11 July, 2020 05:35:55 PM


യാത്രക്കാരോട് മാസ്ക് ധരിക്കാൻ അവശ്യപെട്ടു; ബസ് ഡ്രൈവറെ മർദ്ദിച്ച് കൊന്നു

പാരിസ്: യാത്രക്കാരോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ബസ് ഡ്രൈവറെ അടിച്ചുകൊന്നു. ഫ്രാന്‍സിലെ ബയോണിലാണ് സംഭവം. മസ്തിഷ്‌ക മരണം സംഭവിച്ച 59കാരനായ ഫിലിപ്പ് മോംഗുലോട്ട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഫ്രാന്‍സില്‍ ഫെയ്‌സ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ വന്ന മൂന്ന് യാത്രക്കാരോട് മാസ്‌ക് ധരിക്കാനും മറ്റൊരാളോട് ടിക്കറ്റ് കാണിക്കാനും മോംഗുലോട്ട് ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതരായ സംഘം ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അഞ്ചാം ദിവസമായ വെള്ളിയാഴ്ചയാണ് മരിച്ചത്.

സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറെ സഹായിക്കാത്തതിന് മറ്റ് രണ്ട് പേര്‍ക്കെതിരെയും കുറ്റം മറച്ചുവെക്കാന്‍ ശ്രമിച്ചതിന് മറ്റൊരാള്‍ക്കെതിരെയും കേസെടുത്തു. ബയോണില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍മാര്‍ പണിമുടക്കി പ്രതിഷേധിച്ചു. പൈശാചികമായ കുറ്റകൃത്യം എന്നാണ് ബയേണ്‍ മേയര്‍ സംഭവത്തെ വിശേഷിപ്പിച്ചത്. കൊലക്കുറ്റത്തിന് കേസെടുത്ത രണ്ടുപേരും 22വയസും 23 വയസും ഉള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

രാജ്യത്തിന് മാതൃകയായ ആ പൗരനെ രാജ്യം ഒരിക്കലും മറക്കില്ലെന്നായിരുന്നു ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സിന്റെ പ്രതികരണം. ഇത്രയും നികൃഷ്ടമായ കുറ്റം ചെയ്തവരെ നിയമപരമായി ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ ശനിയാഴ്ച ബയോണിലെ ബസ് ഡ്രൈവര്‍മാരുമായി ചര്‍ച്ച ചെയ്യുകയുണ്ടായി. ഡ്രൈവര്‍മാരുടെ സുരക്ഷയെ കുറിച്ച്‌ സംസാരിക്കുന്നതിനിടെ ഫിലിപ്പ് മോംഗുലോട്ടിന്റെ മരണത്തെ വളരെ ''പൈശാചികമായ പ്രവൃത്തി'' എന്ന് അദ്ദേഹം പറയുകയുണ്ടായി. ഇനിയാരും ഇത്തരത്തില്‍ ശിക്ഷിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K