17 May, 2021 03:43:52 PM


1

കോട്ടയം: രണ്ടാം പിണറായി മന്ത്രിസഭയിലേക്ക്  ആറോളം പേരുകളാണ് ഇത്തവണ മധ്യതിരുവിതാംകൂറിൽ നിന്ന് മുഴങ്ങിക്കേൾക്കുന്നത്. ഇതിൽ ചിലർ മന്ത്രി പദം ഉറപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണ മന്ത്രിമാർ ഇല്ലാതിരുന്ന പത്തനംതിട്ട, കോട്ടയം ജില്ലകൾക്ക് ഇത്തവണ മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുമെന്നതും ശ്രദ്ധേയം. മധ്യതിരുവിതാംകൂറിൽ നിന്ന് മന്ത്രിപദവിയിലേക്ക് പരിഗണിക്കപ്പെടുന്നവര്‍ ഇവര്‍.


1. സജി ചെറിയാൻ


പരമ്പരാഗത കോൺഗ്രസ് കോട്ടയായി അറിയപ്പെടുന്ന ചെങ്ങന്നൂരിനെ വീണ്ടും ചുവപ്പിച്ചുകൊണ്ടാണ് സജി ചെറിയാൻ വിജയരഥമേറിയത്. അതും സ്വന്തം റെക്കോഡ്‌ തന്നെ മറികടന്നുകൊണ്ടുള്ള ഗംഭീര ഭൂരിപക്ഷത്തോടെ. 31,984 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ച സജി ചെറിയാന്‍റെ പേരും മന്ത്രിപദത്തിലേക്ക് സിപിഎം സജീവമായി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ സ്വന്തം ഭൂരിപക്ഷമായ 20,956 എന്ന റെക്കോർഡാണ് സജി ചെറിയാൻ തകർത്തത്. ചെങ്ങന്നൂർ എംഎൽഎയായിരുന്ന അഡ്വ. കെ.കെ. രാമചന്ദ്രൻ നായരുടെ മരണത്തെത്തുടർന്ന് 2018ൽ നടത്തിയ നിയമസഭാ ഉപതിരഞ്ഞെടുപ്പിലാണ് സജി ചെറിയാൻ ആദ്യമായി നിയമസഭയിലെത്തുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെയാണ് 2018ൽ പാർട്ടി സജി ചെറിയാനെ ചെങ്ങന്നൂരിൽ ഭരണത്തുടർച്ച നേടാനായി ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. ഈ പ്രവർത്തനമാണ് പിന്നീട് മണ്ഡലം റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കാൻ സജി ചെറിയാനെ സഹായിച്ചത്.


2. വീണ ജോർജ്


ആറന്മുളയിൽ നിന്ന് രണ്ടാമത്തെ തവണയും മത്സരിച്ച് ജയിച്ച് നിയമസഭയിലെത്തിയ വീണ ജോർജിനെ സിപിഎം പരിഗണിക്കുന്നുണ്ട്. മന്ത്രിസ്ഥാനത്തേക്ക് വനിതകളെ കൊണ്ടുവരുമെന്ന സൂചനകൾ സിപിഎം നൽകിയ സാഹചര്യത്തിൽ ഇത്തവണ വീണാ ജോർജ് മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. ‌


3. വി എൻ വാസവൻ


ഏറ്റുമാനൂരിൽ നിന്ന് വിജയിച്ച വി എൻ വാസവനാണ് ഏറെ സാധ്യത കൽപിക്കപ്പെടുന്ന മറ്റൊരാൾ. സിപിഎം മുൻ ജില്ലാ സെക്രട്ടറിയായ വാസവന് അർഹിക്കുന്ന പരിഗണന ലഭിക്കുമെന്നുതന്നെയാണ് കോട്ടയത്തെ പാർട്ടി പ്രവർത്തകർ കരുതുന്നത്. കോട്ടയം ജില്ലയിലെ രാഷ്ട്രീയ നീക്കങ്ങൾക്കും ജോസ് പക്ഷത്തിന്‍റെ മുന്നണി മാറ്റത്തിനും ചുക്കാൻ പിടിച്ചത് വാസവനായിരുന്നു.

4. മാത്യു ടി തോമസ് 


തിരുവല്ലയിൽ നിന്ന് ജയിച്ച ജനതാദള്‍ എസിന്‍റെ മാത്യു ടി തോമസും മന്ത്രിയാകുമെന്നാണ് വിവരം. രണ്ട് ടേം ആയി മന്ത്രി പദവി ജെഡിഎസ് വീതം വെച്ചാലും മാത്യു ടി തോമസിന് അവസരം ലഭിക്കും. കഴിഞ്ഞ മന്ത്രിസഭയിലും ആദ്യപകുതിയിൽ മാത്യു ടി തോമസ് മന്ത്രി പദവി വഹിച്ചിരുന്നു. ജലവിഭവ വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഇത്തവണ ആദ്യ ടേമിലോ രണ്ടാം ടേമിലോ വീണ്ടും മാത്യു ടി തോമസ് മന്ത്രിസഭയിലെത്തിയേക്കും.


5. ചിറ്റയം ഗോപകുമാർ


പത്തനംതിട്ടയിൽ നിന്ന് മന്ത്രിസ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്ന മറ്റൊരു പേര് സിപിഐയിലെ ചിറ്റയം ഗോപകുമാറിന്റേതാണ്. അടൂരിൽ നിന്ന് തുടർച്ചയായ മൂന്നാം തവണയാണ് ചിറ്റയം ഗോപകുമാർ വിജയിക്കുന്നത്. ഇത്തവണ മന്ത്രിസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേരും സിപിഐ പരിഗണിക്കുന്നുണ്ട്. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനമാകും അദ്ദേഹത്തിന് ലഭിക്കുക.


6. തോമസ് കെ തോമസ്


മധ്യതിരുവിതാംകൂറിനോട് ചേർന്നുകിടക്കുന്ന കുട്ടനാട്ടിൽ നിന്ന് ഇത്തവണ ഒരു മന്ത്രിയുണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. എൻസിപി പ്രതിനിധിയായി തോമസ് കെ തോമസ് മന്ത്രിസഭയിലേക്ക് എത്താനാണ് സാധ്യത. എൻസിപി ദേശീയ നേതൃത്വം തോമസ് കെ തോമസിന്റെ പേരിനൊപ്പമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.


7. ഡോ.എൻ. ജയരാജ്


കാഞ്ഞിരപ്പള്ളിയിൽ വമ്പൻ വിജയം നേടിയ കേരള കോൺഗ്രസ് എം നേതാവ് ഡോ.എൻ. ജയരാജിന്റെ പേരും മന്ത്രിസ്ഥാനത്തേക്ക് ഉയർന്നു കേട്ടതാണ്. രണ്ട് മന്ത്രിസ്ഥാനം ജോസ് പക്ഷത്തിന് ലഭിച്ചിരുന്നെങ്കിൽ ജയരാജിന്റെ മന്ത്രിസഭാ പ്രവേശനം ഉറപ്പായിരുന്നു. എന്നാൽ ലഭിച്ചത് ഏക മന്ത്രിസ്ഥാനമാണ്. ഇത് ഇടുക്കിയിൽ നിന്നുള്ള റോഷി അഗസ്റ്റിന് ലഭിക്കും. ഇടതുമുന്നണി കേരള കോൺഗ്രസിന് നൽകിയ  കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് സ്ഥാനം ഡോ.എൻ ജയരാജിന് ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K