20 August, 2020 08:57:57 AM


കാണക്കാരിയിൽ കൃഷിഭവൻ ഓഫീസ് സൗകര്യം മൂന്ന് ദിവസം ലഭ്യമാക്കാൻ തീരുമാനിച്ചു. - മോൻസ് ജോസഫ് എം.എൽ.എ

കുറവിലങ്ങാട്: കാണക്കാരി കൃഷിഭവന്റെ പ്രവർത്തനം കല്ലംമ്പാറയിലെ ഓഫീസിൽ നില നിർത്തിക്കൊണ്ട് തന്നെ ആഴ്ചയിൽ മൂന്ന് ദിവസം റൊട്ടേഷൻ അടിസ്ഥാനത്തിൽ കൃഷി അസിസ്റ്റന്റ്മാരുടെ സേവനം കാണക്കാരി ചിറക്കുളത്തിന് സമീപമുള്ള പഞ്ചായത്ത് കെട്ടിടത്തിൽ കൂടി ലഭ്യമാക്കത്തക്ക വിധത്തിൽ കാണക്കാരി കൃഷിഭവന്റെ പ്രവർത്തനം ക്രമീകരിക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി അഡ്വ: മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.
   കൃഷി വകുപ്പ് സെക്രട്ടറി ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് കാണക്കാരിയിൽ നടപ്പാക്കുന്നതിന് വേണ്ടി കൃഷിവകുപ്പ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്.
   കാണക്കാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനോയി ചെറിയാന്റെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടത് പ്രകാരം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാറുമായി അഡ്വ: മോൻസ് ജോസഫ് എം.എൽ.എ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പൊതുജന ആവശ്യം കണക്കിലെടുത്ത് കാണക്കാരി മെയിൻ ജംഗ്ഷനോട് ചേർന്ന് കൃഷിഭവൻ ഓഫീസ് സൗകര്യം മൂന്ന് ദിവസത്തേക്ക് ലഭ്യമാക്കാൻ നടപടിയുണ്ടായത്.
   കുറുമുള്ളൂർ, കല്ലംമ്പാറ, വേദഗിരി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് നിലവിലുള്ള ഓഫീസ് ഉപകാരപ്രദമായി തുടരുന്നതാണ്. ഇവിടെ എത്തിച്ചേരാൻ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന മറ്റ് പ്രദേശങ്ങളിലെ മുഴുവൻ ജനങ്ങൾക്കും കൃഷിഭവന്റെ പുതിയ ക്രമീകരണം ഏറെ സഹായകരമായി തീരുന്നതാണ്. ദീർഘകാലമായി നിലനിൽക്കുന്ന ജനകീയ ആവശ്യം കണക്കിലെടുത്താണ് സർക്കാർ അനുകൂല തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.                 
   കാണക്കാരിയിൽ ഗ്രാമ പഞ്ചായത്ത് ക്രമീകരിക്കുന്ന കെട്ടിടത്തിൽ മൂന്ന് ദിവസം കൃഷിഭവൻ ഓഫീസ് ഉടനെ പ്രവർത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അഡ്വ: മോൻസ് ജോസഫ് എം.എൽ.എയും, പഞ്ചായത്ത് പ്രസിഡന്റ് ബിനോയി ചെറിയാനും അറിയിച്ചു. കോട്ടയം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറെ ഇക്കാര്യത്തിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K