07 December, 2019 07:23:50 PM


1

സൗകര്യങ്ങള്‍ ഇനിയുമകലെ ഏറ്റുമാനൂരില്‍ തീര്‍ത്ഥാടകര്‍ക്ക് ദുരിതം മിച്ചം
- ബി.എസ്.കുമാര്‍
(പടം)
 ഏറ്റുമാനൂര്‍: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഇനിയും അകലെ. ശബരിമല യാത്രാമധ്യേ ഏഴരപൊന്നാനയുടെ നാട്ടിലെത്തി ഭഗവാനെയും തൊഴുത് അല്‍പം വിശ്രമം എന്ന ലക്ഷ്യത്തില്‍ ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിരിവെയ്ക്കുവാനും മറ്റുമായി എല്ലാ സൗകര്യങ്ങളും ഏര്‍പെടുത്താറുണ്ട് എന്നാണ് അധികൃതരുടെ പക്ഷം. പക്ഷെ ഭക്തരുടെ ആവശ്യം അറിഞ്ഞ് സൗകര്യം ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുന്നതിന്‍റെ നേര്‍കാഴ്ചയാണ് ഏറ്റുമാനൂര്‍ ക്ഷേത്രമൈതാനത്ത്.

എല്ലാ വര്‍ഷത്തെയും പോലെ പടിഞ്ഞാറെഗോപുരത്തില്‍ കല്യാണമണ്ഡപത്തോട് ചേര്‍ന്നാണ് ഇക്കുറിയും വിരിപന്തല്‍ തയ്യാറാക്കിയിരിക്കുന്നത്. പക്ഷെ ഭക്തര്‍ ഇത് ഉപയോഗപ്പെടുത്താറില്ല. രാത്രികാലങ്ങലില്‍ വളരെ ചുരുക്കം പേര്‍ വല്ലപ്പോഴും എത്തുന്നതൊഴിച്ചാല്‍ ഏതു സമയവും ആളൊഴിഞ്ഞ നിലയിലാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് സംഘമായി എത്തുന്നവരില്‍ ഏറെ പേരും ക്ഷേത്രമൈതാനത്തിന്‍റെ പടിഞ്ഞാറെ അറ്റത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുകയാണ് പതിവ്. ഇവര്‍ക്ക് നിലവിലെ വിരിപന്തല്‍ പ്രയോജനപ്പെടാറില്ല.

മൈതാനത്തിന്‍റെ പടിഞ്ഞാറെ അറ്റത്ത് സ്ഥാപിച്ചിട്ടുള്ള പൈപ്പിനടുത്ത് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിന്‍റെ തണല്‍പറ്റിയാണ് ഒട്ടുമിക്ക സംഘങ്ങളും ആഹാരം പാകം ചെയ്യുന്നത്. ഇവിടെ കുന്നുകൂടുന്ന മാലിന്യത്തിന്‍റെ രൂക്ഷഗന്ധം പേറി മൈതാനത്തിന്‍റെ വശത്തുകൂടി ഒഴുകുന്ന ഓടയുടെ മുകളിലും പൊരിവെയിലില്‍ റോഡരികിലും ഇലകള്‍ നിരത്തിയിട്ടാണ് ഇവര്‍ ആഹാരം കഴിക്കുന്നത്. നട്ടുച്ചവെയിലിലും മൈതാനത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ മറവിലാണ് തീര്‍ത്ഥാടകരുടെ വിശ്രമം. എം.സി. റോഡിനോട് ചേര്‍ന്നുള്ള പടിഞ്ഞാറെ ഗോപുരവും വിശ്രമകേന്ദ്രമായി മാറും. ആഹാരം കഴിക്കാനും മറ്റും സൗകര്യപ്രദമായ രീതിയില്‍ വിരിപന്തല്‍ ക്ഷേത്രമൈതാനത്തിന്‍റെ പടിഞ്ഞാറെ അറ്റത്ത് സജ്ജമാക്കണമെന്ന ആവശ്യത്തിന് നേരെ അധികൃതര്‍ കണ്ണടയ്ക്കുന്നു എന്നതാണ് വാസ്തവം.


സീസണായതോടെ ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്ക് പതിന്മടങ്ങ് വര്‍ദ്ധിച്ചു. പടിഞ്ഞാറെ നടയിലെയും പേരൂര്‍ കവലയിലെയും കുരുക്കാണ് ഏറെ പ്രശ്നം സൃഷ്ടിക്കുന്നത്. ഇവിടെ വണ്‍വേ സിസ്റ്റം കഴിഞ്ഞ  സീസണുപിന്നാലെ ഏര്‍പെടുത്തിയിരുന്നുവെങ്കിലും ക്ഷേത്രോപദേശകസമിതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി വണ്‍വേ സിസ്റ്റം പിന്‍വലിപ്പിച്ചു. ബസ് ഉള്‍പ്പെടെ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ മൈതാനത്തേക്ക് കയറുന്നതും ഇറങ്ങുന്നതും ഒരു ഗേറ്റില്‍ തന്നെയായതും കുരുക്ക് വര്‍ദ്ധിക്കാന്‍ കാരണമായി. 

നിലവില്‍ ക്ഷേത്രത്തിന്‍റെ തെക്കെ നടയിലുള്ള ശുചിമുറികള്‍ തീര്‍ത്ഥാടകര്‍ക്ക് അപര്യാപ്തമാണ്. പടിഞ്ഞാറെനടയിലുള്ള ക്ഷേത്ര മൈതാനത്ത് വാഹനം പാര്‍ക്ക് ചെയ്യുന്ന തീര്‍ത്ഥാടകര്‍ പലപ്പോഴും പ്രാഥമികകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് ക്ഷേത്രപരിസരത്തെ റോഡുകളിലും അയല്‍വാസികളുടെ പുരയിടങ്ങളിലും. പരിസ്ഥിതി സൗഹൃദ താത്ക്കാലിക ശുചിമുറികള്‍ സ്ഥാപിക്കണമെന്നും പരിസരശുചീകരണം ഉറപ്പാക്കാന്‍ കാവല്‍ക്കാരെ ഏര്‍പ്പാടാക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ കടലാസില്‍ ഒതുങ്ങി. എല്ലാ വര്‍ഷവും അവലോകനയോഗം ചേര്‍ന്ന് കാര്യമായ തീരുമാനങ്ങള്‍ കൈകൊള്ളുമെങ്കിലും പിന്നെ ഇവ എത്രത്തോളം പ്രാവര്‍ത്തികമാക്കി എന്ന് അധികൃതര്‍ ശ്രദ്ധിക്കാറില്ല. ഭക്തരുടെ പ്രാതിനിധ്യമുള്ള ഒരു ഉപദേശകസമിതിയുടെ കുറവ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ടെന്നാണ് വിവിധ ഭക്തജന സംഘടനകള്‍ ചൂണ്ടികാട്ടുന്നത്.


Caption: (1) ടാര്‍ ചെയ്ത മൈതാനത്ത് ചുട്ടുപൊള്ളുന്ന വെയിലില്‍ ബസിന്‍റെ തണലില്‍ വിശ്രമിക്കുന്ന തീര്‍ത്ഥാടകര്‍ (3) മാലിന്യം നിറഞ്ഞ ഓടയ്ക്കും വീപ്പയ്ക്കുമരുകില്‍ ഭക്ഷണം പാകം ചെയ്യുന്ന തീര്‍ത്ഥാടകര്‍ 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K