15 April, 2021 01:53:09 PM


1

കൊച്ചി: പ്രവര്‍ത്തനം നിലച്ച ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിലെ 'മീ ടൂ' ആരോപണങ്ങള്‍ നിയമ നടപടികളിലേക്ക് നീങ്ങുന്നു. മുഖ്യ ചുമതലയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനെതിരെയാണ് ആരോപണം ഉയര്‍ന്നത്. പല കാലയളവുകളിലായി എട്ടു വനിതാ മാധ്യമപ്രവര്‍ത്തകരാണ് ഇയാള്‍ക്കെതിരെ പരാതി ഉയര്‍ത്തിയത്. വിവാദ സാഹചര്യത്തില്‍ ചാനലില്‍ നിന്ന് ഒഴിവായ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മുഖ്യപ്രതി ആയ കേസിലാണ് പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നത്.


തെളിവുകളുടെ അഭാവത്തെ തുടര്‍ന്ന് മന്ദഗതിയിലായ കേസിലാണ് ഇപ്പോള്‍ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നത്. ഇയാള്‍ക്ക് വേണ്ടി സാമ്പത്തിക ഇടപാടുകള്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഒത്താശ ചെയ്ത മറ്റ് പലരും കൂടി പ്രതിസ്ഥാനത്ത് വരുമെന്നാണ് സൂചന. പ്രതാപിയായ മാധ്യമപ്രവര്‍ത്തകനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയിടെ ചില ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. വ്യാജരേഖ ചമച്ചുള്ള നിയമന തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ് എന്നിവയില്‍ കൂട്ടുപ്രതികളായി രണ്ട് വനിതാ ജേര്‍ണലിസ്റ്റുകളും ഉള്‍പ്പെടുന്നുവെന്ന് സൂചന. ഇതുസംബന്ധിച്ച തെളിവുകള്‍ പ്രാഥമിക അന്വേഷണ വേളയില്‍ പുറത്ത് വന്നിട്ടുണ്ട്. ഇതിന്‍റെ ഗുണഭോക്താവായ വനിതാ ജേര്‍ണലിസ്റ്റിനെ ഉള്‍പ്പെടുത്തി മറ്റൊരു കേസും ഉണ്ടാകും.


തുടക്കത്തില്‍ മാധ്യമപ്രവര്‍ത്തകനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച്‌ പരാതിയും മൊഴികളും ലഭിച്ചതോടെയാണ് പ്രാഥമിക പരിശോധന ആരംഭിച്ചത്. ഇരയായവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചതോടെ, ഇയാള്‍ക്കെതിരെയുള്ള തെളിവുകള്‍ ലഭിച്ചു. ഇതോടെയാണ് ഇന്ത്യാവിഷനില്‍ ജോലി ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകനെതിരെ പ്രത്യക്ഷ നിയമനടപടികളിലേക്ക് നീങ്ങാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. സ്ഥാപനത്തിനുള്ളില്‍ വെച്ച്‌ പല സമയത്തായി ബോധപൂര്‍വം സൃഷ്ടിച്ച ഭീഷണികളുടെയും പ്രലോഭനങ്ങളുടെയും തുടര്‍ച്ചയായി എട്ട് പേരെ ഇയാള്‍ ലൈംഗികമായി പീഢിപ്പിച്ചിട്ടുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതില്‍ ചിലരാണ് നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ അന്വേഷണ സംഘത്തോട് സഹകരിച്ചത്.


തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡന വകുപ്പുകള്‍ കൂടാതെ ബലാല്‍സംഗ കുറ്റവും ഉള്‍പ്പെടുത്താന്‍ പോന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇയാളുടെ താമസസ്ഥലം കേന്ദ്രീകരിച്ച്‌ നടത്തിയ അനേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായി. ഇയാള്‍ക്കെതിരെയുള്ള മൊഴികള്‍ ശക്തമായതോടെ മുന്നോട്ട് പോകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. രാഷ്ട്രീയ ചായ്‌വുള്ള ഒരു ചാനലില്‍ ആരോപണവിധേയനായ ഇദ്ദേഹം കടന്നു കൂടുകയും വാര്‍ത്താവിഭാഗത്തിന്‍റെ ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. തനിക്കെതിരായ ആരോപണങ്ങളില്‍ നിയമനടപടികള്‍ ഉണ്ടാകും എന്ന ഭയം മൂലമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.


