26 June, 2020 08:39:27 PM


ആസ്തിരജിസ്റ്ററില്‍ ഇല്ലാത്ത വഴിക്കായി ചെലവഴിച്ചത് ലക്ഷങ്ങള്‍; വിവാദമായപ്പോള്‍ വ്യാജരേഖ ചമച്ച് നഗരസഭാ കൗണ്‍സിലര്‍

*ആസ്തിരജിസ്റ്ററില്‍ ഇല്ലാത്ത വഴിക്കായി ചെലവഴിച്ചത് ലക്ഷങ്ങള്‍; വിവാദമായപ്പോള്‍ വ്യാജരേഖ ചമച്ച് നഗരസഭാ കൗണ്‍സിലര്‍*


ഏറ്റുമാനൂര്‍: ആസ്തിരജിസ്റ്ററില്‍ ഇല്ലാത്ത സ്വകാര്യവഴി ടാര്‍ ചെയ്ത് നഗരസഭയുടെ ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തി ബിജെപി കൗണ്‍സിലര്‍. സംഭവം വിവാദമായതോടെ തെറ്റ് മറയ്ക്കാന്‍ റോഡ് ഏറ്റെടുത്തതായി ഉദ്യോഗസ്ഥരുടെ സഹായത്തോടെ മിനിറ്റ്സില്‍ എഴുതിചേര്‍ത്തു. ഏറ്റുമാനൂര്‍ നഗരസഭയിലെ 34-ാം വാര്‍ഡിലെ ശക്തിലെയിന്‍ എന്ന സ്വകാര്യറോഡിലാണ് കൗണ്‍സിലര്‍ പണി നടത്തിയത്. 2017ലാണ് റോഡിന്‍റെ പണികള്‍ ആരംഭിച്ചത്. പ്രദേശവാസികളായ ഏതാനും പേരില്‍നിന്ന് റോഡ് നന്നാക്കിതരണം എന്ന് വെള്ളപേപ്പറില്‍ അപേക്ഷ എഴുതിവാങ്ങിയായിരുന്നു കൗണ്‍സിലറുടെ വെട്ടിപ്പ് അരങ്ങേറിയത്.

അപേക്ഷ വാങ്ങി എന്നല്ലാതെ റോഡ് ഏറ്റെടുക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കി ആസ്തിരജിസ്റ്ററില്‍ ചേര്‍ക്കാതെ നടത്തിയ റോഡ് ടാറിംഗിലൂടെ വന്‍വെട്ടിപ്പാണ് കൗണ്‍സിലര്‍ ഉഷാ സുരേഷ് നടത്തിയതെന്നാണ് ആരോപണം. പ്രദേശവാസിയായ ഒരാളെ കണ്‍വീനറായി ചുമതലപ്പെടുത്തി കൗണ്‍സിലര്‍ നിര്‍ദ്ദേശിച്ച കരാറുകാരന് തന്നെ പണി നല്‍കുകയും ചെയ്തു. അതേസമയം 4,90,000 രൂപ എസ്റ്റിമേറ്റിട്ട് കണ്‍വീനര്‍ വര്‍ക്കായി 2018 ഫെബ്രുവരിയില്‍ പണി പൂര്‍ത്തീകരിച്ചശേഷം 317678 രൂപ തനത് ഫണ്ടില്‍നിന്നും കൈമാറുകയും ചെയ്തിരുന്നു. 

