭിക്കും. വിളവെടുപ്പ് സമയത്ത് കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ടി വരില്ല.
$ കാലവിളംബം കൂടാതെ സംരംഭം തുടങ്ങാന്‍ കഴിയുന്നുവെന്നതാണ് നിയമത്തിന്റെ കാതല്‍. ലൈസന്‍സിനായി സമയം കളയാതെ സംരംഭം തുടങ്ങാം. എന്നാല്‍ നിയമവിധേയമായി മാത്രമേ കാര്യങ്ങള്‍ ചെയ്യാനാകൂ.
$ യുവാക്കള്‍ക്ക് ഉത്തേജനം പകരുന്ന നിയമമാണിത്. പഠിച്ചിറങ്ങിയാല്‍ സ്വന്തം നിലയില്‍ ഒരു സംരംഭം എത്രയും വേഗം പ്ലാന്‍ ചെയ്യാനും നടപ്പാക്കാനും കഴിയുന്നു. 'സംരംഭകത്വം' എഞ്ചിനീയറിംഗ് പോലുള്ള കോഴ്‌സുകളുടെ ഭാഗമായി തന്നെ ഇപ്പോള്‍ പഠിപ്പിച്ചുവരുന്നുണ്ട്. അതിന്റെ ആവേശം നിലനിര്‍ത്തുവാന്‍ ഉടന്‍ സംരംഭം എന്ന സാധ്യതയിലൂടെ കഴിയും.
$ വിദേശതൊഴില്‍ അവസാനിപ്പിച്ച് നാട്ടില്‍ ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ധാരാളം മലയാളികളുണ്ട്. അവര്‍ക്ക് ഇതൊരു മികച്ച അവസരമാണ്.
$ ലൈസന്‍സിനായി കാത്തുനില്‍ക്കാതെ സംരംഭം തുടങ്ങാന്‍ കഴിയുമെന്നതിനാല്‍ പദ്ധതി ചെലവ് പ്ലാന്‍ ചെയ്തതു പോലെ നിയന്ത്രിക്കാന്‍ കഴിയും.
$ പരിസ്ഥിതി സൗഹൃദവും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ നൂതന ചെറുകിട സംരംഭങ്ങള്‍ വളര്‍ന്നുവരാന്‍ നിയമം വഴിവയ്ക്കും.
$ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സില്‍ സംസ്ഥാനത്തിന്റെ റാങ്കിംഗ് ഏറെ മെച്ചപ്പെടുത്താന്‍ സഹായിക്കും.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K