26 March, 2021 05:54:32 PM


ശോഭാ സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വം ലതികയുടെ മുറിഞ്ഞുവീണ മുടിയുടെ ഫലം - ഡോ.പി.ഗീത

ശോഭാ സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വം ലതികയുടെ മുറിഞ്ഞുവീണ മുടിയുടെ ഫലം - ഡോ.പി.ഗീത

ധര്‍മ്മടത്ത് നടക്കുന്നത് ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള മത്സരം

- സ്വന്തം ലേഖകന്‍

(പടം)

ഏറ്റുമാനൂര്‍: ജനാധിപത്യത്തില്‍ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും അതില്‍ അവസാനകണ്ണിയായാണ് മഹിളാകോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് നിലകൊള്ളുന്നതെന്നും സാഹിത്യകാരിയും സ്ത്രീവിമോചന പ്രവർത്തകയുമായ ഡോ.പി.ഗീത. അഹിംസയുടെയും കറപുരളാത്ത ജനാധിപത്യത്തിന്‍റെയും പശ്ചാത്തലമുള്ള കോണ്‍ഗ്രസിന്‍റെ ഇന്നത്തെ നേതാക്കള്‍ സ്ത്രീകളോട് കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത ലതിക സുഭാഷ് മത്സരിക്കുന്ന ഏറ്റുമാനൂരിലേക്ക് ലോകം ഉറ്റുനോക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഏറ്റുമാനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ലതികാ സുഭാഷിന്‍റെ തിരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗീത. കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും നേതൃത്വത്തിലേക്ക് വരുന്ന സ്ത്രീകളെ തഴയുന്ന അവസ്ഥയാണ് കണ്ടുവരുന്നത്.  ബിജെപിയില്‍ തഴയപ്പെട്ടുനിന്ന ശോഭാ സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വം പോലും ലതികയുടെ മുറിഞ്ഞുവീണ മുടിയുടെ പ്രതിഫലനമാണെന്ന് പി.ഗീത ചൂണ്ടികാട്ടി. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ള ലതികയുള്‍പ്പെടെയുള്ള വനിതകളെ തഴഞ്ഞാണ് ഇന്നലെ വന്ന പയ്യന്‍മാര്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ അന്തര്‍ദേശീയസമരമാണ് ലതികയുടേതെന്നും ഗീത ചൂണ്ടികാട്ടി.

കേരളത്തില്‍ സ്ത്രീകള്‍ അങ്കം കുറിച്ചിരിക്കുന്ന നിയോജകമണ്ഡലങ്ങളില്‍ ഏവരും ഉറ്റുനോക്കുന്ന ഇടങ്ങളാണ് ഏറ്റുമാനൂര്‍, വടകര, ധര്‍മ്മടം എന്നിവ. ധര്‍മ്മടത്ത് ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ഈ മണ്ഡലത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി അല്ലാതെ മറ്റാരും അവിടെ മത്സരിക്കുന്നില്ല എന്ന് തോന്നിപോകും. യുഡിഎഫിന്‍റെയോ എന്‍ഡിഎയുടെയോ പോസ്റ്ററുകള്‍ പോലും കാണ്മാനില്ലാത്ത അവസ്ഥ. ഇത്തരം സാഹചര്യത്തിലാണ് തന്‍റെ പെണ്‍കുട്ടികളുടെ കൊലപാതകത്തില്‍ നീതി നിഷേധിക്കപ്പെട്ട വാളയാറിലെ അമ്മ അവരുടെ തല മുണ്ഡനം ചെയ്ത ശേഷം കുഞ്ഞുടുപ്പ് ചിഹ്നമാക്കി ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ മുഖ്യമന്ത്രിയോട് മത്സരിക്കുന്നത്. നിയമസഭയില്‍ എത്താനായില്ലെങ്കിലും ഈ പ്രതിഷേധം ധര്‍മ്മടത്ത് ധര്‍മ്മം ജയിച്ചതിനു തുല്യമാണെന്ന് പി.ഗീത പറഞ്ഞു.

അതുപോലെ ഒരു സ്ത്രീ പൊതുമണ്ഡലത്തില്‍ സംസാരിച്ചു തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് വടകരയില്‍നിന്ന് മത്സരിക്കുന്ന കെ.കെ.രമയാണ് എന്ന് പറയാനാവും. അത്രയ്ക്കും വൈകാരികമായിട്ടാണ് വടകരയിലെ വോട്ടര്‍മാര്‍ രമയെ സ്വീകരിക്കുന്നത്. ഇവിടെയെല്ലാം നാം ശ്രദ്ധിക്കേണ്ട കാര്യം രാഷ്ട്രീയഎതിരാളികള്‍ അവര്‍ ആരായാലും സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് സംസാരിക്കുന്നതെന്നാണ്. ഗീത ചൂണ്ടികാട്ടി.

ഏറ്റുമാനൂര്‍ കട്ടച്ചിറയില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് മുന്‍ നേതാവ് ജോര്‍ജ് കുര്യന്‍ പുളിക്കപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. കുസുമം ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസാരിച്ചു.

ഏറ്റുമാനൂര്‍ നിയോജകമണ്ഡലം സ്വതന്ത്രസ്ഥാനാര്‍ഥി ലതികാ സുഭാഷിന്‍റെ മണ്ഡലപര്യടനം സാഹിത്യകാരിയും സ്ത്രീവിമോചന പ്രവർത്തകയുമായ ഡോ.പി.ഗീത ഉദ്ഘാടനം ചെയ്യുന്നു




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K