06 December, 2019 05:08:34 PM


തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പ്രളയപശ്ചാത്തലത്തില്‍ തയ്യാറാക്കണം

പദ്ധതിരൂപീകരണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തുടങ്ങണമെന്നും നിര്‍ദ്ദേശം


തിരുവനന്തപുരം: പതിമൂന്നാം പഞ്ചവത്സര പദ്ധതി പ്രകാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും സമയക്രമവും നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനം അഭീമുഖീകരിച്ച പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കികൊണ്ട് പദ്ധതികള്‍ തയ്യാറാക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. ദുരന്തങ്ങള്‍ അതിജീവിക്കുന്ന വിധത്തില്‍ സാങ്കേതിക വിദ്യകളിലൂന്നിയും പാരിസ്ഥിതിക സൗഹൃദ മാനദണ്ഡങ്ങള്‍ പാലിച്ചും കേരള പുനര്‍ നിര്‍മ്മാണ പരിപാടിയുടെ കാഴ്ചപ്പാട് ഉള്‍കൊണ്ട് വേണം പദ്ധതിരൂപീകരണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.


അടുത്ത സാമ്പത്തികവര്‍ഷം ആദ്യം തന്നെ നിര്‍വ്വഹണമാരംഭിക്കാനുതകും വിധം പദ്ധതികള്‍ തയ്യാറാക്കാനുള്ള നടപടികള്‍ ഈ മാസം തന്നെ ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശം. പ്രകൃതി ദുരന്തത്തില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവരുടെ തൊഴില്‍ ഉറപ്പാക്കുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണം. കൃഷി ആരംഭിക്കുന്ന ജൂണില്‍ കാര്‍ഷിക ആനുകൂല്യങ്ങള്‍ ലഭിക്കാറില്ല എന്ന പരാതി നിലനില്‍ക്കുകയാണ്. ഇതിന് മാറ്റമുണ്ടായി യഥാസമയം സഹായമെത്തിക്കാനുള്ള ശ്രദ്ധ നല്‍കണം. മഴക്കെടുതിയിലും അതിവൃഷ്ടിയിലും തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് പ്രത്യേക പരിഗണന നല്‍കണം. ഏപ്രില്‍ 1ന് തന്നെ നിര്‍വ്വഹണം ആരംഭിക്കാനുതകും വിധം അംഗീകാര നടപടികള്‍ വേഗത്തിലാക്കണം. സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ അറ്റകുറ്റപണികള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ പൂര്‍ത്തീകരിക്കണം.


വികസനപദ്ധതികളോടൊപ്പം ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളില്‍ ദുരന്ത മാനേജ്‌മെന്റ് പ്ലാനുകളും തയ്യാറാക്കും. ഇതിനായി തയ്യാറാക്കുന്ന കരട് രേഖ ഗ്രാമ/വാര്‍ഡ് സഭകളില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കണം. ദുരന്ത മാനേജ്‌മെന്റ് പ്ലാനിലെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചും ഉള്‍കൊള്ളിച്ചുമാണ് വാര്‍ഷികപദ്ധതികള്‍ക്ക് രൂപം കൊടുക്കുക. സംസ്ഥാന ബജറ്റ് 2020 ജനുവരിയിലാണ് അവതരിപ്പിക്കുക എന്നതിനാല്‍ ഈ സാമ്പത്തികവര്‍ഷം അനുവദിച്ച അത്രയും തുക വികസനം, മെയിന്റനന്‍സ് ഫണ്ടുകളായി അടുത്ത വര്‍ഷവും ലഭിക്കും എന്ന് കണക്കാക്കി പദ്ധതികള്‍ ആവിഷ്‌കരിച്ച് തുടങ്ങണം എന്നാണ് നിര്‍ദ്ദേശം. അന്തിമ പദ്ധതി രേഖ ബജറ്റ് വിഹിതത്തെ അടിസ്ഥാനമാക്കിയുമായിരിക്കണം. 


നിലവിലെ ഭരണസമിതിയുടെ അവസാനവര്‍ഷം ആയതിനാല്‍ പുതിയ ബഹുവര്‍ഷ പ്രോജക്ടുകള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. താരതമ്യേന വലിയ പ്രോജക്ടുകള്‍ ഒന്നിലധികം തദ്ദേശസ്ഥാപനങ്ങള്‍ സംയ്ുക്തമായി ഏറ്റെടുത്ത് നടപ്പാക്കിയാല്‍ വികസനത്തിന്റെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇതിന് ജില്ലാ ആസൂത്രണ സമിതികള്‍ മുന്‍കൈ എടുക്കണം. എല്ലാ തദ്ദേശഭരമ സ്ഥാപനങ്ങളുടെയും അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും സംയുക്തയോഗം ജനുവരി 20ന് മുമ്പ് വിളിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.


കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവ് പ്രകാരം ആസൂത്രണസമിതിയും വര്‍ക്കിംഗ് ഗ്രൂപ്പുകളും പുനസംഘടിപ്പിക്കേണ്ട തീയതി ഇന്നാണ്. ഡിസംബര്‍ 25ന് മുമ്പ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് പരിഷ്‌കരിക്കണം. ഡിപിസി തലത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജനുവരി 1ന് മുമ്പ് പുറപ്പെടുവിക്കണം. ജില്ലാ ആസൂത്രണസമിതികള്‍ ജനുവരി 20ന് മുമ്പും ഗ്രാമ/വാര്‍ഡ് സഭകള്‍ ഫെബ്രുവരി 8ന് മുമ്പും നടക്കണം. ഫെബ്രുവരി 15ന് മുമ്പ് ദുരന്ത മാനേജ്‌മെന്റ് പ്ലാന്‍ സെമിനാറും 19ന് മുമ്പ് വാര്‍ഷികപദ്ധതി വികസന സെമിനാറും നടക്കേണ്ടതുണ്ട്. 22ന് വാര്‍ഷിക പദ്ധതിയ്ക്ക് അന്തിമരൂപം നല്‍കണം. മാര്‍ച്ച് 5ന് സമര്‍പ്പിക്കുന്ന വാര്‍ഷിക പദ്ധതി രേഖ ജില്ലാ ആസൂത്രണസമിതി അംഗീകാരത്തനുശേഷം 20ന് ബജറ്റുമായി സംയോജിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K