25 June, 2020 02:36:15 AM


ചീഫ്‌ സെക്രട്ടറി പദവിയില്‍ ശമ്പളം, അര്‍ധ ജുഡീഷ്യല്‍ അധികാരം... ജഡ്‌ജിമാരെ വെട്ടി; സി.പി.എം. നോമിനി ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍


1 hour ago

uploads/news/2020/06/406139/1.jpg

തിരുവനന്തപുരം: രണ്ടു ജില്ലാ ജഡ്‌ജിമാരെയും നിരവധി ബാലാവകാശ പ്രവര്‍ത്തകരെയും മറികടന്ന്‌ സി.പി.എം. നോമിനിയായ കെ.വി. മനോജ്‌ കുമാറിനു സംസ്‌ഥാന ബാലാവകാശ കമ്മിഷന്‍ അധ്യക്ഷപദവി. യോഗ്യതയായി കണക്കിലെടുത്തത്‌ തലശേരി ബ്രണ്ണന്‍ ഹൈസ്‌കൂളിലെ അധ്യാപക-രക്ഷാകര്‍തൃ സമിതിയിലെ പ്രവര്‍ത്തനം. ചുരുക്കപ്പട്ടികയില്‍ 27-ാമതായിരുന്ന മനോജ്‌ കുമാര്‍ ആരോഗ്യം-സാമൂഹികനീതി വകുപ്പു മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിലുള്ള പാനലിന്റെ അഭിമുഖം കഴിഞ്ഞപ്പോള്‍ ഒന്നാമനായി. നിയമനത്തിന്‌ ഇന്നലെ മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചു. മൂന്നു വര്‍ഷത്തേക്കാണു നിയമനം.തലശേരിയിലെ സി.പി.എം. നേതാവായിരുന്ന കെ.വി. ബാലന്റെ മകനാണ്‌ അഡ്വ. മനോജ്‌ കുമാര്‍. നേരത്തേ സഹകരണ ഓംബുഡ്‌സ്‌മാനായിരുന്നു. കമ്മിഷന്‍ ചെയര്‍മാനായി പരിഗണിക്കുന്നതിനുള്ള യോഗ്യതയില്‍ ഇളവു വരുത്തിയത്‌ മനോജ്‌ കുമാറിനെ തിരുകിക്കയറ്റാന്‍ വേണ്ടിയായിരുന്നെന്നു നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. ചീഫ്‌ സെക്രട്ടറി പദവിയില്‍ ശമ്പളത്തിനു പുറമേ ഔദ്യോഗിക വാഹനം, വീട്‌ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. പോക്‌സോ കേസുകളിലെ വിധികളിലൂടെ ശ്രദ്ധേയനായ കാസര്‍ഗോഡ്‌ ജില്ലാ ജഡ്‌ജി എസ്‌.എച്ച്‌. പഞ്ചാപകേശന്‍, തലശേരി ജില്ലാ ജഡ്‌ജി ടി. ഇന്ദിര, നിലവില്‍ കമ്മിഷനംഗമായ ഡോ: എം.പി. ആന്റണി, അര ഡസനോളം ബാലാവകാശ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം അഭിമുഖത്തില്‍ പിന്തള്ളപ്പെട്ടു. വിദ്യാഭ്യാസ അവകാശ നിയമം, ബാല നീതി, പോക്‌സോ തുടങ്ങിയ മേഖലകളില്‍ ഇവരില്‍ പലര്‍ക്കുമുള്ള അറിവും പരിചയവും പരിഗണിക്കപ്പെട്ടില്ല. നിയമനം രാഷ്‌ട്രീയവല്‍ക്കരിക്കുന്നതിനെതിരേ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയടക്കം നിരവധിപ്പേര്‍ മുഖ്യമന്ത്രിക്കും മറ്റും നിവേദനം നല്‍കിയിരുന്നു. നിയമനം കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടാലും പേഴ്‌സണ്‍ ഓഫ്‌ എമിനന്‍സ്‌ എന്നാണു മാനദണ്ഡമെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരിനു വ്യാഖ്യാനിക്കാന്‍ പഴുത്‌ ഒരുക്കിയിട്ടുണ്ട്‌



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K