14 December, 2019 11:43:10 AM


കുട്ടികള്‍ ഇല്ലാത്ത സമയം വീട്ടിലെത്തി പീഡിപ്പിച്ചു; വൈദികന്‍ മനോജ് പ്ലാക്കൂട്ടത്തിനെതിരായ പീഡനകേസില്‍ താമരശേരി ബിഷപ്പിനെതിരെയും ഗുരുതര ആരോപണം; ബിഷപ്പിന് പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ലെന്ന് വീട്ടമ്മയുടെ മൊഴി


house wife's against priest and bishop


കോഴിക്കോട്: ചെവായൂരില്‍ ബലാത്സംഗ കേസില്‍ വൈദികന്‍ പ്രതിയായ സംഭവത്തില്‍ താമരശേരി ബിഷപ്പിനെതിരെയും ഗുരുതര ആരോപണവുമായി വീട്ടമ്മയുടെ മൊഴി. വൈദികനെതിരെ ആദ്യം പരാതിയുമായി എത്തിയത് ബിഷപ്പിനെയായിരുന്നു. എന്നാല്‍ നീതി ലഭിച്ചില്ലെന്ന് വീട്ടമ്മ മൊഴിയില്‍ പറയുന്നു. വൈദികന്‍ മനോജ് പ്ലാക്കൂട്ടത്തിനെതിരെ ആദ്യ പരാതി നല്‍കിയത് ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിലിനായിരുന്നെന്ന് വീട്ടമ്മ മൊഴിയില്‍ പറയുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്നും മൊഴിയില്‍ പറയുന്നു.

വൈദികനെതിരെ പരാതിയുമായി സമീപിച്ചപ്പോള്‍ ബിഷപ്പ് രണ്ട് വൈദികരെ തന്റെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ആരോപണത്തിന് പരിഹാരം ഉണ്ടാക്കാമെന്നായിരുന്നു വൈദികര്‍ വാഗ്ദാനം ചെയ്തത്. ഇത് വിശ്വസിച്ചാണ് പോലീസില്‍ പരാതി നല്‍കാതിരുന്നത്. എന്നാല്‍ ബിഷപ്പിന്റെ ഭാഗത്തുനിന്നും നീതി ലഭിച്ചിട്ടില്ലെന്നും വീട്ടമ്മ നല്‍കിയ മൊഴിയില്‍ പറയുന്നു.

കുട്ടികള്‍ ഇല്ലാതിരുന്ന സമയം വൈദികന്‍ മനോജ് പ്ലാക്കൂട്ടം വീട്ടിലെത്തി തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മ പരാതി നല്‍കിയത്. മതപരമായ സംഘടനയില്‍ നിന്നും നീതി ലഭിക്കുമെന്ന് കരുതിയാണ് പരാതി നല്‍കാന്‍ വൈകിയത്. മാത്രമല്ല പരാതി നല്‍കാതിരിക്കാന്‍ സഭയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായെന്നും വീട്ടമ്മ പരാതിയില്‍ വ്യക്തമാക്കുന്നു. 2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

അതേസമയം ഫാ. മനോജ് പ്ലാക്കൂട്ടം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഹര്‍ജി ഈ മാസം 19ന് കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് താമരശേരി രൂപത അധികൃതരില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. ബിഷപ്പിന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K