16 April, 2016 10:05:39 PM
യു ഡിഎഫ് സർക്കാർ ഭരണതുടർച്ച അവകാശപ്പെടുന്നത് ജനാധിപത്യ മൂല്യങ്ങൾ തകർക്കാൻ - വൈക്കം വിശ്വൻ

ഏറ്റുമാനൂർ : ദശാംശം ഒൻപത് ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ യു ഡിഎഫ് സർക്കാർ ഭരണതുടർച്ച അവകാശപ്പെടുന്നത് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനല്ല, മറിച്ച് തകർക്കാനാണെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ. അഴിമതിയാണ് പൊതുപ്രവർത്തനം എന്ന് വിശ്വസിക്കുന്ന ഉമ്മൻചാണ്ടിയും കൂട്ടരും കോടതിയിൽ നിന്നു രക്ഷപെടാൻ കോടതിയെ വരെ ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും വൈക്കം വിശ്വൻ പറഞ്ഞു.
ഏറ്റുമാനൂർ നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി അഡ്വ.കെ.സുരേഷ്കുറുപ്പിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളോടനുബന്ധിച്ച് നടന്ന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈക്കം വിശ്വൻ. ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ ബുധനാഴ്ച നടന്ന യോഗത്തിൽ കെ.ഐ.കുഞ്ഞച്ചൻ അദ്ധ്യക്ഷനായിരുന്നു. സ്ഥാനാർഥി കെ.സുരേഷ്കുറുപ്പ്, ഘടകകക്ഷി നേതാക്കളായ അഡ്വ. പി.കെ.ചിത്രഭാനു, എം.ഡി.ജോസഫ്, സാബു മുരിക്കുവേലി, സുഭാഷ് പുഞ്ചക്കോടൻ, അഡ്വ.ബെന്നി കുര്യൻ, ഡോ.ബി.ഇക്ബാൽ, അഡ്വ.മൈക്കിൾ ജയിംസ്, അയ്മനം ബാബു, കെ.എൻ.രവി, അഡ്വ. അഡ്വ വി.ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.