28 July, 2020 10:43:51 PM


ഏറ്റുമാനൂരിന് അഭിമാനമായി വിവേക് വിക്രം; റഫേൽ വിമാനത്തിലാണ്!!

റഫാലിൽ ഏറ്റുമാനൂർ ടച്ച്
- ബി.എസ്.കുമാർ
ഏറ്റുമാനൂർ: റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഭാരത മണ്ണിൽ പറന്നിറങ്ങിയത് ഒരു മലയാളിടച്ചോടു കൂടി. ഏഴര പൊന്നാനയുടെ നാട്ടിന് വീണ്ടും തിലകം ചാർത്തപ്പെട്ടിരിക്കുകയാണ് ഏറ്റുമാനൂർ ഇരട്ടാനായിൽ വിവേക് വിക്രം എന്ന വിംഗ് കമാൻഡറിലൂടെ.
ഫ്രാൻസിൽ നിന്ന് ഹരിയാന അംബാല എയർഫോഴ്സ് സ്റ്റേഷനിൽ ഇന്ന് പറന്നിറങ്ങിയ അഞ്ച് റഫാൽ വിമാനങ്ങളിൽ ഒന്നിന്റെ നിയന്ത്രണം ഏറ്റെടുത്തത് വിവേക് ആയിരുന്നു. യുദ്ധവിമാനം പറത്തുന്നവരിൽ മികവ് പുലർത്തുന്നവരെയാണ് സേനയിൽ ഇത്തരം ദൗത്യങ്ങൾ ഏൽപ്പിക്കുക.

കോട്ടയത്തെ സീനിയർ  അഭിഭാഷകനും മുൻ ജില്ലാ ഗവ. പ്ലീഡറുമായ അഡ്വ.ആർ.വിക്രമൻ നായരുടെയും റബർ ബോർഡ് റിട്ട ഉദ്യോഗസ്ഥ കുമാരിയുടെയും മകനായ വിവേകിന്റെ നന്നേ ചെറുപ്പത്തിലുള്ള ആഗ്രഹമായിരുന്നു എയർ ഫോഴ്സിൽ ചേരുക എന്നുള്ളത്. സ്കൂളിൽ പഠിക്കുമ്പോൾ കോട്ടയത്ത് പിതാവിന്റെ ഓഫീസിലെ നിത്യസന്ദർശകനായിരുന്നു വിവേക്‌. അന്ന് ഭാവിയിൽ അച്ഛനെ പോലെ നല്ലൊരു വക്കീലാകേണ്ടേ എന്നു ചോദിച്ചപ്പോൾ വിവേക് നൽകിയ മറുപടി 'വേണ്ട, എയർ ഫോഴ്സിൽ  ചേർന്നാൽ മതി എന്നായിരുന്നു'. അതു സാധിക്കുക ചെയ്തുവെന്ന് മാത്രമല്ല രാജ്യസുരക്ഷയുടെ നിർണ്ണായക പങ്ക് വഹിക്കാനും ഈ ചെറുപ്പക്കാരന് കഴിഞ്ഞു.  

ഒന്നര വർഷം മുമ്പ് കത്തിയമർന്ന മിഗ് 21 വിമാനത്തിന്റെ പൈലറ്റ് ആയിരുന്നു വിവേക്. ഒരു ഗ്രാമത്തെയാകെ രക്ഷിച്ച്  മരുഭൂമിയിൽ ഇടിച്ചിറക്കിയ വിമാനത്തിൽ നിന്നും രക്ഷപ്പെട്ട് ഇറങ്ങി വരുന്ന വിവേകിന്റെ ചിത്രം അന്ന് പത്രതാളുകളിൽ ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെ വിവേകിനെ തേടി അംഗീകാരങ്ങളും എത്തി. കോട്ടയം കേന്ദ്രീയ വിദ്യാലയത്തിൽ പഠനത്തിനു ശേഷം എൻ ഡി എയിൽ ചേർന്ന വിവേക് സൈന്യത്തിന്റെ ഭാഗമായ ത് 2002 ൽ. ഡോ. ദിവ്യയാണ് ഭാര്യ. ജോധ്പൂർ സൈനിക സ്കൂൾ വിദ്യാർത്ഥികളായ വിഹാൻ, സൂര്യാംശ് എന്നിവർ മക്കളാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K