14 December, 2019 12:07:43 PM


പൗരത്വ ബില്ലില്‍ അസം ബിജെപിയിലും പൊട്ടിത്തെറി ; സ്പീക്കറും മുന്‍ സ്പീക്കറും പാര്‍ട്ടിക്കാരായ സിനിമാ താരങ്ങളുമെല്ലാം പാര്‍ട്ടി


uploads/news/2019/12/358202/CAB-BJP.jpg

ഗുവാഹട്ടി: പൗരത്വ നിയമഭേദഗതി ബില്ലില്‍ പ്രതിഷേധം കലങ്ങി മറിയുന്നതിനിടയില്‍ അസം ബിജെപിയിലും പൊട്ടിത്തെറി. ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടികളായ ബിജെപിയും അസം ഗണ പരിക്ഷത്തും നിയമത്തെ ചൊല്ലി ഇടഞ്ഞതിന് പിന്നാലെ സംസ്ഥാന ബിജെപിയെയും നിയമം രണ്ടു പക്ഷമാക്കി മാറ്റിയിരിക്കുകയാണ്. അസം സ്പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമി രാജി വെച്ചിരുന്നു.

നിയമത്തില്‍ അസം ജനതയുടെ ആശങ്ക അടിസ്ഥാനമില്ലാത്തതല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹിതേന്ദ്ര ഇത് സമൂഹത്തെ വിഭജിക്കുന്നതാണെന്ന് ആരോപിച്ചു. ജാതികളും സമൂഹങ്ങളും ഭാഷയും അടിസ്ഥാനമാക്കിയുള്ള വിഭജനത്തിന് ശക്തമായ സാധ്യത നല്‍കുന്നതാണ് നിയമം. സ്പീക്കര്‍ എന്ന നിലയില്‍ ഭരണഘടനാപരമായ കാര്യങ്ങളില്‍ ഇടപെട്ടയാള്‍ എന്ന നിലയില്‍ നിയമത്തെക്കുറിച്ച് പ്രതികരിക്കാനില്ല. എന്നാല്‍ വ്യക്തി എന്ന നിലയില്‍ ജനങ്ങളുടെ ഭാഗമായി അസമില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കാളിയാകുമെന്നും പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ ലോക്‌സഭാ പാസ്സാക്കിയപ്പോഴും സ്വന്തം എതിര്‍പ്പ് പ്രകടിപ്പിച്ചയാളാണ് ഹിതേന്ദ്ര.

അസമിലെ പ്രശസ്ത നടനും സിനിമാ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജതിന്‍ ബോറയും നിയമത്തില്‍ പ്രതിഷേധിച്ച് ബിജെപി വിട്ടു. കാവിപ്പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും അംഗീകരിക്കാനാകില്ലെന്നായിരുന്നു ബോറയുടെ പ്രതികരണം. അസം സ്‌റ്റേറ്റ് സിനിമാ വികസന കോര്‍പ്പറേഷന്‍ തലവന്‍ സ്ഥാനവും രാജിവെച്ചു. അസം ജനതയാണ് തനിക്ക് ഇപ്പോഴുള്ള വ്യക്തിത്വം നല്‍കിയതെന്നും അവര്‍ക്കൊപ്പം ഈ വിഷയത്തില്‍ നില്‍ക്കുമെന്നും ഗുവാഹത്തിയിലെ പ്രതിഷേധത്തില്‍ പറഞ്ഞു.

ജനാധിപത്യത്തില്‍ ജനങ്ങളാണ് രാജാക്കന്മാര്‍. ശക്തമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ബില്‍ പിന്‍വലിക്കുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു. 2014 ല്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അസം സിനിമാ വികസന കോര്‍പ്പറേഷന്‍ ചുമതലയില്‍ ബോറ എത്തിയത്. അസമിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളും ബിജെപി നേതാവുമായ രവി ശര്‍മ്മയും നേരത്തേ തന്നെ ബിജെപി അംഗത്വം രാജി വെച്ചിരുന്നു. പ്രതിഷേധക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം താനും തെരുവിലിറങ്ങുമെന്ന് അന്ന് രവിശര്‍മ്മ പറയുകയും ചെയ്തിരുന്നു.

അസം പെട്രോ കെമിക്കല്‍ ലിമിറ്റഡ് ചെയര്‍മാന്‍ മുതിര്‍ന്ന ബിജെപി നേതാവായ ജഗദീശ് ഭൂയനും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പൗരത്വ ഭേദഗതി ബില്‍ അസം ജനതയ്ക്ക എതിരാണെന്ന് മനസ്സിലാക്കുന്നു എന്നാരോപിച്ചും ബില്ലിനെതിമര ജനരോഷത്തില്‍ പങ്കാളിയാകുമെന്നും പ്രതികരിച്ചാണ് ഭുയന്‍ പാര്‍ട്ടി വിട്ടത്. അസം മുന്‍ സ്പീക്കര്‍ പുലകേശ് ബറുവയും ബിജെപി സംസ്ഥാന കമ്മറ്റിക്ക് രാജി സമര്‍പ്പിച്ചിട്ടുണ്ട്. അസം ജനതയുടെ വൈകാരികത പാര്‍ട്ടി തിരിച്ചറിഞ്ഞില്ല എന്നാണ് അസമിലെ മിക്ക നേതാക്കള്‍ക്കും തോന്നുന്നത്.

ദേശീയപുരസ്‌ക്കാര ജേതാവായ അസം സിനിമാ സംവിധായകന്‍ ജാണു ബറുവ അസം സ്‌റ്റേറ്റ് ഫിലിം അവാര്‍ഡിന് അയച്ച് സിനിമ പിന്‍വലിച്ച് നേരത്തേ തന്നെ നിയമത്തോട് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അസമീസ് പാട്ടുകാരന്‍ പാപോണും പ്രതിഷേധിച്ചു. ഡല്‍ഹിയിലെ സംഗീത പരിപാടി ക്യാന്‍സല്‍ ചെയ്തായിരുന്നു പ്രതിഷേധം. ജന്മനാട് കത്തിയെരിയുമ്പോള്‍ തനിക്ക് എങ്ങിനെ സന്തോഷത്തോടെ പാട്ടുപാടാനാകുമെന്നായിരുന്നു ഇയാള്‍ ചോദിച്ചത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K