07 December, 2019 02:55:21 PM


പിഡബ്ല്യുഡി ഓഫിസിനടുത്ത് പ്രസ് ക്ലബ്ബ് പണിയാന്‍ ഫണ്ട് ദുരുപയോഗം ചെയ്തു; 27 ലക്ഷം തിരിച്ചടക്കാന്‍ ഉത്തരവ്

കല്‍പ്പറ്റ  ഇടതു സര്‍ക്കാരിന്റെ കാലത്ത് പ്രസ് ക്ലബ്ബിനു കെട്ടിടം നിര്‍മിക്കുന്നതിനായി 5 സെന്റ് സ്ഥലം പാട്ട വ്യവസ്ഥയില്‍ കൈമാറിയിരുന്നു. ലീസിനു നല്‍കിയ ഭൂമി സ്ഥാപനത്തിനോ വ്യക്തിക്കോ കൈമാറാന്‍ പാടില്ല എന്നാണ് നിയമം.

കല്‍പറ്റ: ലോക്‌സഭാ, രാജ്യസഭാ എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കെട്ടിട നിര്‍മാണത്തിനായി വയനാട് പ്രസ് ക്ലബ്ബ് കൈപറ്റിയ 27 ലക്ഷം രൂപ ഉടന്‍ തിരിച്ചടക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്.  പ്രസ് ക്ലബ്ബ് കെട്ടിടം നിര്‍മാണത്തിനായി എംഐ ഷാനവാസ് എംപി, പി രാജിവ് എംപി എന്നിവരില്‍ നിന്ന് 10 ലക്ഷം വീതവും എംപി അച്ച്യുതന്‍ എംപിയില്‍ നിന്ന് 7 ലക്ഷവും കൈപ്പറ്റിയതാണ് തിരിച്ചടയ്ക്കാനാവശ്യപ്പെട്ടിരിക്കുന്നത്. കല്‍പ്പറ്റയിലെ മാധ്യമപ്രവര്‍ത്തകന്‍ കോയാമു കുന്നത്ത് കേരളാ സര്‍ക്കാരിനും ലോകസഭാ, രാജ്യസഭാ സെക്രട്ടറിമാര്‍ക്കും നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ 26ന് ജോ. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി വി അനുപമ ഇതു സംബന്ധിച്ച നിര്‍ദ്ദേശം വയനാട് ജില്ലാ കലക്ടര്‍ക്ക് നല്‍കി.   


ട്രേഡ് യൂനിയന്‍ രജിസ്‌ട്രേഷന്‍ ഉള്ള കേരള പത്ര പ്രവര്‍ത്തക യുനിയന്‍റെ ജില്ലാ ആസ്ഥാനമാണു പ്രസ് ക്ലബ്ബ് എന്നും ഭാരവാഹികള്‍ എല്ലാം ട്രേഡ് യുനിയന്‍ അംഗങ്ങളാണെന്നും കോയാമു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കല്‍പ്പറ്റ പിഡബ്ല്യുഡി ഓഫിസിനു സമീപം ഇടതു സര്‍ക്കാരിന്‍റെ കാലത്ത് പ്രസ് ക്ലബ്ബിനു കെട്ടിടം നിര്‍മിക്കുന്നതിനായി 5 സെന്‍റ് സ്ഥലം പാട്ട വ്യവസ്ഥയില്‍ കൈമാറിയിരുന്നു. ലീസിനു നല്‍കിയ ഭൂമി സ്ഥാപനത്തിനോ വ്യക്തിക്കോ കൈമാറാന്‍ പാടില്ല എന്നാണ് നിയമം. നിയമം ലംഘിച്ച് എംപി ഫണ്ട് ലഭ്യമാക്കാനായി സ്ഥലം കല്‍പറ്റ മുനിസിപ്പാലിറ്റിക്ക് കൈമാറി.


പരാതി ലഭിച്ച ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് കേന്ദ്ര പാര്‍മെന്‍ററി കാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തേടി. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. വീണ്ടും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. പിന്നീട് ദില്ലിയില്‍ നടന്ന എംപി ഫണ്ട് അവലോകന യോഗത്തിലും വയനാട് പ്രസ് ക്ലബ്ബ് കെട്ടിടത്തിനായി ഫണ്ട് ദുരുപയോഗം ചെയ്തതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉണ്ടായി. ബന്ധപെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും സംഭവിച്ച വീഴ്ചയ്‌ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് സിന്‍ഹ അറിയിച്ചിരുന്നു.


ആവശ്യമായ ടെണ്ടര്‍, ക്വട്ടേഷന്‍ എന്നിവ ക്ഷണിക്കാതെ തിരക്കിട്ട് 27 ലക്ഷം രൂപയുടെ നിര്‍മാണപ്രവര്‍ത്തികള്‍ നടന്നതില്‍ അഴിമതി ആരോപിച്ച് കോയാമു കുന്നത്ത് പോലിസ്, വിജിലന്‍സ് എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ എംപിമാരെയും നഗരസഭയെയും തെറ്റിദ്ധരിപ്പിച്ചാണ് പണം നേടിയതെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 2014ല്‍ കേന്ദ്രമന്ത്രി കെ വി തോമസാണ് പ്രസ്‌ക്ലബ്ബ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. കെട്ടിട നിര്‍മാണത്തിലെ അപാകതയും ഫണ്ട് ദുര്‍വിനിയോഗവും ചൂണ്ടിക്കാണിച്ചു കോയാമു കുന്നത്ത് അന്ന് തന്നെ അധികൃതര്‍ക്ക് പരാതി നല്‍കുകയുണ്ടായി. എന്നാല്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി, നഗരസഭ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് അനധികൃതമായി ഒരു കരാര്‍ ഉണ്ടാക്കിയാണ് തല്‍കാലത്തേക്ക് പ്രസ്‌ക്ലബ്ബ് സെക്രട്ടറി കൈക്കലാക്കിയത്. എന്നാല്‍ ഈ പ്രസ് ക്ലബ്ബ് എല്ലായ്‌പ്പോഴും പൊതു ആവശ്യത്തിന് ഉപയോഗിക്കണം എന്നും ഫീസോ ലാഭമോ ഉണ്ടാക്കുന്ന യാതൊരു ഏര്‍പ്പാടും സ്വീകരിക്കരുത് എന്നും കരാറിലുണ്ട്. എന്നാല്‍, ഇവിടെ രണ്ടു ജീവനക്കാരെ നിയമിച്ച് സ്ഥിരമായി വാര്‍ത്താസമ്മേളനങ്ങള്‍ക്കു ഫീസ് വാങ്ങാറുണ്ടെന്നും അറിയാന്‍ കഴിഞ്ഞതായി കോയാമു കുന്നത്ത് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K