ഇതിന് മുമ്പ് ഇയാള്‍ ആരംഭിച്ചതും ഇപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തിയതുമായ ഓണ്‍ലൈന്‍ മാധ്യമത്തില്‍ പങ്കാളിയായ മുന്‍ ഇന്ത്യാവിഷന്‍ മാധ്യമപ്രവര്‍ത്തകന് കുറ്റ കൃത്യങ്ങള്‍ സംബന്ധിച്ച വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. പ്രമുഖ ചാനലിലെ വനിതാ ജേര്‍ണലിസ്റ്റിന്റെ ഭര്‍ത്താവ് കൂടിയായ ഇയാള്‍ ഈ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലും ഉള്‍പ്പെട്ടിരുന്നു. പ്രവര്‍ത്തനം നിലച്ചെങ്കിലും ഈ സ്ഥാപനത്തിന്റെ അക്കൗണ്ടുകള്‍ വഴി ഇപ്പോഴും ദുരൂഹമായ സാമ്ബത്തിക ഇടപാടുകള്‍ നടക്കുന്നുണ്ട്. സാമ്ബത്തിക തിരിമറികള്‍ നടന്നത് ശ്രദ്ധയില്‍ പെട്ടതോടെ ഇതുസംബന്ധിച്ച്‌ വിശദമായി തന്നെയാണ് അന്വേഷണ സംഘം പരിശോധിച്ചത്.


ജേര്‍ണലിസം പഠിക്കാതെ ഇന്ത്യാവിഷനില്‍ ജോലി സമ്പാദിച്ച വനിതാ ജേര്‍ണലിസ്റ്റും പ്രതിപട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയേറി. ജേര്‍ണലിസം ബിരുദം സംബന്ധിച്ച്‌ വ്യാജ രേഖ ചമച്ചതിന്റെ തെളിവുകളാണ് ലഭിച്ചിട്ടുള്ളത്. ജേര്‍ണലിസം പഠിക്കാത്ത ആരെയും ഈ സ്ഥാപനത്തില്‍ നിയമിച്ചിട്ടില്ലെന്നിരിക്കെ ഇത്തരമൊരു ആരോപണത്തില്‍ കൃത്യത വരുന്നതോടെ കൂടുതല്‍ തിരിമറികള്‍ മറനീക്കി പുറത്തുവരികയാണ്. ഈ സ്ഥാപനത്തിലെ തൊഴില്‍ പരിചയം ചൂണ്ടിക്കാട്ടി ഇവര്‍ പിന്നീട് പ്രമുഖ പത്രത്തിന്റെ ചാനലില്‍ തൊഴില്‍ നേടുകയും ചെയ്തു. ഇപ്പോഴും ഇവര്‍ നിര്‍ണായക ഗൂഢാലോചനകളില്‍ പങ്കെടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങളും തെളിവുകളും ലഭിച്ചിട്ടുണ്ട്. അടുത്തിടെ ഈ വനിതാ ജേര്‍ണലിസ്റ്റ് നേടിയ അവാഡുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും.


വ്യാജ രേഖ നിര്‍മാണം ആരോപിക്കുന്ന മറ്റൊരു കേസില്‍ ഇവര്‍ ഇപ്പോള്‍ തന്നെ പ്രതിയാണ്. സ്ഥാപനത്തിന്റെ സ്വാധീനം ഉപയോഗിച്ച്‌ ഈ കേസ് അട്ടിമറിക്കാനുള്ള ശ്രമം ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നു. നിര്‍ണായക തെളിവുകള്‍ ലഭ്യമായതോടെ പ്രത്യക്ഷ നടപടികളിലേക്ക് കടക്കാനുള്ള സാധ്യത ഏറെയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K