30 April, 2021 07:54:07 PM


1

സര്‍ക്കാര്‍ തലത്തിലും സ്വകാര്യലാബുകളിലും പരിശോധന മുടങ്ങി;

കോവിഡ് വ്യാപനത്തിന് പുതിയ സാഹചര്യം തുറന്നു

ഏറ്റുമാനൂര്‍: ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതിന്  പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ലാബുകൾ പരിശോധനകൾ നിർത്തിവച്ചു. സര്‍ക്കാര്‍ തലത്തില്‍ കിറ്റുകളുടെ ലഭ്യത നേരത്തെ തന്നെ കുറവായിരുന്നു. പരിശോധനാകിറ്റുകള്‍ ലഭ്യമാകാത്തതിനെതുടര്‍ന്ന് അഞ്ച് ദിവസത്തിലേറെയായി പലയിടത്തും പരിശോധനകള്‍ മുടങ്ങിയ സാഹചര്യത്തിലാണ് സ്വകാര്യലാബുകളുടെ നടപടി. ഇതോടെ രോഗലക്ഷണമുള്ളവര്‍ എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടമാരംഭിച്ചു.

ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് 1700ൽ നിന്ന്  500 രൂപയായി കുറച്ച  സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ലാബ് ഉടമകൾ. നിരക്ക് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നിട്ടും സർക്കാർ ഉത്തരവിന്‍റെ പകർപ്പ് കിട്ടിയില്ലെന്ന സാങ്കേതികത്വം ചൂണ്ടികാട്ടി ലാബുകൾ പഴയ നിരക്കില്‍ തന്നെ പരിശോധന തുടരുകയായിരുന്നു, ഇതോടെ സംസ്ഥാനത്തിന്‍റെ പല ഭാഗത്തും പ്രതിഷേധമിരമ്പി. പിന്നീട് ഇന്നലെ ഉച്ചയോടെയാണ് നിരക്ക് 500 രൂപയാക്കികൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. 

ടെസ്റ്റുകള്‍ നിർത്തിവച്ച് ലാബുടമകള്‍ പ്രതിഷേധരംഗത്തിറങ്ങിയെങ്കിലും ഇതിനിടെ പഴയ നിരക്കില്‍ ചില ലാബുകളിൽ പരിശോധന തുടര്‍ന്നു. ക്വാറന്‍റീനില്‍ കഴിയുന്നവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും എവിടെയെത്തിയാല്‍ പരിശോധന നടത്താനാവുമെന്നറിയാതെ ബുദ്ധിമുട്ടിലായി. കോട്ടയം ജില്ലയില്‍ പല പ്രദേശങ്ങളിലും സര്‍ക്കാര്‍ തലത്തിലുള്ള പരിശോധന മുടങ്ങിയിട്ട് അഞ്ച് ദിവസത്തിന് മേലെയായി. സ്വകാര്യ ആശുപത്രികളില്‍ നിന്നും ലാബുകളില്‍ നിന്നും ലഭിക്കുന്ന പരിശോധനാറിപ്പോര്‍ട്ടുകളാണ് ഇന്നലെ വരെ ദിവസേനയുള്ള സര്‍ക്കാര്‍ കണക്കില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്. ലാബുകള്‍ പരിശോധന നിര്‍ത്തിയതോടെ ഈ കണക്കില്‍ വന്‍കുറവ് അനുഭവപ്പെട്ടേക്കാം.

പരിശോധന നിലച്ചാല്‍ രോഗികളുടെ പ്രതിദിനകണക്കില്‍ ഗണ്യമായ കുറവ് കാണിക്കാനാവും. എന്നാല്‍ ഇത് ആര്‍ക്കും നിയന്ത്രിക്കാനാവാത്ത അതിഭീകരമായ വിപത്തിലേക്കാണ് ചെന്നെത്തിക്കുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടികാട്ടുന്നു.  പരിശോധനകള്‍ മുടങ്ങിയതോടെ രോഗമുണ്ടെന്നറിയാതെ വൈറസ് വാഹകര്‍ പുറത്തിറങ്ങിനടക്കുന്നത് രോഗവ്യാപനത്തിന് പ്രധാന കാരണമാകുകയാണ്. ഇതിനിടെ ആന്‍റിജന്‍ പരിശോധനയുടെ കാര്യത്തിലും ലാബുകള്‍ വന്‍കൊള്ള നടത്തുന്നതായി ആരോപണം ഉയര്‍ന്നു. 300 രൂപയാണ് ഒരു ടെസ്റ്റിന് സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചിരിക്കുന്ന തുക. ഇന്നലെ ഏറ്റുമാനൂരിലെ ഒരു വസ്ത്രവ്യാപാരശാലയില്‍നിന്നും പോയി പരിശോധന നടത്തിയ അഞ്ച് പേരോട് 450 രൂപാ പ്രകാരമാണ് സ്വകാര്യലാബ് ഈടാക്കിയത്.

ഇതിനിടെ കോവിഡ് വാക്സിനും കോട്ടയം ജില്ലയില്‍ സ്തംഭിച്ചു. രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ എന്ന വാര്‍ത്ത വന്ന പിന്നാലെ അഭൂതപൂര്‍വ്വമായ തിരക്കാണ് എല്ലാ കേന്ദ്രങ്ങളിലും അനുഭവപ്പെട്ടത്. പലയിടത്തും തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ഇടപെടലുണ്ടായി. ഏറ്റുമാനൂര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വാക്സിന്‍ തീര്‍ന്നതോടെ കുത്തിവെപ്പ് നിര്‍ത്തിവെക്കുകയായിരുന്നു. വാക്സിന്‍ തീര്‍ന്ന സാഹചര്യത്തില്‍ ഇന്ന് കുത്തിവെപ്പ് ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ എം.അഞ്ജന അറിയിച്ചിട്ടുണ്ട്.

-  ബി.സുനില്‍കുമാര്‍





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K