07 February, 2020 01:33:56 PM


കാനഡയിൽ ജോലി നൽകാമെന്ന് പറഞ്ഞ് യുവതി നടത്തിയത് കോടികളുടെ തട്ടിപ്പ്

യുവതിയ്ക്കും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു:കേസെടുത്തത് പെരുവ സ്വദേശിയായ യുവതിയ്ക്കും സുഹൃത്തിനും എതിരെ



കോട്ടയം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയ്ക്കടുത്തുള്ള തുക തട്ടിയെടുത്ത കേസിൽ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. പെരുവയിൽ വാടകയ്ക്ക് താമസിക്കുന്ന രഞ്ജു.പി ജോർജ്ജ് എന്ന യുവതിയ്ക്കും ഇവരുടെ സുഹൃത്തും അയൽവാസിയുമായ പെരുവ മുതിരക്കാലായിൽ അരുൺകുമാറിനുമെതിരെയാണ് പൊലീസ് കേസെടുത്തത്.
ഇരുവരും ചേർന്ന് ഏഴു പേരിൽ നിന്നായി 84 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് കഴിഞ്ഞ ദിവസം പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുളക്കുളം കൊച്ചു പറമ്പിൽ അനൂപ് (30) ആണ് വെള്ളൂർ പോലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയത്.
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത ശേഷം ഇവർ അടക്കമുള്ളവരെ ബാങ്കോങ്ങിൽ എത്തിക്കുകയായിരുന്നു. ഇത്തരത്തിൽ ബാങ്കോങ്ങിൽ എത്തിച്ച ശേഷം 84 ലക്ഷത്തോളം രൂപ പല തവണയായി തട്ടിയെടുക്കുകയായിരുന്നു. ഇത്തരത്തിൽ പണം തട്ടിയെടുത്ത ശേഷം തിരികെ നാട്ടിലേയ്ക്കു മടങ്ങാൻ പോലും ഇവർക്കു സാധിച്ചില്ല. ഇതേ തുടർന്ന് ഇവർ ബാങ്കോങ്ങിലെ മലയാളികൾ അടക്കമുള്ളവരുടെ സഹായത്തോടെയാണ് നാട്ടിലേയ്ക്കു മടങ്ങിയെത്തിയത്. ഇതേ തുടർന്നാണ് ഇവർ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് പരാതി നൽകിയത്.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ, ഇതുവരെയും കേസിൽ തട്ടിപ്പുകാരെ കണ്ടെത്താൻ പൊലീസ് നടപടികൾ ആരംഭിച്ചിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K