ഇതിനിടെ പ്രദേശത്തെ റസിഡന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ കുടിവെള്ളവിതരണത്തിന് പൈപ്പിടാനായി റോഡരികില്‍ കുഴിയെടുത്തപ്പോള്‍ കൗണ്‍സിലര്‍ ഇടപെട്ട് നഗരസഭ തടയാനെത്തിയത് വിവാദമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റോഡ് നഗരസഭയുടെ ആസ്തിരജിസ്റ്ററില്‍ ചേര്‍ക്കാതെയാണ് ടാറിംഗ് ജോലികള്‍ നടത്തിയതെന്ന് നാട്ടുകാരും അറിയുന്നത്. വില്ലേജ് ഓഫീസിലും സ്വകാര്യഭൂമി ആയിതന്നെ നിലനില്‍ക്കുന്ന വഴി എങ്ങിനെ ടാര്‍ ചെയ്തു എന്നത് നഗരസഭയിലും ചര്‍ച്ചകള്‍ക്കിടയാക്കി. ഇതോടെ തന്‍റെ അഴിമതി മറയ്ക്കാനുള്ള നെട്ടോട്ടമായി ബിജെപിയുടെ വനിതാകൗണ്‍സിലര്‍.

ഇങ്ങനെയൊരു റോഡ് നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ ഇല്ലെന്ന് തന്നെയാണ് വിവരാവകാശനിയമപ്രകാരമുള്ള കത്തുകള്‍ക്ക് സെക്രട്ടറിയും അസിസ്റ്റന്‍റ് എഞ്ചിനീയറും നല്‍കിയ മറുപടികളില്‍ ചൂണ്ടികാട്ടുന്നത്. ഇതിനിടെ വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയില്‍ പഴയ ഒരു ഗ്രാമീണറോഡാണ് ശക്തിലെയിന്‍ റോഡ് എന്ന് സ്ഥാപിച്ചെടുക്കാനുള്ള ക്കവും നടന്നു. ഇതോടെ വിഷയം വിവരാവകാശ കമ്മീഷന്‍റെ മുന്നിലുമെത്തി. കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട് നല്‍കിയ കത്തിന് പുതുതായി ചാര്‍ജെടുത്ത സെക്രട്ടറി മറുപടി നല്‍കിയപ്പോഴാണ് 2016 ഏപ്രില്‍ 18ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ റോഡ് ഏറ്റെടുത്തതായ മിനിറ്റ്സിന്‍റെ പകര്‍പ്പും ഉള്ളടക്കം ചെയ്തത്.

അതേസമയം 2019 ജൂണ്‍ വരെ നല്‍കിയ എല്ലാ വിവരാവകാശ അപേക്ഷകള്‍ക്കും ശക്തിലെയിന്‍ തുടങ്ങിയ പേരുകളില്‍ നഗരസഭയില്‍ റോഡില്ല എന്നുതന്നെയായിരുന്നു മറുപടി. സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ആസ്തിരജിസ്റ്ററിന്‍റെ പകര്‍പ്പിലും ഈ റോഡില്ല. ഇതോടെ വിവാദത്തില്‍ നിന്ന രക്ഷപെടാന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൗണ്‍സിലര്‍ വ്യാജരേഖ ചമച്ചു എന്ന ആരോപണം ശക്തമായിരിക്കുകയാണ്. തികഞ്ഞ സാമ്പത്തികപ്രതിസന്ധി നേരിടുന്ന നഗരസഭയുടെ പണം വളഞ്ഞ വഴിയിലൂടെ ധൂര്‍ത്തടിച്ച ബിജെപി കൗണ്‍സിലറുടെ നടപടി വിജിലന്‍സ് അന്വേഷിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

സംഭവം വിവാദമായതോടെ നഗരസഭയില്‍ പുതിയ റോഡുകള്‍ ആസ്തിരജിസ്റ്ററില്‍ ചേര്‍ക്കുന്നത് വിശദമായ പരിശോധനകള്‍ക്കും നിയമനടപടികള്‍ക്കുംശേഷം മതിയെന്ന് ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കൗണ്‍സിലില്‍ ഒട്ടേറെ റോഡുകള്‍ ആസ്തിരജിസ്റ്ററില്‍ ചേര്‍ക്കണമെന്ന് പറഞ്ഞ് അപേക്ഷകള്‍ വന്നെങ്കിലും എല്ലാം മാറ്റിവെച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K